ബുഡാപെസ്റ്റ് - ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും യോഗ്യതാ റൗണ്ടില്‍ പുറത്തായി. മത്സരിച്ച 35 പേരില്‍ അബ്ദുല്ല അബൂബക്കര്‍ (16.61 മീ.) പതിനഞ്ചാം സ്ഥാനത്തായിരുന്നു. പ്രവീണ്‍ ചിത്രവേല്‍ (16.38 മീ.) ഇരുപതാം സ്ഥാനത്തും എല്‍ദോസ് പോള്‍ (15.59 മീ.) ഇരുപത്തൊമ്പതാം സ്ഥാനത്തുമായിരുന്നു. 12 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യ നാല് സ്ഥാനക്കാര്‍ 17 മീറ്റര്‍ പിന്നിട്ടു. അബ്ദുല്ല ഭുവനേശ്വറില്‍ കഴിഞ്ഞ വര്‍ഷം 17.19 മീറ്റര്‍ ചാടിയിരുന്നു. 16.99 മീറ്ററാണ് എല്‍ദോസ് പോളിന്റെ പേഴ്സണല്‍ ബെസ്റ്റ്. പ്രവീണ്‍ ചിത്രവേലിന്റെ പേരിലാണ് ദേശീയ റെക്കോര്‍ഡ് (17.37 മീറ്റര്‍).
1500 മീറ്ററില്‍ അജയ്കുമാര്‍ സരോജ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും (3 മിനിറ്റ് 38.24 സെ.) മത്സരിച്ച 58 പേരില്‍ മുപ്പത്തഞ്ചാം സ്ഥാനത്തായിരുന്നു. ലോക റെക്കോര്ഡുകാരന് യാഖുബ് ഇന്ഗെബ്രസ്റ്റനായിരുന്നു ഹീറ്റ്സിലെ ഫാസ്റ്റസ്റ്റ് ((3:33.94).






