ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം നെതര്‍ലാന്റ്‌സ് കൈയില്‍ കിട്ടിയ രണ്ട് സ്വര്‍ണം കളഞ്ഞു കുളിച്ചു. 10,000 മീറ്ററില്‍ ഒന്നാം സ്ഥാനത്തു കുതിക്കവെ ഫിനിഷിംഗ് ലൈനിന് 20 മീറ്റര്‍ മാത്രം മുമ്പ് സിഫാന്‍ ഹസന്‍ വീണു. പിന്നില്‍ വെള്ളി മെഡലിനായി പൊരുതിയ മൂന്ന് എത്യോപ്യക്കാര്‍ മെഡലുകള്‍ പങ്കിട്ടു. ഗുഡാഫ് സെഗായ് സ്വര്‍ണവും ലെറ്റസെന്‍ബെറ്റ് ഗിഡെ വെള്ളിയും എജഗയേഹു ടായെ വെങ്കലവും കരസ്ഥമാക്കി. 10,000 മീ,. 5000 മീ., 1500 മീറ്റര്‍ ഓട്ടങ്ങളില്‍ അപൂര്‍വ ട്രിപ്പിള്‍ നേടാനുള്ള സിഫാന്റെ ശ്രമം ഇതോടെ അവസാനിച്ചു. ഒളിംപിക്‌സില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമായിരുന്നു സിഫാന്‍ നേടിയത്.
തൊട്ടുപിന്നാലെ 4x400 മിക്‌സഡ് റിലേയിലും നെതര്‍ലാന്റ്‌സ് സ്വര്‍ണം കൈവിട്ടു. ഫിനിഷിംഗ് വരക്ക് തൊട്ടടുത്ത് സൂപ്പര്‍ സ്പ്രിന്റര്‍ ഫെംകെ ബോളിന്റെ കൈയില്‍ നിന്ന് ബാറ്റണ്‍ വഴുതി. പിന്നില്‍ പറന്നുവന്ന അലക്‌സിസ് ഹോംസ് ലോക റെക്കോര്‍ഡോടെ അമേരിക്കയെ സ്വര്‍ണമണിയിച്ചു. മൂന്ന് മിനിറ്റ് 8.80 സെക്കന്റിലാണ് അവര്‍ ഫിനിഷ് ചെയ്തത്. ബ്രിട്ടന്‍ വെള്ളിയും ചെക് റിപ്പബ്ലിക് വെങ്കലവും നേടി.
പുരുഷന്മാരുടെ ഷോട്പുട്ടില്‍ അമേരിക്കയുടെ റയാന്‍ ക്രൂസര്‍ സ്വര്‍ണം നിലനിര്‍ത്തി. കാലില്‍ രക്തം കട്ടപിടിക്കുന്ന രോഗവുമായി മത്സരിച്ചാണ് ക്രൂസര്‍ സ്വര്‍ണമണിഞ്ഞത്. ലോക റെക്കോര്‍ഡ് നിലനിര്‍ത്താനായില്ലെങ്കിലും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇതെന്ന് ക്രൂസര്‍ പറഞ്ഞു.






