പാരിസ് - കരാര്‍ തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചതിനെത്തുടര്‍ന്ന് ഫസ്റ്റ് ടീമില്‍ തിരിച്ചെത്തിയ കീലിയന്‍ എംഹബാപ്പെ പെനാല്‍ട്ടി നേടിയെടുക്കുകയും ഗോളാക്കുകയും ചെയ്ത് അത് ആഘോഷിച്ചു. ടുളൂസിനെതിരായ മത്സരത്തില്‍ പി.എസ്.ജി 1-1 സമനില വഴങ്ങി. അമ്പത്തൊന്നാം മിനിറ്റിലാണ് ഫ്രഞ്ച് ക്യാപ്റ്റന്‍ കളത്തിലിറങ്ങിയത്. പത്തു മിനിറ്റിനകം ഗോളടിച്ചു. എന്നാല്‍ അവസാന വേളയില്‍ സഖരിയ അബൂഖലാലിന്റെ ഗോളില്‍ ടുളൂസ് സമനില നേടി. മൊറോക്കോ ടീമിലെ സഹതാരം അശ്‌റഫ് ഹക്കീമി ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ഗോള്‍. പി.എസ്.ജി കോച്ചായി വന്ന ശേഷം ലൂയിസ് എന്റിക്വെക്ക് ഇതുവരെ ജയം നേടാനായിട്ടില്ല. ലോറിയന്റിനെതിരായ ആദ്യ ലീഗ് മത്സരം ഗോള്‍രഹിത സമനിലയായിരുന്നു.
കരാര്‍ തര്‍ക്കത്തെത്തുടര്‍ന്ന് എംബാപ്പെയെ പ്രീ സീസണ്‍ ടറില്‍ മാറ്റിനിര്‍ത്തിയിരുന്നു. അതിനു ശേഷം ഫസ്റ്റ് ടീമിന്റെ പരിശീലനത്തിലും പങ്കെടുപ്പിച്ചിരുന്നില്ല. നെയ്മാറിനെ അല്‍ഹിലാലിന് കൈമാറിയതിനു പിന്നാലെയാണ് അനുരഞ്ജനമുണ്ടായത്.






