ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആരൊക്കെ, 21 ന് അറിയാം

മുംബൈ - ശ്രീലങ്കയും പാക്കിസ്ഥാനിലുമായി ഈ മാസം 31 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പരിക്ക് മാറിയ കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും ജസ്പ്രീത് ബുംറയും ടീമിലുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അജിത് അഗാര്‍ക്കര്‍ ചീഫ് സെലക്ടറായ കമ്മിറ്റിയുടെ യോഗത്തില്‍ ഓണ്‍ലൈനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പങ്കെടുക്കും. ലോകകപ്പിനും ഇതേ ടീമിനെ നിലനിര്‍ത്തണമെന്നാണ് സെലക്ടര്‍മാരുടെ ആഗ്രഹം. സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഏഷ്യാ കപ്പിന് മുമ്പ് ബംഗളൂരുവില്‍ ആറ് ദിവസത്തെ ക്യാമ്പുണ്ട്. 
ശ്രേയസും രാഹുലും ഇപ്പോള്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തീവ്രപരിശീലനത്തിലാണ്. ശ്രേയസ് പൂര്‍ണ ഫിറ്റ്‌നസ് നേടുകയും ഒരു പരിശീലന മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. രാഹുല്‍ ഫിറ്റ്‌നസ് നേടുകയാണെങ്കില്‍ വിക്കറ്റ്കീപ്പറുടെയും അഞ്ചാം നമ്പര്‍ ബാറ്ററുടെയും റോളില്‍ ഉണ്ടാവും. ഇല്ലെങ്കില്‍ ഇശാന്‍ കിഷന് അവസരം ലഭിക്കും. 
ശ്രേയസിന്റെ അഭാവത്തില്‍ നാലാം നമ്പര്‍ ബാറ്റിംഗ് സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെയും സഞ്ജു സാംസണിനെയും അക്ഷര്‍ പട്ടേലിനെയും ഇന്ത്യ പരീക്ഷിച്ചിരുന്നു. ആര്‍ക്കും വിജയിക്കാനായില്ല. 
സെപ്റ്റംബര്‍ രണ്ടിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യ ഏഷ്യാ കപ്പ് തുടങ്ങുക. നാലിന് നേപ്പാളുമായി ഏറ്റുമുട്ടും. ഏഷ്യാ കപ്പിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയുണ്ട്. ലോകകപ്പിലും ആദ്യ മത്സരം ഓസ്‌ട്രേലിയക്കെതിരെയാണ്, ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍. 

Latest News