വനിതാ ലോകകപ്പ് ഫൈനല്‍
ഇംഗ്ലണ്ട് x സ്പെയിന്
ഞായര്‍ ഉച്ച 1.00
സിഡ്നി - ഫുട്ബോള്‍ എന്ന കളി രൂപം കൊണ്ട ഇംഗ്ലണ്ടോ, കൊട്ടാരവിപ്ലവം അതിജീവിച്ച സ്പെയിനോ, വനിതാ ലോകകപ്പ് ഫുട്ബോള്‍ ട്രോഫിയില്‍ ആരായിരിക്കും സ്വന്തം പേരെഴുതുക. സിഡ്നിയില്‍ ഇന്ന് നടക്കുന്ന ഫൈനലില്‍ ആര് ജയിച്ചാലും അത് ചരിത്രമാവും. നിരാശയോടെയാവും ആതിഥേയരായ ഓസ്ട്രേലിയ ഇന്ന് ഫൈനല്‍ വീക്ഷിക്കുക. ലൂസേഴ്സ് ഫൈനലില്‍ ഓസ്ട്രേലിയയുടെ സ്വപ്നം തകര്‍ത്ത് സ്വീഡന് മൂന്നം സ്ഥാനം നേടി (2-0).
ഒരിക്കലേ ഇംഗ്ലണ്ടിന് ലോകകപ്പുയര്ത്താനായിട്ടുള്ളൂ, 1966 ല്‍ അവരുടെ പുരുഷ ടീമിന്. പിന്നീട് കിടയറ്റ ഫുട്ബോളര്‍മാര്‍ ഒരുപാടുണ്ടായിട്ടും ഇംഗ്ലണ്ടിന് കപ്പിന്റെ അടുത്തെങ്ങുമെത്താനായിട്ടില്ല. ആ ചരിത്രം തിരുത്താനുറച്ചാണ് ലയണസ് കളത്തിലിറങ്ങുക. ഇംഗ്ലണ്ട് നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരാണ്. ഇംഗ്ലണ്ടും ജര്‍മനിയും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫൈനല്‍ ഇംഗ്ലണ്ടിലെ 42 ശതമാനം പേരും വീക്ഷിച്ചിരുന്നു.
ബാഴ്സലോണ കളിക്കാരാണ് സ്പെയിനിന്റെ അടിത്തറ. രണ്ടു തവണ ബാലന്‍ഡോര്‍ നേടിയ അലക്സിയ പുടേലാസുള്പ്പെടെ ഒമ്പത് ബാഴ്സലോണ കളിക്കാരുണ്ട് സ്പെയിന് ടീമില്‍. ബാഴ്സലോണയുടെ തന്നെ ലൂസി ബ്രോണ്‍സും കെയ്ര വാല്‍ഷും ഇംഗ്ലണ്ട് നിരയിലുമുണ്ട്. ലോകകപ്പ് ഫൈനല്‍ കാണാന്‍ മുക്കാല്‍ ലക്ഷത്തോളം പേരാണ് സിഡ്നിയിലുണ്ടാവുക. 90,000 പേര്‍ക്കു മുന്നില്‍ കളിച്ച പരിചയമുണ്ട് ബാഴ്സലോണക്ക്. ബാഴ്സലോണ പുരുഷ ടീമിന്റെ സുവര്‍ണകാലത്താണ് 2010 ല്‍ സ്പെയിന് പുരുഷ ലോകകപ്പ് നേടിയത്.
ലൂസേഴ്സ് ഫൈനലില്‍ ഒരിക്കലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡാണ് സ്വീഡന് നിലനിര്‍ത്തിയത്. നാലാം തവണയാണ് അവര്‍ ലൂസേഴ്സ് ഫൈനല്‍ ജയിക്കുന്നത്. ഫ്രിഡോലിന റോള്ഫോയുടെയും കോസോവാര് അസ്ലാനിയുടെയും ഗോളുകളില്‍ അവര്‍ ആതിഥേയരായ ഓസ്ട്രേലിയയെ പിടിച്ചുകെട്ടി.






