ലോക മീറ്റില്‍ ഇന്ത്യക്ക് തുടക്കം പിഴച്ചു

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നിരാശപ്പെടുത്തുന്ന തുടക്കം. അഞ്ജു ബോബി ജോര്‍ജിന്റെ ശിഷ്യ ശൈലി സിംഗ് വനിതാ ലോംഗ്ജമ്പില്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്‌ലെയും ഫൈനലിലേക്ക് മുന്നേറിയില്ല. 
വനിതാ ലോംഗ്ജമ്പില്‍ പങ്കെടുത്ത 36 പേരില്‍ ഇരുപത്തിനാലാം സ്ഥാനത്തായിരുന്നു ശൈലി. രണ്ടാം ശ്രമത്തില്‍ ചാടിയ 6.40 മീറ്ററാണ് മികച്ച ദൂരം. ആദ്യ 12 പേരേ ഫൈനലിലേക്ക് മുന്നേറൂ. ശൈലി ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ്പ്രിയില്‍ 6.76 മീറ്റര്‍ ചാടിയിരുന്നു. 
2019 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി കരസ്ഥമാക്കിയ അവിനാഷിന് സ്റ്റീപ്പിള്‍ചെയ്‌സിന്റെ ഹീറ്റ് ഒന്നില്‍ മത്സരിച്ച 12 പേരില്‍ ഏഴാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. എട്ട് മിനിറ്റ് 22.24 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. മാസങ്ങളായി വിദേശത്ത് പരിശീലനത്തിലായിരുന്ന ഇരുപത്തെട്ടുകാരന്‍ ഫൈനലിലെത്തുമെന്നെങ്കിലും പ്രതീക്ഷിച്ചിരുന്നു. 
പുരുഷന്മാരുടെ 20 കി.മീ നടത്തത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചിരുന്നു. വികാസ് സിംഗ് ഇരുപത്തെട്ടാമതും (ഒരു മണിക്കൂര്‍ 21.58 മിനിറ്റ്) പരംജീത് സിം ബിഷ്ത് മുപ്പത്തഞ്ചാമതും (1:24.02) ആകാശ്ദീപ് സിംഗ് നാല്‍പത്തേഴാമതുമാണ് (1:31.12) വര കടന്നത്. സ്‌പെയിനിന്റെ ആല്‍വരൊ മാര്‍ടിനാണ് സ്വര്‍ണം നേടിയത് (1:17.32). സ്വീഡന്റെ പെര്‍സിയൂസ് കാള്‍സ്‌ട്രോമും (1:17.39) ബ്രസീലിന്റെ സായിയൊ ബോണ്‍ഫിമും (1:17.47) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
 

Latest News