Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഹമ്മദ് ഹബീബ്: ആഞ്ഞുവീശിയ നനുത്ത കാറ്റ്

കൊൽക്കത്ത ഡാർബിയിൽ മോഹൻ ബഗാനു വേണ്ടി കളിക്കുന്ന മുഹമ്മദ് ഹബീബ് (നിലത്ത്)
വിക്ടർ മഞ്ഞിലയോടൊപ്പം ജിദ്ദയിലെ വീട്ടിൽ 
ഹബീബിനെ (മധ്യത്തിൽ) 2021 ൽ മോഹൻ ബഗാൻ ക്ലബ്ബ് ആദരിച്ചപ്പോൾ 
മുഹമ്മദ് ഹബീബ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിലൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുഹമ്മദ് ഹബീബ്. ഒന്നരപ്പതിറ്റാണ്ടോളം കൊൽക്കത്ത മൈതാനങ്ങളിൽ ആവേശം വിതച്ച ഹബീബ് ജിദ്ദയിൽ വിശ്രമകാലം ചെലവിട്ടിരുന്നു. പ്രതിരോധ നിരയുടെ പേടിസ്വപ്‌നമായിരുന്ന ഈ കളിക്കാരൻ ജീവിതത്തിൽ സൗമ്യതയുടെ ആൾരൂപമായിരുന്നു... 

 

കാലിൽ പന്ത് കിട്ടിയപ്പോഴൊക്കെ അപകടം വിതച്ച ഒരാൾക്ക് പന്തില്ലാത്ത ഘട്ടത്തിൽ ഇത്ര സൗമ്യനാവാൻ കഴിയുമോ? മുഹമ്മദ് ഹബീബ് എന്ന കിടയറ്റ ഫുട്‌ബോളറുമായി സംസാരിക്കാൻ കിട്ടിയ അവസരങ്ങളിലെല്ലാം അങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട്. 2008 ലാണ് മുഹമ്മദ് ഹബീബിനെ ആദ്യം കാണുന്നത്. അന്ന് അദ്ദേഹം അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ നിരീക്ഷകനായിരുന്നു. അഞ്ചെട്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ജിദ്ദയിലെ മകന്റെ വീട്ടിൽ വിശ്രമകാലം ചെലവിടാൻ എത്തി. അക്കാലത്ത് പലതവണ അസീസിയയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോവുകയും ദീർഘനേരം ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ച് പൊതുവായും തന്റെ കളിക്കാലത്തെക്കുറിച്ച് വിശദമായും അദ്ദേഹവുമായി സംസാരിച്ചിട്ടുമുണ്ട്. ഒരു തവണ മുൻ ഇന്ത്യൻ ഗോൾകീപ്പർ വിക്ടർ മഞ്ഞില കൂടെയുണ്ടായിരുന്നു. കേരളാ ഫുട്‌ബോളിനെക്കുറിച്ചും മലയാളി ആരാധകരെക്കുറിച്ചും അദ്ദേഹം വാചാലനായി. മലയാളികൾ ജിദ്ദയിൽ നടത്തുന്ന അക്കാദമികളെക്കുറിച്ച് ഹൈദരാബാദുകാരുടെ അസോസിയേഷനുകളിൽ ചെന്ന് സംസാരിച്ചു. ഇന്ത്യൻ ഫുട്‌ബോൾ ഏഷ്യ വാണ കാലത്താണ് ഹബീബ് കളിച്ചത്. കൊൽക്കത്ത അക്കാലത്ത് ലോക ഫുട്‌ബോളിലെ വാശിയേറിയ മത്സരങ്ങൾ നടക്കുന്ന നഗരങ്ങളിലൊന്നായിരുന്നു. ആ പ്രതാപവും അഭിമാനവും അദ്ദേഹത്തിന്റെ നടപ്പിലും ഇരിപ്പിലും സംസാരത്തിലുമുണ്ടായിരുന്നു.

**    **    **    **
1977 സെപ്റ്റംബർ 24. മുഹമ്മദ് ഹബീബിന്റെ ജീവിതത്തിലെ മാത്രമല്ല, ഇന്ത്യൻ ഫുട്‌ബോളിൽ തന്നെ ചരിത്ര ലിപികളിൽ എഴുതിവെക്കേണ്ട ദിനമായിരുന്നു അത്. പെലെയും പെലെയുൾപ്പെട്ട 1970 ലെ എക്കാലത്തെയും മികച്ച ബ്രസീൽ ടീമിനെ നയിച്ച കാർലോസ് ആൽബർടോയും ഇറ്റാലിയൻ കളിക്കാരനായ ജോർജിയൊ ചിനാഗ്ലിയയുമടങ്ങിയ ന്യൂയോർക്ക് കോസ്‌മോസ് കൊൽക്കത്തയിൽ മോഹൻ ബഗാനെ നേരിട്ടത് അന്നാണ്. രാത്രി പതിനൊന്നരയായിട്ടും ഡംഡം വിമാനത്താവളത്തിന് പുറത്ത് പെലെയെ കാണാൻ ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. അദ്ദേഹം താമസിക്കുന്ന ഹോട്ടലിനു പുറത്തും ആരാധകർ മലവെള്ളം പോലെയെത്തി. 
നനഞ്ഞ ഗ്രൗണ്ടിലിറങ്ങാൻ പെലെ വിസമ്മതിച്ചു. ബഗാൻ ഒഫീഷ്യലുകൾ അനുനയിപ്പിക്കാൻ സർവ ശ്രമവും നടത്തി. പെലെ കളിച്ചില്ലെങ്കിൽ നഗരം കത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പെലെയെ കണ്ട് അറിയിച്ചു. ഒടുവിൽ പെലെ സമ്മതിച്ചു. പക്ഷേ പരിക്കു പറ്റാതിരിക്കാൻ സൂക്ഷിച്ചാണ് കളിച്ചത്. ഈഡൻ ഗാർഡൻസിലെ എൺപതിനായിരത്തോളം കാണികൾക്കു മുന്നിൽ മുഹമ്മദ് ഹബീബ് എന്ന മറ്റൊരു കുറിയ മനുഷ്യന്റെ ദിനമായിരുന്നു അത്. പതിനേഴാം മിനിറ്റിൽ കാർലോസ് ആൽബർടോയിലൂടെ കോസ്‌മോസ് ലീഡ് നേടി. ഒരു മിനിറ്റേ ലീഡിന് ആയുസ്സുണ്ടായുള്ളൂ. പതിനെട്ടാം മിനിറ്റിൽ പ്രതിരോധം കീറിമുറിച്ച ഹബീബിന്റെ പാസിൽ നിന്ന് ശ്യാം ഥാപ്പ ഗോൾ മടക്കി. മുപ്പത്തിമൂന്നാം മിനിറ്റിൽ സഹോദരൻ അക്ബറിന്റെ പാസിൽ നിന്ന് ഹബീബ് സ്‌കോർ ചെയ്തതോടെ ബഗാൻ ലീഡ് നേടി. എഴുപത്തഞ്ചാം മിനിറ്റിലെ വിവാദ പെനാൽട്ടി വേണ്ടിവന്നു കോസ്‌മോസിന് സമനില നേടാൻ. ചിനാഗ്ലിയയാണ് പെനാൽട്ടി എടുത്തത്. ഒന്നാന്തരം പ്രകടനത്തിന് മത്സര ശേഷം ഹബീബിനെ പെലെ നേരിട്ട് അഭിനന്ദിച്ചു. ഇന്ത്യൻ പെലെ എന്ന് അതിനു ശേഷം ഹബീബിന് പേര് വീണു.
**    **    **    **
ജ്യോതിഷ് ചന്ദ്ര ഗുഹ എന്ന ഈസ്റ്റ് ബംഗാളിന്റെ അതികായനായ സെക്രട്ടറി ഇല്ലായിരുന്നുവെങ്കിൽ മുഹമ്മദ് ഹബീബ് എന്ന ഇന്ത്യൻ നായകൻ ഉണ്ടാവുമായിരുന്നില്ല. 1930 ൽ ഇംഗ്ലണ്ട് പര്യടനം നടത്തിയ സ്വതന്ത്രപൂർവ ഇന്ത്യൻ ടീമിന്റെ ഗോളിയായിരുന്നു അദ്ദേഹം. ആഴ്‌സനൽ അന്ന് ഗുഹയെ ട്രയൽസിന് ക്ഷണിച്ചിരുന്നു. തേച്ചുമിനുക്കേണ്ട പ്രതിഭകളെക്കുറിച്ച് ഗുഹക്ക് നന്നായി അറിയാം. ഈസ്റ്റ് ബംഗാൾ ക്ലബ്ബിനോുള്ള അദ്ദേഹത്തിന്റെ ആത്മസമർപ്പണം സമാനകളില്ലാത്തതായിരുന്നു. 
അറുപതുകളിലും എഴുപതുകളിലും ഇന്നത്തെ പോലെ പ്രതിഭകളെ കണ്ടെത്തുന്ന സ്‌കൗടുമാരുണ്ടായിരുന്നില്ല ഇന്ത്യൻ ഫുട്‌ബോളിൽ. ഗുഹ ടൂർണമെന്റുകളായ ടൂർണമെന്റുകളൊക്കെ സന്ദർശിച്ച് ഈസ്റ്റ് ബംഗാളിന് കളിക്കാരെ കണ്ടെത്തും. 
1965 ലെ കൊല്ലം സന്തോഷ് ട്രോഫിയിലാണ് ഗുഹയും പതിനാറുകാരനായ മുഹമ്മദ് ഹബീബും സന്ധിക്കുന്നത്. ആന്ധ്രാപ്രദേശ് ചാമ്പ്യന്മാരായ ആ സന്തോഷ് ട്രോഫിയിൽ അവരുടെ ഇൻസൈഡ് ഫോർവേഡ് മുഹമ്മദ് ഹബീബിന്റെ കിടയറ്റ പ്രകടനം ഗുഹയുടെ ശ്രദ്ധയിൽ പെട്ടു. 1966 സീസണിന് മുമ്പ് ആ ടീമിലെ ഹബീബിനെയും സെയ്ദ് നഈമുദ്ദീനെയും മുഹമ്മദ് അഫ്‌സലിനെയും ഗുഹ കൊൽക്കത്തയിലേക്ക് വലിച്ചു. പിന്നീടെല്ലാം ചരിത്രം.
**    **    **    **
ബംഗാളിനെ തോൽപിച്ച് സന്തോഷ് ട്രോഫി നേടുകയെന്നത് ഹൈദരാബാദിന്റെ വിഖ്യാത കോച്ച് എസ്.എ. റഹീമിന്റെ സ്വപ്‌നമായിരുന്നു. 1950 ലും 1951 ലും ബംഗാളിനോട് ഹൈദരാബാദ് ഫൈനലിൽ തോറ്റിരുന്നു. 1956-57 ലും 1957-58 ലും ഡിഫന്റർ അസീസിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് ചാമ്പ്യന്മാരായി. രണ്ടു തവണയും തോൽപിച്ചത് ബോംബെയെ ആയിരുന്നു. 1965 ൽ കൊല്ലത്ത് ആന്ധ്രാപ്രദേശ് എന്ന നിലയിൽ മത്സരിച്ചപ്പോഴാണ് ബംഗാളിനെ തോൽപിച്ച് കിരീടം നേടിയത്. ആദ്യ മത്സരം 1-1 ആയി. ക്യാപ്റ്റൻ സുൽഫിഖറിന്റെ അവിസ്മരണീയ ഗോളാണ് ഹൈദരാബാദിനെ രക്ഷിച്ചത്. റീപ്ലേയിൽ പതിനാറുകാരൻ ഹബീബ് വിജയ ഗോളോടെ ആന്ധ്രാപ്രദേശിന് കിരീടം നേടിക്കൊടുത്തു. പക്ഷേ അപ്പോഴേക്കും റഹീം മരണപ്പെട്ടിരുന്നു. 
**    **    **    **
1965 ൽ ഹൈദരാബാദ് ടെലിഫോൺസിന് കളിച്ചാണ് ഹബീബ് ശ്രദ്ധയാകർഷിച്ചത്. 1965 ലെ സന്തോഷ് ട്രോഫി ഫൈനലിൽ ഹബീബിന്റെ പ്രകടനം എടുത്തു പറയേണ്ടതുണ്ട്. അന്ന് പശ്ചിമ ബംഗാളിന്റെ വിഖ്യാത ഇന്ത്യൻ ഡിഫന്റർ ജർണയ്ൽ സിംഗിനായിരുന്നു ഹബീബിനെ മാർക്ക് ചെയ്യാനുള്ള ചുമതല. ഫോർവേഡുകൾ പൊതുവെ ജർണയ്ൽ സിംഗിനോട് ഏറ്റുമുട്ടാൻ ധൈര്യം കാണിച്ചിരുന്നില്ല. കുറിയ മനുഷ്യനായ ഹബീബ് അതിയാകനായ ജർണയ്‌ലിനു മുന്നിൽ ശിശുവിനെ പോലെ തോന്നിച്ചു. പക്ഷേ ഓരോ പന്തിനും പോരാടുകയും ഒടുവിൽ വിജയിക്കുകയും ചെയ്തു.
**    **    **    ** 
1970 ലെ ഈസ്റ്റ് ബംഗാൾ ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച നിരയായിരുന്നു. സ്വപൻ സെൻഗുപ്തയും മുഹമ്മദ് ഹബീബും ശ്യാം ഥാപ്പയും അശോക് ചാറ്റർജിയുമടങ്ങുന്ന അവരുടെ മുൻനിര ആക്രമണ ഫുട്‌ബോളിലൂടെ പ്രതിരോധ നിരയുടെ പേടിസ്വപ്‌നമായി. ഡ്യൂറന്റ് കപ്പ് ഫൈനലിൽ മോഹൻ ബഗാനെ അവർ ഇരട്ട ഗോളിന് കെട്ടുകെട്ടിച്ചു. രണ്ടു ഗോളും ഹബീബിന്റെ ബൂട്ടിൽ നിന്നായിരുന്നു. 
നിരവധി വിദേശ ക്ലബ്ബുകളെ ആ കാലഘട്ടത്തിൽ ഈസ്റ്റ് ബംഗാൾ തോൽപിച്ചു. 1970 ലെ ഐ.എഫ്.എ ഷീൽഡ് ഫൈനലിൽ ഇറാനിലെ പാസ് തെഹ്‌റാനെയാണ് കീഴടക്കിയത്. 1973 ലെ ഐ.എഫ്.എ ഷീൽഡ്, ഡി.സി.എം ട്രോഫി ഫൈനലുകളിൽ വടക്കൻ കൊറിയയിലെ ക്ലബ്ബുകളെ തോൽപിച്ചു. 1972 ലെ പ്രി ഒളിംപിക്‌സ് ടൂർണമെന്റിൽ ഹബീബ് ഇന്ത്യൻ ക്യാപ്റ്റനായി നിയമിതനായി.
**    **    **    **
1979 ലെ നോർത്ത് സോൺ ഇന്റർ യൂനിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ അലീഗഢ് യൂനിവേഴ്‌സിറ്റി അപ്രതീക്ഷിതമായി ഒന്നിനു പിറകെ ഒന്നായി വിജയങ്ങൾ കൊയ്തു. മൂന്ന് ഇറാൻ കളിക്കാരായിരുന്നു അതിന് കാരണം. മജീദ് ബിഷ്‌കർ, ജാംഷിദ് നസീരി, മുഹമ്മദ് ഖബാസി എന്നിവർ. ദൽഹി യൂനിവേഴ്‌സിറ്റിയുടെ കോച്ചിംഗ് സംഘത്തിലുണ്ടായിരുന്ന നോവി കപാഡിയ ഒരന്വേഷണം നടത്തി നോക്കി. 1978 ലെ ലോകകപ്പിൽ ഇറാൻ ടീമിൽ മജീദ് ബിഷ്‌കർ കളിച്ചിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. ഇക്കാര്യം അദ്ദേഹം ഈസ്റ്റ് ബംഗാൾ ക്ലബ്ബിനെ അറിയിച്ചു. ഈസ്റ്റ് ബംഗാൾ മൂവരെയും എത്രയും പെട്ടെന്ന് ടീമിലുൾപ്പെടുത്തി. മൂന്ന് ഇറാൻ കളിക്കാരെ ഉൾപ്പെടുത്തിയ ആ ടീം ഈസ്റ്റ് ബംഗാളിന്റെ ദുർബലമായ ടീമുകളിലൊന്നായിരുന്നു. പരിചയസമ്പന്നരായി ഹബീബും മനോരഞ്ജൻ ഭട്ടാചാര്യയും മാത്രം. 1980 ലെ ഫെഡറേഷൻ കപ്പിൽ ആ ടീം മോഹൻ ബഗാനുമായി ട്രോഫി പങ്കിട്ടു. 
**    **    **    **
1968-1975 കാലഘട്ടത്തിൽ ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഹബീബ്. 1970 ലെ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു ഹബീബ്. എത്ര അതികായന്മാരായ ഡിഫന്റർമാരെയും അദ്ദേഹം ഭയപ്പെട്ടില്ല. 1971 ലെ സോവിയറ്റ് പര്യടനം അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. 1977 ലെ ന്യൂയോർക്ക് കോസ്‌മോസിനെതിരായ കളിയിൽ തന്നെ പെലെയുടെ സാന്നിധ്യം ബഗാൻ കളിക്കാരിൽ പലരെയും ഭയപ്പെടുത്തി. പക്ഷേ അത് അവസരമാക്കുകയാണ് ഹബീബ് ചെയ്തത്. എതിർ ഡിഫന്റർമാരുടെ ഉയരമോ മാർക്കിംഗോ തന്നെ ഭയപ്പെടുത്താറില്ലെന്ന് പലതവണ ഹബീബ് തന്നെ പറഞ്ഞിട്ടുണ്ട്. 
**    **    **    **
ഈസ്റ്റ് ബംഗാളിലായിരുന്നു ഹബീബിന്റെ സുവർണ കാലം. ഈസ്റ്റ് ബംഗാൾ ജഴ്‌സിയിൽ നിരവധി അവിസ്മരണീയ ഗോളുകൾ ഹബീബ് നേടിയിട്ടുണ്ട്. സഹോദരൻ അക്ബറുമായുള്ള ധാരണ അപാരമായിരുന്നു. 1976-78 ലായിരുന്നു മോഹൻ ബഗാനിൽ ഹബീബ് നിറഞ്ഞുനിന്നത്. 1977 ൽ ഹബീബ് ഉൾപ്പെട്ട ആക്രമണ നിര ബഗാന് മൂന്ന് കിരീടങ്ങൾ നേടിക്കൊടുത്തു. 1978 ലെ ഐ.എഫ്.എ ഷീൽഡ് ഫൈനലിൽ സോവിയറ്റ് ക്ലബ്ബ് അരാരത് യേരവാനെതിരെ ഹബീബ് സ്‌കോർ ചെയ്തു. 1975 ലും പിന്നീട് 1979 ലും മുഹമ്മദൻസിന് കളിച്ചു. 1969 ൽ സന്തോഷ് ട്രോഫിയിൽ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. 35 തവണ ഇന്ത്യക്കു കളിച്ചിട്ടുണ്ട്.  
**    **    **    **
വിരമിച്ച ശേഷം പഴയ പ്രതാപത്തിൽ ഒതുങ്ങിനിന്നില്ല മുഹമ്മദ് ഹബീബ്. ടാറ്റാ ഫുട്‌ബോൾ അക്കാദമിയെ ഇന്ത്യൻ ഫുട്‌ബോളിന്റെ കളിത്തൊട്ടിലാക്കി വളർത്തിയെടുത്തു. ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിലെ 18 കളിക്കാർ വരെ ടി.എഫ്.എയിലൂടെ വളർന്നുവന്നവരാണെന്ന് ഹബീബ് തന്നെ പറഞ്ഞിട്ടുണ്ട്. മഹേഷ് ഗാവ്‌ലി, റെനഡി സിംഗ്, കാൾടൺ ചാപ്മാൻ, ദീപക് മണ്ഡൽ തുടങ്ങിയ ഇന്ത്യൻ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ ഹബീബിന്റെ പങ്ക് വലുതായിരുന്നു. 

Latest News