ലോകകപ്പ് യോഗ്യതാ റൗണ്ട്: രണ്ട് സൗദി ക്ലബ്ബ് താരങ്ങള്‍ ബ്രസീല്‍ ടീമില്‍

റിയോഡിജനീറോ - വന്‍പ്രതീക്ഷയോടെ എത്തി ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ബ്രസീല്‍ അടുത്ത ലോകകപ്പിനായി ഒരുക്കം തുടങ്ങി. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ കോച്ച് ഫെര്‍ണാണ്ടൊ ഡിനിസ് പ്രഖ്യാപിച്ചു. നെയ്മാറിനെയും വിനിസിയൂസ് ജൂനിയറിനെയും ഉള്‍പെടുത്തിയ കോച്ച് ബ്രിട്ടനില്‍ സ്‌പോര്‍ട്‌സ് ബെറ്റിംഗ് അന്വേഷണം നേരിടുന്ന ലുക്കാസ് പക്വീറ്റയെ ഒഴിവാക്കി. രണ്ട് സൗദി ക്ലബ്ബ് താരങ്ങള്‍ ഉള്‍പെടുന്നതാണ് ടീം. അല്‍ഹിലാല്‍ താരമായ നെയ്മാറിന് പുറമെ അല്‍അഹ്‌ലിയുടെ ഡിഫന്റര്‍ ഇബനെസും ടീമിലുണ്ട്. 
വടക്കന്‍ ബ്രസീലിലെ ബെലേമില്‍ സെപ്റ്റംബര്‍ എട്ടിന് ബൊളീവിയയെയും ലിമയില്‍ നാലു ദിവസത്തിനു ശേഷം പെറുവിനെയുമാണ് ബ്രസീല്‍ നേരിടുക. ലോകകപ്പിന് ശേഷം ടിറ്റെ ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഡിനിസിനെ താല്‍ക്കാലിക കോച്ചായി നിയമിച്ചത്. കാര്‍ലൊ ആഞ്ചലോട്ടി അടുത്ത വര്‍ഷം ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്. ഡിനിസ് ബ്രസീല്‍ ക്ലബ്ബ് ഫഌമിനന്‍സിനെയും ഒരേസമയം പരിശീലിപ്പിക്കുന്നുണ്ട്. 
യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്ന് പിന്‍വാങ്ങിയ സാഹചര്യത്തില്‍ നെയ്മാര്‍ ലോകകപ്പ് പദ്ധതികളിലുണ്ടാവുമോയെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ നെയ്മാറുമായി സംസാരിച്ചുവെന്നും തുടര്‍ന്ന് കളിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും ഡിനിസ് പറഞ്ഞു. 
മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനിരിക്കെയാണ് വെസ്റ്റ്ഹാം ഡിഫന്റര്‍ പക്വീറ്റക്കെതിരെ ബ്രിട്ടനില്‍ അന്വേഷണം നടക്കുന്നത്. ബ്രസീല്‍ ടീമിന്റെ വാതില്‍ പക്വീറ്റക്ക് മുന്നില്‍ തുറന്നിട്ടിരിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരാമെന്നും കോച്ച് പറഞ്ഞു.  
ആലിസണ്‍, മാര്‍ക്വിഞ്ഞോസ്, കസിമീരൊ, ഗബ്രിയേല്‍ മാര്‍ടിനെല്ലി, മാത്യൂസ് കുഞ്ഞ, റോഡ്രിഗൊ, വിനിസിയൂസ് ജൂനിയര്‍ തുടങ്ങിയ പ്രമുഖ കളിക്കാരെല്ലാം ടീമിലുണ്ട്. 
 

Latest News