ഡബ്ലിന്‍ - ദീര്‍ഘ നാളത്തെ പരിക്കിനു ശേഷം ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുംറക്ക് ബൗളിംഗിലും ക്യാപ്റ്റന്‍സിയിലും വിജയത്തുടക്കം. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റെടുത്തതോടെ പ്രഥമ ട്വന്റി20യില്‍ അയര്‍ലന്റ് ഏഴിന് 139 റണ്‍സെടുത്തു. 10.3 ഓവറില്‍ ആറിന് 59 ലേക്ക് തകര്‍ന്ന ശേഷമാണ് അയര്‍ലന്റ് തിരിച്ചടിച്ചത്. ഇന്ത്യന്‍ മറുപടി 6.5 ഓവറില്‍ രണ്ടിന് 47 ലെത്തി നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തി. മഴ ശക്തമാകുന്നതിന് തൊട്ടുമുമ്പ് യശസ്വി ജയ്സ്വാളും (24) തിലക് വര്‍മയും (0) തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായെങ്കിലും ഇന്ത്യ മഴനിയമപ്രകാരം രണ്ട് റണ്‍സിന് മുന്നിലായിരുന്നു. തുടക്കത്തില്‍തന്നെ ഓപണര്‍മാര്‍ ഒരേ എന്‍ഡില്‍ കുടുങ്ങിയെങ്കിലും റണ്ണൗട്ട് അവസരം അയര്‍ലന്റ് തുലച്ചു. ഋതുരാജ് ഗെയ്കവാദ് 19 റണ്‍സുമായി പുറത്താവാതെ നിന്നു.
കേടിസ് കാംഫറും (33 പന്തില്‍ 39) ബാരി മക്കാര്‍ത്തിയുമാണ്(33 പന്തില്‍ 51 നോട്ടൗട്ട്) അയര്‍ലന്റ് നിരയില്‍ തലയുയര്‍ത്തി നിന്നത്. അവസാന ഓവറില്‍ അര്‍ഷദീപ് സിംഗിനെ അയര്‍ലന്റ് 20 റണ്‍സിന് ശിക്ഷിച്ചു. ട്വന്റി20 അരങ്ങേറ്റത്തില്‍ പെയ്സ്ബൗളര്‍ പ്രസിദ്ധ് കൃഷ്ണക്കും രണ്ട് വിക്കറ്റ് കിട്ടി. ലെഗ്സ്പിന്നര്‍ രവി ബിഷ്ണോയിയും രണ്ടു വിക്കറ്റെടുത്തു.
ടോസ് നേടിയ ബുംറ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു (4-0-24-2). ബുംറയുടെ ആദ്യ പന്ത് ആന്‍ഡി ബാല്‍ബിര്‍നി സ്ക്വയര്‍ ബൗണ്ടറി കടത്തി. എന്നാല്‍ രണ്ടാമത്തെ പന്തില്‍ സ്റ്റമ്പ് തെറിപ്പിച്ച് ബുംറ പകരം വീട്ടി. അഞ്ചാമത്തെ പന്ത് ബൗണ്ടറിയിലേക്ക് സ്കൂപ് ചെയ്യാന്‍ ശ്രമിച്ച ലോര്‍കാന്‍ ടക്കര്‍ (0) വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസണിന് ക്യാച്ച് സമ്മാനിച്ചു മടങ്ങി. ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗ് (11), ഹാരി ടെക്റ്റര്‍ (9), ജോര്‍ജ് ഡോക്കറല്‍ (1) എന്നിവരും വന്ന വഴി മടങ്ങി. 32 റണ്‍സ് വഴങ്ങി പ്രസിദ്ധും 23 റണ്‍സ് വഴങ്ങി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
പ്രതീക്ഷിച്ചതില്‍ നിന്ന് വിരുദ്ധമായി മഴ മാറി നിന്നതോടെ മത്സരം സമയത്ത് തുടങ്ങി. വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിംഗിനും പെയ്സ്ബൗളര്‍ പ്രസിദ്ധ് കൃഷ്ണക്കും ഇന്ത്യ ട്വന്റി20 അരങ്ങേറ്റത്തിന് അവസരമൊരുക്കി. ആറ് ഇടങ്കൈയന്മാരുണ്ടായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍. റിങ്കു ആദ്യമായാണ് ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചത്. പ്രസിദ്ധ് ഏകദിനത്തില്‍ 14 തവണ ഇന്ത്യന്‍ കുപ്പായമിട്ടിട്ടുണ്ട്.






