കൊല്‍ക്കത്ത - കേരളാ ബ്ലാസ്‌റ്റേഴ്‌സും നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയും 2-2 സമനില പാലിച്ചതോടെ മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ആദ്യ രണ്ടു കളികളും ജയിച്ച ഗോകുലത്തിന് ആറ് പോയന്റുണ്ട്. ബംഗളൂരു എഫ്.സിക്കും ഗോകുലത്തോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സിനും രണ്ട് പോയന്റ് വീതമേയുള്ളൂ. രണ്ട് ടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു.
അവസാന മിനിറ്റുകളില്‍ ഹോര്‍മിപാം ഹാവോകിപ് ചുവപ്പ് കാര്‍ഡ് കണ്ട ശേഷവും ബ്ലാസ്റ്റേഴ്‌സ് പിടിച്ചുനില്‍ക്കുകയായിരുന്നു. പതിനാലാം മിനിറ്റില്‍ നൈജീരിയന്‍ താരം സ്റ്റീഫനിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയെങ്കിലും ഇടവേളക്ക് ഇരുവശവുമായി ബംഗളൂരു തിരിച്ചടിച്ചു. മുപ്പത്തെട്ടാം മിനിറ്റില്‍ എഡ്മണ്ടും അമ്പത്തിരണ്ടാം മിനിറ്റില്‍ ആശിഷും സ്‌കോര്‍ ചെയ്തു. എണ്‍പത്തിനാലാം മിനിറ്റില്‍ പകരക്കാരന്‍ അയ്മനാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയത്. അടുത്ത മിനിറ്റില്‍ അവര്‍ പത്തു പേരായിച്ചുരുങ്ങി.






