ഹിലാലിന് ഹോം മത്സരം, അരങ്ങേറ്റത്തിനൊരുങ്ങി നെയ്മാര്‍

റിയാദ്- സൗദി പ്രൊ ലീഗ് ഫുട്‌ബോളിലെ ഹോം മത്സരത്തില്‍ അല്‍ഹിലാല്‍ ശനിയാഴ്ച അല്‍ഫയ്ഹയുമായി ഏറ്റുമുട്ടും. ഈ സീസണിലെ ലീഗില്‍ ഹിലാലിന്റെ രണ്ടാം മത്സരമാണ് ഇത്. ആദ്യ കളിയില്‍ അബഹയെ എവേ മത്സരത്തില്‍ 3-1 ന് തോല്‍പിച്ചിരുന്നു. പുതുതായി ടീമിലെത്തിയ നെയ്മാറും ഗോള്‍കീപ്പര്‍ യാസീന്‍ ബൂനുവും ഇന്ന് ഹിലാല്‍ ജഴ്‌സിയില്‍ അരങ്ങേറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 
മുപ്പത്തിരണ്ടുകാരനായ ബൂനുവിന്റെ ട്രാന്‍സ്ഫര്‍ സ്പാനിഷ് ക്ലബ്ബ് സെവിയ ഇന്നലെ അംഗീകരിച്ചു. കഴിഞ്ഞ ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍മാരിലൊളായിരുന്നു ബൂനു. നോക്കൗട്ട് മത്സരങ്ങളില്‍ സ്‌പെയിനിനെയും പോര്‍ചുഗലിനെയും തോല്‍പിച്ച മൊറോക്കൊ സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായിരുന്നു. സെവിയയെ ഏഴാമത്തെ യൂറോപ്പ ലീഗ് കിരീടം നേടാനും ബൂനു സഹായിച്ചു. ജൂണില്‍ നടന്ന ഫൈനലില്‍ റോമയെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് സെവിയ തോല്‍പിച്ചത്. 142 തവണ ബൂനു സെവിയക്കു കളിച്ചു. 58 കളികളില്‍ ഗോള്‍ വഴങ്ങിയില്ല. 
ഗോളി തിബൊ കോട്‌വക്ക് പരിക്കേറ്റതോടെ പകരക്കാരനായി ബൂനുവിനെ റയല്‍ മഡ്രീഡ് പരിഗണിച്ചിരുന്നു. എന്നാല്‍ ചെല്‍സിയുടെ കെപ അരിസബലാഗയെയാണ് അവര്‍ ടീമിലെടുത്തത്. കഴിഞ്ഞ ദിവസം ഗ്രീസില്‍ നടന്ന യൂറോപ്യന്‍ സൂപ്പര്‍ കപ്പ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സെവിയ ഷൂട്ടൗട്ടില്‍ തോറ്റപ്പോള്‍ ബൂനുവാണ് വല കാത്തത്. ഗ്രീസില്‍ വെച്ചാണ് ബൂനുവും ഹിലാല്‍ ക്ലബ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. രണ്ട് കോടി യൂറോയാണ് ട്രാന്‍സ്ഫര്‍ തുകയെന്നാണ് റിപ്പോര്‍ട്ട്. 
നെയ്മാര്‍ക്കുപുറമെ ബ്രസീലിന്റെ തന്റെ വിംഗര്‍ മാല്‍ക്കം, പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ റൂബന്‍ നെവെസ്, സെനഗല്‍ ഡിഫന്‍ഡര്‍ ഖാലിദു കൂലിബാലി, സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജി മിലിന്‍കോവിച് സാവിച് എന്നിവര്‍ ഈ സീസണില്‍ ഹിലാലില്‍ എത്തിയവരാണ്. 

Latest News