ലോക അത്‌ലറ്റിക്‌സ് തുടങ്ങുന്നു, ഇന്ത്യന്‍ മെഡല്‍ സാധ്യത അറിയാം

ബുഡാപെസ്റ്റ് - ഒളിംപിക്‌സിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ശനിയാഴ്ച തുടക്കം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ രണ്ടു മെഡലേ ഇന്ത്യ നേടിയിട്ടുള്ളൂ, 2003 ല്‍ പാരിസില്‍ അഞ്ജു ബോബി ജോര്‍ജ് ലോംഗ്ജമ്പില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം യൂജിനില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ വെള്ളിയും. ചരിത്രത്തിലാദ്യമായി ഇത്തവണ ഒന്നിലേറെ മെഡല്‍ ഇന്ത്യ നേടുമെന്നാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ആദില്‍ സുമരിവാല അവകാശപ്പെടുന്നത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര, ലോംഗ്ജമ്പില്‍ മുരളി ശ്രീശങ്കര്‍, ജെസ്വിന്‍ ആള്‍ഡ്രിന്‍, ട്രിപ്പിള്‍ജമ്പില്‍ പ്രവീണ്‍ ചിത്രവേല്‍ എന്നിവരാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. ഇരുപത്തൊമ്പതംഗ ടീമിനെയാണ് ലോക ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ തെരഞ്ഞെടുത്തത്. ഷോട്ട്പുട്ടര്‍ തേജീന്ദര്‍പാല്‍ തൂറിന് പരിക്കാണ്. ഉത്തേജക ചട്ടം ലംഘിച്ച ഭാവനാ ജാട് നാട്ടിലേക്ക് മടങ്ങി. ഏതാനും പേര്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഒരുക്കത്തിലാണ്. 
ഒളിംപിക് ചാമ്പ്യന്‍ നീരജില്‍ തന്നെയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. സീസണിന്റെ തുടക്കത്തില്‍ പരിക്കേറ്റത് ആശങ്കയുയര്‍ത്തിയെങ്കിലും നീരജ് ഫോമിലെത്തിക്കഴിഞ്ഞു. ഈ വര്‍ഷം പങ്കെടുത്ത മീറ്റിലെല്ലാം വിജയിച്ചു. ഡയമണ്ട് ലീഗില്‍ എറിഞ്ഞ 88.67 മീറ്റര്‍ ഈ സീസണിലെ മികച്ച മൂന്നാമത്തെ ദൂരമാണ്. 
3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്‌ലെ വലിയ പ്രതീക്ഷയോടെ യൂജിനിലേക്ക് പോവുകയും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. 2018 നു ശേഷം എട്ടു തവണ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത സാബ്‌ലെ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗത്തിലോടുകയും പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. ആ നിരാശ മറികടന്നാണ് സാബ്‌ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദേശീയ റെക്കോര്‍ഡോടെ വെള്ളി സ്വന്തമാക്കിയത്. 
മലയാളി ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കറും ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനായാണ് യൂജിനില്‍ മത്സരിച്ചത്. ശ്രീശങ്കര്‍ ഫൈനലിലെത്തിയെങ്കിലും ഏഴാം സ്ഥാനത്തായി. യോഗ്യതാ റൗണ്ടിലെ പ്രകടനം ഫൈനലില്‍ ആവര്‍ത്തിക്കാനായില്ല. 
ട്രിപ്പിള്‍ജമ്പില്‍ മലയാളി താരം അബ്ദുല്ല അബൂബക്കര്‍, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജി എന്നിവരും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. 
20 കി.മീ നടത്ത മത്സരത്തില്‍ ആകാശ്ദീപ് സിംഗും വികാസ് സിംഗും പരംജീത് സിംഗുമാണ് ആദ്യം ട്രാക്കിലിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍. സ്റ്റീപ്പിള്‍ചെയ്‌സ് ഫൈനലും ആദ്യ ദിനമാണ്. വനിതാ ലോംഗ്ജമ്പിന്റെ യോഗ്യതാ റൗണ്ടില്‍ ശൈലി സിംഗും 1500 മീറ്ററില്‍ അജയ്കുമാര്‍ സരോജും മത്സരിക്കും. ട്രിപ്പിള്‍ജമ്പിന്റെ യോഗ്യതാ റൗണ്ടില്‍ അബ്ദുല്ലക്കൊപ്പം പ്രവീണ്‍ ചിത്രവേല്‍ ഇറങ്ങും. 
നടത്ത മത്സരത്തിനു പുറമെ 4-400 മിക്‌സഡ് റിലേയിലും വനിതകളുടെ 10,000 മീറ്ററിലും ഷോട്പുട്ടിലും മെഡലുകള്‍ നിര്‍ണയിക്കപ്പെടും. അമേരിക്കയുടെ റയാന്‍ ക്രൂസര്‍ ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലുമായി നാല് സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ ഷോട്പുട്ടറാവാനുള്ള ഒരുക്കത്തിലാണ്. ഈ സീസണില്‍ പരാജയപ്പെട്ടില്ല. സീസണിലെ ആദ്യത്തെ എട്ട് മികച്ച ദൂരവും ക്രൂസറുടെ പേരിലാണ്. രണ്ടു മാസം സ്വന്തം പേരിലുള്ള ലോക റെക്കോര്‍ഡ് തിരുത്തി. 

Latest News