വിശ്വാസം  അതല്ലേ എല്ലാം 

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രാചരണം അരങ്ങേറിയത്. ഗുജറാത്തിലെ മത്തി, തേങ്ങ പോലുള്ള   തമാശയെന്ന് തോന്നിപ്പിക്കുന്ന അമേരിക്കൻ ഏജൻസിയുടെ പി.ആർ വർക്ക് സംസ്ഥാന മുഖ്യമന്ത്രിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്ന കാര്യത്തിൽ നിർണായക പങ്ക് വഹിച്ചു. ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് മാസങ്ങൾക്കകം നടക്കും. അതിന്റെ കോലാഹലങ്ങൾ പലേടത്തും ദൃശ്യമായിത്തുടങ്ങി. സ്മാർട്ട് ഫോണുകൾ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും അടുത്തതെന്ന്  മാധ്യമ  പ്രവർത്തകൻ രാജ്ദീപ് സർദേശായി അഭിപ്രായപ്പെട്ടിട്ടുണ്ട്. നോട്ട് റദ്ദാക്കൽ,  ജി.എസ്.ടി നടപ്പാക്കൽ എന്നിവയിലൂടെ രാജ്യത്തെ തകർച്ചയിലേക്ക് നയിച്ച മോഡിയും കൂട്ടരും നിലം തൊടില്ലെന്നാണ് മറ്റൊരു മാധ്യമ പ്രവർത്തകൻ പി. സായിനാഥ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച മോഡി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം ചർച്ച ചെയ്തു. കഴിഞ്ഞ ഇലക്ഷൻ കാലത്തേതിൽ നിന്ന് വളരെ ഉയർന്ന മാർക്ക് സ്‌കോർ ചെയ്യുന്ന പെർഫോമൻസായിരുന്നു കോൺഗ്രസ് സാരഥി രാഹുലിന്റേത്. ലഭിച്ച  അര മണിക്കൂറിലേറെ  സമയം ഭരണകക്ഷിയുടെ നെഞ്ചത്ത് കയറി നൃത്തം ചവിട്ടി. ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ തേച്ചൊട്ടിച്ച ശേഷം പോയൊരു ആലിംഗനവും. മോഡി പോലും നിനച്ചിരിക്കാതെയാണ് രാഹുൽ പണി പറ്റിച്ചതെന്ന് അദ്ദേഹത്തിന്റെ ശരീര  ഭാഷയിൽ വ്യക്തം. തൽക്ഷണം വ്യാഖ്യാനവുമായി ന്യൂസ് 18 ചാനലെത്തി. കണ്ണിറുക്കൽ വിദഗ്ധയായ തൃശൂർക്കാരി രാഹുലിന്റെ പാർലമെന്റിലെ കണ്ണടി  അംഗീകരിക്കുന്നുവെന്നായിരുന്നു ശീർഷകം. കോട്ടിട്ട ചങ്ങാതിയുടെ  നേട്ടവും വിദ്വേഷവും അതൃപ്തിയുമെല്ലാം സ്വാഹ. പ്രസംഗങ്ങളിലൂടെ വളർന്നു വന്ന മോഡിയുടെ മറുപടിയാകട്ടെ, പ്രതീക്ഷയ്‌ക്കൊത്തുയർന്നതുമില്ല. രാഹുൽ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ചെറുക്കന് സീറ്റ് പിടിക്കാൻ ധിറുതിയായെന്നായിരുന്നു പ്രതികരണം. 
വിശ്വ പൗരനെന്ന് വിശേഷിപ്പിക്കാവുന്ന ശശി തരൂരിനെ മുൻ സർക്കാരിന്റെ കാലത്ത് കോൺഗ്രസ് നേതൃത്വം വലിയ പ്രതീക്ഷകളോടെയാണ് ചില ദൗത്യങ്ങൾ ഏൽപിച്ചത്. ഇടക്കാലത്ത് വിവാദങ്ങളിൽ പെട്ടെങ്കിലും മണ്ഡലത്തെ ശ്രദ്ധിക്കാൻ നേരം കണ്ടെത്തുന്ന തലസ്ഥാന നഗരയിലെ എംപി 2019 ൽ ബി.ജെ.പിക്ക് അധികാരം ലഭിച്ചാൽ ഇന്ത്യക്കാർക്ക് കൈവരാൻ പോകുന്ന സൗഭാഗ്യത്തെ കുറിച്ച് പറഞ്ഞത് യഥാർഥത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രഖ്യാപനമായിരുന്നില്ലേ. നായനാർ പറഞ്ഞ ടൈപ്പ് കക്ഷികളായ കോൺഗ്രസ് നേതൃത്വത്തിലെ പലരും ഇതിനെ തള്ളണോ കൊള്ളണോ എന്ന കൺഫ്യൂഷനിലായി. കുഞ്ഞൂഞ്ഞ് അനന്തപുരിയിലെത്തി നയം വ്യക്തമാക്കിയതോടെയാണ് തരൂർജി പറഞ്ഞതാണ് കോൺഗ്രസ് ലൈനെന്ന് പലരും തിരിച്ചറിഞ്ഞത്. 
*** *** ***
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയറും ബോളിവുഡിലെ ചക്രവർത്തി അമിതാഭ് ബച്ചനും ബ്രാൻഡ് അംബാസഡർമാരായുള്ള ജ്വല്ലറിയുടെ പുതിയ പരസ്യം വിവാദമായിരിക്കുകയാണ്. ചിത്രീകരണത്തിലും സ്‌ക്രിപ്റ്റിലും നിലവാരം പുലർത്തിയ ശ്രദ്ധേയ ദൃശ്യാവിഷ്‌കാരമാണിത്. അച്ഛന്റെ പെൻഷൻ അക്കൗണ്ടിൽ കുറച്ചു കൂടുതൽ പണം വന്നതിനാൽ മകളെയും കൂട്ടി ബാങ്ക് ശാഖയിലെത്തിയതാണ്. ബാങ്കുകളുടെ ഇപ്പോഴത്തെ അവസ്ഥ ആദ്യ സീനിൽ കാണാം. രണ്ട്  പേരും മാനേജറെ കാണാൻ ചെല്ലുന്നു. പാസ് ബുക്കിൽ രണ്ട്  എൻട്രി കണ്ട മാനേജർ ഇരട്ടി വന്ന പണമെടുത്ത് ആഘോഷിക്കാമല്ലോ എന്ന് പറയുന്നു. ഇതൊന്നും ആരും അറിയില്ലെന്ന സാരോപദേശവും. ആര് അറിഞ്ഞാലും ഇല്ലെങ്കിലും അന്യന്റെ മുതൽ നമുക്ക് വേണ്ടെന്ന നിലപാടിൽ അച്ഛൻ. രണ്ടല്ല,. അന്യരുടെ ഇരുപത് എൻട്രി വന്നാലും കള്ളി  മിണ്ടാതെ സെലിബ്രേറ്റ് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്ന കാലഘട്ടമാണിതെന്നോർക്കണം. ഇന്ത്യയിലെ ബാങ്കിംഗ് രംഗമാകെ കുട്ടിച്ചോറാക്കുമ്പോൾ പ്രതികരിക്കാതെ മിണ്ടാതിരുന്ന ബാങ്ക് ജീവനക്കാരുടെ സംഘടനയ്ക്ക് പരസ്യം കണ്ടിട്ട് കുരു പൊട്ടിയെന്നും കേട്ടു. ഇതേ പൊന്നു പീടികക്കാരൻ ഗൾഫിൽ സമൂഹ മാധ്യമങ്ങളിലൂടെ ആരോ നടത്തിയ വ്യാജ പ്രചാരണത്തിലൂടെ അഞ്ഞൂറ് കോടി രൂപയുടെ ബിസിനസ് നഷ്ടപ്പെട്ടതാണെന്ന് അടുത്തിടെ വാർത്തയുണ്ടായിരുന്നു. 
*** *** ***
വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് വാർത്താ ചാനലുകളിൽ ചർച്ച പതിവാണ്. 
ചിലപ്പോഴൊക്കെ അതിഥികൾ രൂക്ഷമായി പ്രതികരിക്കും. കുറച്ചു നേരമായി നിനക്ക് ചൊറിഞ്ഞ് കയറി വരുന്നത് ഞാൻ ശ്രദ്ധിക്കുന്നുവെന്ന് സംവാദത്തിൽ പങ്കെടുത്ത ആൾ കാണികളെ നോക്കി പറഞ്ഞ വേളയിൽ മോഡറേറ്റർ രംഗത്തിറങ്ങി ശാന്തമാക്കുന്നത് കണ്ടിട്ടുണ്ട്. ചർച്ച നയിച്ച വനിതാ അവതാരകയോട് നീ ആളൊരു സുന്ദരിയാണെന്ന് പറഞ്ഞ് ആശ്വസിച്ച മഹാനേയും കണ്ടിട്ടുണ്ട്. ന്യൂസ് റീഡർ പ്രായം തിരക്കി നീയൊക്കെ ജനിക്കുന്നതിന് മുമ്പ് ഞാൻ ജനസേവനം തുടങ്ങിയിട്ടുണ്ടെന്ന് ചർച്ചയിൽ  പറഞ്ഞതും കേട്ടിട്ടുണ്ട്. മലയാളിക്ക് ഒരു ഗുണമുണ്ട്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ കഴിവതും വാചകമടിയിൽ ഒതുക്കാൻ നോക്കും. എന്നാൽ അങ്ങ് ഉത്തര ഭാരതത്തിൽ ഇതല്ല സ്ഥിതി. മുത്തലാഖുമായി ബന്ധപ്പെട്ട ചർച്ചയാണ് സീ ഹിന്ദുസ്ഥാൻ നടത്തിയിരുന്നത്.  
മുത്തലാഖ് നിരോധിക്കണമെന്ന് അഭിപ്രായമുള്ള വ്യക്തിയാണ് ചർച്ചയ്‌ക്കെത്തിയ അഭിഭാഷക ഫറാഹ് ഫാഇസ്. ഉത്തർ പ്രദേശിൽ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന  സംഘടനയുടെ നേതാവാണ്. ആർഎസ്എസുമായി ബന്ധമുള്ള രാഷ്ട്രവാദി മുസ്ലിം മഹിളാ സംഘിന്റെ ദേശീയ പ്രസിഡന്റ്. സുപ്രീം കോടതിയിൽ അഭിഭാഷകയായ ഇവർ മുത്തലാഖിനെതിരെ പരാതി നൽകിയ വ്യക്തിയുമാണ്. ചർച്ചയിൽ  അഭിഭാഷകയുടെ ചില വാക്കുകൾ കടുത്തു. മുത്തലാഖിനെ പിന്തുണയ്ക്കുന്ന മൗലാനയെ അവർ തല്ലുകയും ചെയ്തു. അഭിഭാഷക കൈ ഉയർത്തി സംസാരിക്കുന്നതും ഈ സമയം മൗലാന എതിർത്ത് ബഹളം വെയ്ക്കുന്നതും കാണാം. അതിനിടെയാണ് മൗലാനയെ അഭിഭാഷക തല്ലിയത്. തുടർന്ന് മൗലാന തിരിച്ചു തല്ലുകയും ചെയ്തു.  സീ ഹിന്ദുസ്ഥാൻ എന്ന ഹിന്ദി ചാനലിൽ  ലൈവായി സംപ്രേഷണം ചെയ്തിരുന്ന ചർച്ചയിൽ കൂട്ടയടി നടന്നതോടെ പോലീസെത്തി. പിന്തിരിപ്പിക്കാനെത്തിയവർക്കും തല്ല് കിട്ടി. ഇതോടെ കൂട്ടത്തല്ലായി. തൽസമയം ചർച്ചയായതിനാൽ എല്ലാവരും ദൃശ്യം കണ്ടു.  ചാനൽ അധികൃതർ പോലീസിനെ വിളിച്ചു. പോലീസെത്തി മൗലാന ഇജാസ് അർഷദ് ഖാസിമിയെ അറസ്റ്റ് ചെയ്തു.
*** *** ***
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബ്രിട്ടൺ സന്ദർശനവും അതിനെതിരെയുള്ള പ്രതിഷേധവുമാണ് യുകെയിലെങ്ങും. ട്രംപിന്റെ സന്ദർശനത്തെ കുറിച്ചുള്ള ചർച്ചകളിലാണ് സായിപ്പിന്റെ നാട്ടിലെ ചാനലുകൾ. ഐ.ടി.വി ചാനലിൽ പിയേഴ്‌സ് മോർഗൻ അവതരിപ്പിക്കുന്ന 'ഗുഡ് മോണിംഗ് ബ്രിട്ടൺ ' എന്ന ഷോയ്ക്കിടെയുണ്ടായ കശപിശയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ചാനൽ ചർച്ചയ്ക്കിടെ പ്രകോപിപ്പിച്ച അവതാരകനെ വിഡ്ഢിയെന്ന് വിളിച്ച് മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ആഷ് സർക്കാർ നേരിട്ടു. ട്രംപിനെ എതിർക്കുന്നതിന്റെ പേരിൽ ഒബാമയുടെ ആരാധികയെന്ന് ആവർത്തിച്ച് പറഞ്ഞ അവതാരകനോടാണ് 'എടോ വിഡ്ഢീ, ഞാനൊരു കമ്മ്യൂണിസ്റ്റാണ്' എന്ന് ആഷ് സർക്കാർ തിരിച്ചടിച്ചത്. ചാനൽ അവതാരകനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
ട്രംപിന്റെ പര്യടനവും ട്രംപിന് നേരെ ഉയരുന്ന പ്രതിഷേധവുമായിരുന്നു ചാനൽ ചർച്ച ചെയ്തത്. ബ്രിട്ടണിലെ മാധ്യമ പ്രവർത്തകയും ട്രംപ് വിരുദ്ധ പ്രക്ഷോഭകയുമായ ആഷ് സർക്കാരിനെയും ചർച്ചയിൽ ക്ഷണിച്ചിരുന്നു. ട്രംപ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രാധാന്യവും പ്രക്ഷോഭത്തിൽ എന്തുകൊണ്ട് താൻ പങ്കെടുക്കുന്നുവെന്നും വിശദീകരിക്കുകയായിരുന്നു ആഷ്. എന്നാൽ ട്രംപ് അനുകൂലിയായ അവതാരകൻ പിയേഴ്‌സ് മോർഗൻ പ്രതിഷേധക്കാർക്കെതിരെ ആക്രോശിക്കുന്നുണ്ടായിരുന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ യു.കെ സന്ദർശിച്ചപ്പോൾ എന്തുകൊണ്ട് നിങ്ങൾ എതിർത്തില്ലെന്നും നിങ്ങളുടെ 'ഹീറോ' ഒബാമയ്‌ക്കെതിരെ എന്തുകൊണ്ട് പ്രതിഷേധിച്ചില്ലെന്നും അവതാരകൻ ആഷിനോട് ചോദിച്ചു. എന്നാൽ ഒബാമ തന്റെ ഹീറോ അല്ലെന്നും താനൊരു കമ്യൂണിസ്റ്റ് ആണെന്നുമായിരുന്നു ആഷിന്റെ മറുപടി.
'എടോ വിഡ്ഢീ, ഞാനൊരു കമ്മ്യൂണിസ്റ്റാണ്. ഒരു മാധ്യമ പ്രവർത്തകനെന്ന നിലയിൽ, നിങ്ങളുടെ കഴിവില്ലായ്മ മറയ്ക്കാൻ നിങ്ങൾ ചാനൽ ഡെസ്‌ക് ഉപയോഗിക്കുകയാണ്. ഞങ്ങൾ ഉന്നയിക്കുന്ന യഥാർത്ഥ വിഷയങ്ങളിൽ നിന്നും ഒഴിവായി നിങ്ങളുടെ വാക്കുകൾ ഞങ്ങളുടെ വായിലേക്ക് തള്ളുകയാണ്. ഞാൻ ഒബാമയുടെ വിമർശകയാണ്, ഡെമോക്രാറ്റിക് പാർട്ടിയുടെ വിമർശകയാണ്. കാരണം ഞാൻ അക്ഷരാർത്ഥത്തിൽ കമ്യൂണിസ്റ്റാണ്' -ആഷ് പറഞ്ഞു. 'നൊവാര മീഡിയ' എന്ന മാധ്യമത്തിന്റെ സീനിയർ എഡിറ്ററായ ആഷ് സർക്കാർ ലേബർ പ്രവർത്തകയും പ്രതിപക്ഷ നേതാവ് ജെർമി കോർബിന്റെ അടുത്ത അനുയായിയുമാണ്. ബ്രിട്ടനിൽ ഒരു അമേരിക്കൻ പ്രസിഡന്റിനും നേരിടാത്തത്രയും വലിയ പ്രതിഷേധമാണ് ട്രംപ് നേരിട്ടത്.  രണ്ടര ലക്ഷത്തോളം പേരാണ് പ്രതിഷേധിക്കാനെത്തിയത്. പ്രതിഷേധക്കാർ ഒരുക്കിയ കൂറ്റൻ 'കോമാളി ബലൂൺ ട്രംപ്' അവിടെ ചർച്ചാ വിഷയമാവുകയും ചെയ്തു.  പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ലണ്ടൻ മേയർ സാദിഖ് ഖാനും പ്രസിഡന്റ് ട്രംപിന്റെ സന്ദശനത്തോട് പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചതാണ് പ്രതിഷേധക്കാർക്ക് കരുത്തായത്. 
*** *** ***
1992 ലെ അയോധ്യ കാണ്ഡത്തിന് മൂന്ന് വർഷം മുമ്പ്. അന്നൊക്കെ വടകര കോട്ടപ്പറമ്പിലാണ് രാഷ്ട്രീയ പൊതുയോഗങ്ങൾ നടക്കുക. ടൗൺഹാളും മറ്റു സൗകര്യങ്ങളുമൊക്കെ പിൽക്കാലത്ത് വന്നതാണല്ലോ. ദേശീയ നേതാക്കളായാലും ക്രൗഡ് പുള്ളറായ എം.വി.ആറായാലും  പ്രസംഗിക്കാൻ ചന്തപ്പറമ്പ് തന്നെ. രാമജന്മഭൂമി കാമ്പയിനുമായെത്തിയ ഒരു ദേശീയ നേതാവ് ഉച്ച നേരത്ത് പ്രസംഗിച്ചത് ഇന്ത്യയിലെ മുസ്‌ലിംകൾ ദേശീയ മുഖ്യധാരയിൽ ലയിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. അദ്ദേഹം ഉദാഹരിച്ചത് ഇന്തോനേഷ്യ എന്ന രാജ്യത്തെയാണ്. മുസ്‌ലികളാണ് അവിടെ ഭൂരിപക്ഷം. എന്നാൽ പേരുകൾ ഹൈന്ദവവും -അദ്ദേഹം  തുടർന്നു. 
മഹത്തായ പൈതൃകത്തെ മുറുകെ പിടിച്ച് മത വിശ്വാസികളായി കഴിയുന്ന അവരെ മാതൃകയാക്കാവുന്നതാണ്. മുസ്‌ലിംകൾക്കുള്ള പ്രത്യേക ഡിസ്‌കൗണ്ട് പ്രഖ്യാപിക്കാനെത്തിയതായിരുന്നില്ല അഖിലേന്ത്യാജി. എൽ.കെ അദ്വാനി ദേശീയ തലത്തിൽ നിലമൊരുക്കുന്ന ഘട്ടത്തിൽ അണ്ണാറക്കണ്ണനും തന്നാലാവുന്നത് പോലൊരു യജ്ഞം. അത് ഫഌഷ് ബാക്ക്. കേരളത്തിൽ രാമയാണ മാസം ആരൊക്കെ ആചരിക്കണമെന്ന ചർച്ചകൾ ചൂട് പിടിച്ചു നടക്കുകയാണല്ലോ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാതൃഭൂമി ന്യൂസിലെ വക്രദൃഷ്ടി ആക്ഷേപ ഹാസ്യ പരിപാടി തുടങ്ങിയത് മലപ്പുറത്ത് നിന്നുള്ള മന്ത്രി കെ.ടി ജലീലിന്റെ ഇതു സംബന്ധിച്ച പ്രസംഗവുമായിട്ടായിരുന്നു. അദ്ദേഹം പറഞ്ഞു.- ലോകത്ത് ഏറ്റവും മുസ്‌ലിം ജനസംഖ്യുള്ള രാജ്യം സൗദി അറേബ്യയല്ല. അത് ഇന്തോനേഷ്യയാണ്. അവിടത്തെ മുസ്‌ലിംകൾ പാരമ്പര്യമുള്ളവരാണ്. ഹിന്ദു സംസ്‌കാരം ഉപേക്ഷിക്കാതെ ജീവിക്കുന്നവർ. അവിടത്തെ ദേശീയ വിമാന കമ്പനിയുടെ പേര് ബിസ്മില്ലാ എന്നല്ല. അത് ഗരുഡയെന്നാണ്. മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിൽ സ്ഥിരമായി ആവർത്തിക്കപ്പെടുന്ന ശ്രീനിവാസനും തിലകനും സൈക്കിളിൽ ഡബിളെടുത്ത് പോകുന്ന സീൻ ഓർത്തു പോയി.  
 

Latest News