ദോഹ- സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യണൽ കമ്മിറ്റി 'വി ദ പീപ്പിൾ' എന്ന തലക്കെട്ടിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
മതേതരത്വം, ബഹുസ്വരത, ജനാധിപത്യം തുടങ്ങിയ സ്വത്വങ്ങളെ കോർത്തിണക്കി ഇന്ത്യയെന്ന രാജ്യത്തെ വിഭാവനം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാതെ പൗരൻമാർക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ സാധിക്കില്ലെന്ന് ഫോക്കസ് സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു. ജാതിമത വേഷ ഭാഷകൾക്കതീതമായി എല്ലാവരെയും ചേർത്തു നിർത്തി ഒരുമയോടെ ജീവിക്കാൻ ആവശ്യമായ മുഴുവൻ നിയമങ്ങളും ഉൾപ്പെടുത്തിയ സമുന്നതമായ ഭരണഘടന നിർമിക്കാനും അക്കാലത്തെ രാഷ്ട്ര നേതാക്കൾ ശ്രദ്ധ ചെലുത്തി.
ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ രാജ്യത്തെ ഭരണഘടന മുന്നോട്ടു വെക്കുന്ന ഐക്യവും അഖണ്ഠതയും നാനാത്വത്തിൽ ഏകത്വവും കാത്തു സൂക്ഷിക്കാൻ പൗരന്മാർ ബാധ്യസ്തരാണ്. അതിനായി രാഷ്ട്രീയ ബോധമുള്ള പുതുതലമുറയെ വളർത്തിയെടുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള യുവജന സംഘടനകൾ ശ്രമിക്കേണ്ടതുണ്ട് എന്നും സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലിയർപ്പിക്കേണ്ടി വന്ന നിരവധി പേരുണ്ട്. അവരുടെ പിൻഗാമികളായ നമ്മളാണ് ഇത്തരമൊരു ദിനം ആഘോഷിക്കാൻ ഏറ്റവും അർഹരായവർ എന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.സി മുംബൈ ഹാളിൽ നടത്തിയ സൗഹൃദ സദസ്സിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് സലീം നാലകത്ത് (കെ.എം.സി.സി), ഇ.എം സുധീർ (സംസ്കൃതി ഖത്തർ), ഡോ.താജ് ആലുവ (കൾച്ചറൽ ഫോറം), കെ.എൻ സുലൈമാൻ മദനി (ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ), അഷ്റഫ് നന്നമുക്ക് (ഇൻകാസ് ഖത്തർ) തുടങ്ങി ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ച് സംസാരിച്ചു.
ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യണൽ കമ്മിറ്റി സി.എഫ്.ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇവന്റ്സ് മാനേജർ മൊയ്ദീൻ ഷാ വിഷയമവതരിപ്പിച്ചു.
അഡ്മിൻ മാനേജർ അമീനുറഹ്മാൻ എ.എസ്, മാർക്കറ്റിംഗ് മാനേജർ ഹമദ് ബിൻ സിദ്ധീഖ് എന്നിവർ സംസാരിച്ച പരിപാടി ദേശീയ ഗാനാലാപനത്തോടെയാണ് സമാപിച്ചത്. പരിപാടിക്ക് ഫാഇസ് എളയോടൻ, റാഷിക് ബക്കർ, നാസർ ടി.പി, ഷജീഹ്, ഡോ.റസീൽ മൊയ്ദീൻ എന്നിവർ നേതൃത്വം നൽകി.






