ഈ വർഷം കേരളത്തിൽ ക്രമാതീതമായ മഴയാണ് ലഭിച്ചത്. കോട്ടയം ജില്ലയിലെ പല പട്ടണങ്ങളിലും ദുരിതം വിതച്ച മഴക്കാലമായിരുന്നു. പാലാ പട്ടണത്തിൽ ജലവിതാനം കുത്തനെ ഉയർന്നു. വടക്ക് മലബാർ മേഖലയിലും മഴയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. കുറ്റിപ്പുറത്ത് ഭാരപ്പുഴയ്ക്ക് മുകളിലൂടെ യാത്ര ചെയ്തവരുടെ ഓർമകളിൽ നിളയെ കുറിച്ച് അത്ര മികച്ച സ്മരണയല്ല. ഇത്രയ്രും ശുഷ്‌കിച്ച ഇതിനെയാണോ കവിതകളിലും മറ്റും ആഘോഷിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെടുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഈ വർഷം പട്ടാമ്പിയിലും ഒറ്റപ്പാലത്തും കുറ്റിപ്പുറത്തുമെല്ലാം നിറഞ്ഞു തുളുമ്പി പൊട്ടിച്ചിരിച്ച് കടന്നു പോകുന്ന നദിയെയാണ് കണ്ടത്.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. കൊല്ലവർഷം 1099ലെ ആ പ്രളയം പ്രായംചെന്ന പലരുടെയും ഓർമകളിൽ ഇന്നും പെയ്തിറങ്ങാറുണ്ട്. പലർക്കും പറയാൻ നഷ്ടങ്ങളുടെ നിരവധി കണക്കുകളുമുണ്ട്.

ആയിരക്കണക്കിന് മനുഷ്യജീവൻ നഷ്ടമായ ആ പ്രളയത്തിൽ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാൻ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങൾ പലയിടത്തും ഒഴുകി നടന്നു. ഒട്ടനവധി പേർക്ക് വീടും, സ്വത്തുവകകളും, വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടു. വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തിൽ ഒഴുകിവന്നു.
പ്രളയത്തിന്റെ പ്രധാന കാരണം മൂന്നാഴ്ചയോളം തുടർച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു. തിരുവിതാംകൂറിനെയും മലബാറിന്റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. ചരിത്രരേഖകൾ പറയുന്നത്, ആലപ്പുഴ ജില്ല പൂർണ്ണമായും, എറണാകുളം ജില്ലയുടെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി എന്നാണ്. കോഴിക്കോട് പട്ടണത്തിന്റെ പല ഭാഗങ്ങളും മുങ്ങിയിരുന്നു.
ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിക്കുന്ന അക്കാലത്ത് തിരുവനന്തപുരം പട്ടണത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളിൽ തെങ്ങിൻ തലപ്പിനോളം വെള്ളമെത്തി എന്നാണ് പഴമക്കാർ പറയുന്നത്. അന്ന് വെള്ളമുയർന്ന അളവ് കേരളത്തിൽ പലയിടത്തും രേഖപ്പെടുത്തി വെച്ചത് ഇപ്പോഴും കാണാനുണ്ട്.
ജൂലൈ 17നായിരുന്നു മഴയുടെ തുടക്കം. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴ തകർത്തത് നിരവധി സ്വപ്‌നങ്ങളായിരുന്നു. നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന റോഡ് ഗതാഗതം പൂർണ്ണമായി നിലച്ചു, റെയിൽ പാളങ്ങൾ വെള്ളത്തിൽ മുങ്ങി സർവീസുകൾ നിർത്തിവച്ചു, തപാൽ സംവിധാനങ്ങൾ തടസ്സപ്പെട്ടു. ആളുകളും വളർത്തുമൃഗങ്ങളും വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകളിലും തട്ടിൻപുറങ്ങളിലും അഭയം തേടി. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകൾ കൂട്ടമായി പലായനം ചെയ്തു. ഉയർന്ന മേഖലകൾ അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും കിട്ടാതെ ജനം പട്ടിണിയിൽ വലഞ്ഞു.

വെള്ളമിറങ്ങിപ്പോകാൻ പിന്നെയും ദിവസങ്ങളെടുത്തു. ഓലയും, പനമ്പും, മണ്ണും കൊണ്ടുണ്ടാക്കിയ പല കുടിലുകളും അപ്പോൾ സ്വസ്ഥാനങ്ങളിൽ ഉണ്ടായിരുന്നില്ല. പുഴകളും തോടുകളും വഴിമാറിയൊഴുകി. പാതകൾ ഇല്ലാതായി, കിണറുകളും കുളങ്ങളും തൂർന്നു. വൻമരങ്ങൾ കടപുഴകി. പേരിനുണ്ടായിരുന്ന പല കെട്ടിടങ്ങളും തകർന്നുവീണു. എക്കലും ചെളിയുമടിഞ്ഞ് രൂപം നഷ്ടപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പൂർവസ്ഥിതിയിലെത്താൻ വീണ്ടും വർഷങ്ങളെടുത്തു. ചില ഗ്രാമങ്ങൾ അങ്ങനെ തന്നെ ഇല്ലാതായി.
മലവെള്ളത്തിന്റെ കുത്തൊഴുക്കും കടലാക്രമണവും ഒരുമിച്ചാണ് നാശം വിതച്ചത്.
മധ്യകേരളത്തെ പ്രളയം ഇത്രയ്ക്ക് ആക്രമിക്കാനിടയായതിനു കാരണം പെരിയാറിലുണ്ടായ വെള്ളപ്പൊക്കം കൂടിയായിരുന്നു. പെരിയാറിന്റെ കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു മഴ ഏറ്റവുമധികം കോരിച്ചൊരിഞ്ഞത്. അന്ന് പെരിയാറിൽ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാർ മാത്രമായിരുന്നു. കൈവഴികൾ പെരിയാറിനെ വെള്ളം കൊണ്ടു നിറച്ചപ്പോൾ മധ്യകേരളമാകെ പ്രളയക്കെടുതിയിൽ അമർന്നു.
ആ പ്രളയം തകർത്തു കളഞ്ഞത് ബ്രിട്ടീഷുകാർ പടുത്തുയർത്തിയ മൂന്നാർ പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയിൽ നിർമിച്ച, അവരുടെ അഭിമാനമായിരുന്ന മൂന്നാർ എന്ന സ്വപ്‌നസാമ്രാജ്യം. വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത സൗകര്യങ്ങളും ദിവസങ്ങൾ കൊണ്ട് ഒലിച്ചുപോയി. മലവെള്ളത്തിനൊപ്പം കുതിച്ചെത്തിയ പാറകളും മരങ്ങളും പട്ടണത്തെ തുടച്ചു നീക്കിയതിനൊപ്പം നൂറിൽപരം ജീവനുകളുമെടുത്തു.
സമുദ്രനിരപ്പിൽനിന്ന് 6000 അടിയോളം ഉയരത്തിലുള്ളതാണ് മൂന്നാർ. മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.
പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേർന്ന് മാട്ടുപ്പെട്ടിയിൽ രണ്ടു മലകൾക്കിടയിൽ പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലൻ. മഴ കടുത്തപ്പോൾ സ്വയം തകർന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങൾക്കുശേഷം വീണ്ടുമൊരിക്കൽക്കൂടി ഇത് ആവർത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലിൽ പട്ടണം തന്നെ ഇല്ലാതായി.

ആ ജൂലൈമാസത്തിൽ മാത്രം മൂന്നാർ മേഖലയിൽ 485 സെന്റിമീറ്റർ മഴ പെയ്തുവെന്നാണ് സായിപ്പിന്റെ കണക്കുകൾ പറയുന്നത്. മൂന്നാറിൽ അന്ന് വൈദ്യുതിയും, ടെലിഫോണും, റെയിൽവേയും, റോപ് വേയും, വീതിയേറിയ റോഡുകളും, വിദ്യാലയങ്ങളും, മികച്ച ആശുപത്രിയും ഉണ്ടായിരുന്നു; പ്രളയം തകർത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.
'കുണ്ടളവാലി റെയിൽവേ' എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോ ഗേജ് റെയിൽ ലൈനുകളും, സ്‌റ്റേഷനുകളും പ്രളയം പരിപൂർണമായി തുടച്ചു നീക്കിക്കളഞ്ഞു. റെയിൽപാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എൻജിനുകളും ഒലിച്ചുപോയി. പാലങ്ങൾ തകർന്നു. കെട്ടിടങ്ങൾ ഉപയോഗശൂന്യമായി. തേയില ഫാക്ടറികൾ തകർന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902ൽ സ്ഥാപിച്ച റെയിൽപ്പാത മൂന്നാറിൽനിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്‌നാടിന്റെ അതിർത്തിയായ ടോപ്‌സ്‌റ്റേഷൻ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്‌റ്റേഷനിൽനിന്ന് റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടർന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പൽ കയറ്റുകയുമായിരുന്നു പതിവ്.
പള്ളിവാസൽ മലകൾക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്റെ നാശത്തെത്തുടർന്ന് പള്ളിവാസൽ പട്ടണവും, മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോ ഇലക്ട്രിക് പവർസ്‌റ്റേഷനും മണ്ണിനടിയിലായി. പള്ളിവാസലിന്റെ രൂപം തന്നെ മാറിപ്പോയി.
കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠൻചാൽ പെരുമ്പൻകുത്ത് മാങ്കുളം കരിന്തിരിമല അൻപതാംമൈൽ ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതന പാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.

മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടർന്ന് പൂർണമായിത്തന്നെ ഇല്ലാതായി. പഴയ ആലുവ മൂന്നാർ റോഡ് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്റെ കൈവഴിയായ കരിന്തിരി ആറിന്റെ കരയിൽ തലയുയർത്തിനിന്നിരുന്ന ഈ മലയോരത്തു കൂടിയായിരുന്നു. മലയിടിച്ചിൽ ആ പാതയുടെ ഒരു പ്രധാന ഭാഗത്തെ പുനർനിർമ്മിക്കാൻ കഴിയാത്തവിധം നാമാവശേഷമാക്കി.
ആദ്യകാലത്ത് ആനപ്പാതയായിരുന്ന കോതമംഗലം നേര്യമംഗലം അടിമാലി പള്ളിവാസൽ വഴി മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിച്ചുള്ള പുതിയ റോഡ് നിർമിച്ചത് ഇതിനെ തുടർന്നായിരുന്നു. ഈ പാത പൂർത്തിയാക്കാൻ കഴിഞ്ഞത് 1931ൽ മാത്രമാണ്. പഴയ മൂന്നാറിൽ നിന്ന് ഒരു കിലോമീറ്റർ മാറി നിർമ്മിച്ചുതുടങ്ങിയ പുതിയ മൂന്നാർ പട്ടണം പൂർത്തിയാകാനും രണ്ടു വർഷത്തിലധികം എടുത്തു. റെയിൽ സംവിധാനം പിന്നീട് പുനഃസ്ഥാപിക്കാൻ കഴിഞ്ഞതുമില്ല. വെള്ളപ്പൊക്കത്തിൽ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്ത സ്മാരകം പോലെ ചിലതൊക്കെ ഓർമ്മിപ്പിക്കാനായി.
മൂന്നാറിന്റെ തണുപ്പിൽ കുളിരുവാനും, തേയിലത്തോട്ടങ്ങളുടെ ഭംഗി നുകരുവാനും ഇനി പോകുമ്പോൾ നോക്കുക, മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള ഇലക്ട്രിക് പോസ്റ്റുകൾ പഴയ റെയിൽപ്പാളങ്ങളാണ്. ടൗണിൽ സ്ഥിതിചെയ്യുന്ന മൂന്നാറിലെ പഴയ റെയിൽവേസ്‌റ്റേഷനായ
കെഡിഎച്ച്പിയുടെ ഹെഡ്ഓഫീസിന്റെ ഗേറ്റ് നിർമ്മിച്ചിരിക്കുന്നതും പാളങ്ങൾ കൊണ്ടുതന്നെ. പാളങ്ങളുടെയും സ്‌റ്റേഷന്റേയും അവശിഷ്ടങ്ങൾ ടോപ്‌സ്‌റ്റേഷനിലും മറ്റു പലഭാഗങ്ങളിലും ഇപ്പോഴും കാണാം. പ്രളയം മായ്ച്ചുകളഞ്ഞത് അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിൻെറ പല പ്രധാന ചരിത്രരേഖകൾ നശിച്ചുപോയത് ഈ പ്രളയത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല പുരാതന ക്രിസ്ത്യൻ പള്ളികളിലും ഇന്നവശേഷിക്കുന്ന ചരിത്രരേഖകൾ 1924നു ശേഷമുള്ളത് മാത്രമായത് ഇക്കാരണം കൊണ്ടാണ്.
പ്രളയം മാറ്റിവരച്ച ഭൂപടങ്ങൾ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങൾ അത്ര പതിവില്ലാത്തതു കൊണ്ട് മാത്രമല്ല. ആ പ്രളയം കേരള ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായം ആയതു കൊണ്ടു കൂടിയാണ് 99ലെ വെള്ളപ്പൊക്കം എന്ന് ഇപ്പോഴും നമ്മൾ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നത്. ഈ വർഷത്തെ മഴക്കാലം സ്‌കൂൾ വിദ്യാർഥികൾക്ക് കൂടുതൽ അവധി ദിനങ്ങൾ സമ്മാനിച്ചതിനൊപ്പം കേരളം പിന്നിട്ട പ്രളയകാലം ഓർമിക്കാനും ഇട നൽകി. -എസ്.എം






