റിയാദ്- ബ്രസീല്‍ സൂപ്പര്‍ താരം നെയ്മാറിന് പിന്നാലെ മൊറോക്കോയുടെ സൂപ്പര്‍ ഗോളി യാസീന്‍ ബൂനൂവും സൗദി അല്‍ ഹിലാലിലേക്ക്. ഹിലാല്‍ ക്ലബ് പ്രസിഡന്റ് ഫഹദ് ബിന്‍ നാഫല്‍, ബൂനൂവുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപമായി പ്രചരിക്കുകയാണ്. ഹിലാലുമായി കരാര്‍ ഒപ്പിടുന്നതിന് യാസീന്‍ സൗദി അറേബ്യയില്‍ എത്തി. യാസീന്‍ ഗ്രീസ് വഴി സൗദിയിലെത്തിയെന്നും വൈകാതെ കരാര്‍ ഒപ്പിടുമെന്നും മൊറോക്കന്‍ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
സ്‌പെയിനിലെ സെവിയയുടെ താരമായ യാസീന്‍ ബൂനൂ ടീമിലെടുക്കാന്‍ റയല്‍ മഡ്രീഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് പുതിയ നീക്കം.
കഴിഞ്ഞ ദിവസം ഗ്രീസിലെ പിരായൂസില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് സെവിയ ഷൂട്ടൗട്ടില്‍ തോറ്റിരുന്നു. എങ്കിലും മികച്ച പ്രകടനമാണ് യാസീന്‍ കാഴ്ചവെച്ചത്. ഇത് സെവിയയില്‍ മൊറോക്കന്‍ ഗോളിയുടെ അവസാന മത്സരമാണെന്നാണ് റിപ്പോര്‍ട്ട്. ഗ്രീസില്‍ മത്സരത്തിന് സെവിയ ടീം എത്തിയപ്പോഴാണ് യാസീനും ഹിലാല്‍ ക്ലബ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. കരാറിന്റെ വിശദാംശങ്ങളും പ്രതിഫല തുകയും പുറുത്തുവിട്ടിട്ടില്ല.
ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയെ സെമി ഫൈനല്‍ വരെ എത്തിക്കുന്നതില്‍ യാസീന്റെ പ്രകടനം നിര്‍ണായകമായിരുന്നു. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യാസീനെ ടീമിലെടുക്കാന്‍ ശ്രമം നടത്തിയിരുന്നു.
യാസീന്‍ ബൂനൂ കൂടി എത്തുന്നതോടെ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാല്‍ കൂടുതല്‍ കരുത്തരാവുകയാണ്. കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ട സൂപ്പര്‍ താരം നെയ്മാര്‍ തന്നെയാണ് ഹിലാലിന്റെ ഈ സീസണില്‍ സൂപ്പര്‍ ബമ്പര്‍. നാളെ റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നെയ്മാറിനൊപ്പം യാസീനെയും അവതരിപ്പിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. മിക്കവാറും അതിനാണ് സാധ്യത. നെയ്മാര്‍ക്കുപുറമെ, ബ്രസീലിന്റെ തന്റെ വിംഗര്‍ മാല്‍ക്കം, പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ റൂബന്‍ നെവെസ്, സെനഗല്‍ ഡിഫന്‍ഡര്‍ ഖാലിദു കൂലിബാലി, സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജി മിലിന്‍കോവിച് സാവിച് എന്നിവര്‍ ഈ സീസണില്‍ ഹിലാലില്‍ എത്തിയവരാണ്. നേരത്തെ തന്നെ സൗദിയിലെ പ്രമുഖ ടീമായ ഹിലാല്‍ നാല് തണ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായിട്ടുണ്ട്.
നെയ്മാര്‍ക്ക് പി.എസ്.ജിയില്‍ കിട്ടിയിരുന്നതിന്റെ മൂന്നിരട്ടി പ്രതിഫലം നല്‍കിയാണ് ഹിലാല്‍ കൊണ്ടുവരുന്നത്- പ്രതിവര്‍ഷം പത്ത് കോടി യൂറോ. അതിന്റെ ഇരട്ടി തുക അല്‍ നസ്‌റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ലഭിക്കുന്നുണ്ട്. ഇത്തിഹാദില്‍ ചേര്‍ന്ന കരീം ബെന്‍സീമക്കും വന്‍ തുകയാണ് പ്രതിഫലം.






