സൂറിക്- ലാറ്റിനമേരിക്കയില്‍ അര്‍ജന്റീനക്കു കളിക്കുന്ന ലിയണല്‍ മെസ്സി ഇപ്പോള്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്നത് വടക്കെ അമേരിക്കന്‍ മേഖലയിലെ മേജര്‍ ലീഗ് സോക്കറിലാണ്. യൂറോപ്പ് വിട്ടിട്ടും മെസ്സി യുവേഫ പ്ലെയര്‍ ഓഫ് ദി ഇയറാവുമോ? അന്തിമ പട്ടികയില്‍ ലിയണല്‍ മെസ്സിയും എര്‍ലിംഗ് ഹാളന്‍ഡും, കെവിന്‍ ഡിബ്രൂയിനെയുമാണുള്ളത്. ഹാളന്റിന് ബഹുമതി കിട്ടാനാണ് സാധ്യത. പ്രത്യേകിച്ചും മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ സീസണില്‍ ഹാട്രിക് കിരീടം നേടിയ സാഹചര്യത്തില്‍. മൂന്ന് പേരടങ്ങിയ അന്തിമ പട്ടിക ഇന്നലെയാണ് യുവേഫ പുറത്തുവിട്ടത്. അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയതും, പി.എസ്.ജിയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാക്കിയതുമാണ് മെസ്സിക്ക് പിന്‍ബലമായതെങ്കില്‍ കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗും ഇംഗ്ലീഷ് പ്രിമിയര്‍ ലീഗും നേടിയതിന് പിന്നിലെ മിടുക്കാണ് ഹാളന്‍ഡിനും ഡിബ്രൂയിനെക്കും തുണയായത്. സിറ്റിയുടെ ക്യാപ്റ്റനും മിഡ്ഫീല്‍ഡിലെ കരുത്തുമാണ് ബെല്‍ജിയംകാരനായ ഡിബ്രൂയിനെ. സിറ്റിയുടെ ടോപ് സ്‌കോററാണ് നോര്‍വേക്കാരനായ ഹാളന്‍ഡ്. യൂറോപ്പിലെ ദേശീയ ടീമുകളുടെയും യുവേഫ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ക്ലബുകളുടെയും കോച്ചുമാര്‍, തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ പാനലില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും കുടുതല്‍ പോയന്റ് നേടിയ മൂന്ന് പേരെ ഉള്‍പ്പെടുത്തി അന്തിമ പട്ടിക തയാറാക്കിയത്.
ഓഗസ്റ്റ് 31ന് മൊണാക്കോയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പ് ചടങ്ങില്‍ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും.
സീസണില്‍ പി.എസ്.ജി വിട്ട് അമേരിക്കയിലെ ഇന്റര്‍ മയാമിയില്‍ ചേര്‍ന്ന മെസ്സി അവിടെയും തകര്‍പ്പന്‍ ഫോമിലാണ്. ഹാളഡും, ഡിബ്രൂയിനെയും സിറ്റിയില്‍ തുടരുന്നു.
മികച്ച കോച്ചിനുള്ള അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ സിറ്റി കോച്ച് പെപ് ഗ്വാഡിയോളയുമുണ്ട്. ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച സിമോണ്‍ ഇന്‍സാഗി, 33 വര്‍ഷത്തെ ഇടവേളക്കുശേഷം നാപോളിയെ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരാക്കിയ ലൂഷ്യാനോ സ്പാലെട്ടി എന്നിവരാണ് പട്ടിടകയിലെ മറ്റ് രണ്ടു പേര്‍.






