ഗാഡിയോള യുഗത്തിലെ 15ാം കിരീടം, സിറ്റി തുടങ്ങി

ആതന്‍സ് - ഈ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടങ്ങി. യുവേഫ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ സിറ്റി ഷൂട്ടൗട്ടില്‍ 5-4 ന് തോല്‍പിച്ചു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് മുന്നോടിയായി നടന്ന കമ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സനലിനോട് സിറ്റി ഷൂട്ടൗട്ടില്‍ തോറ്റിരുന്നു. 
നിശ്ചിത സമയത്ത് 1-1 ല്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ആദ്യ ഒമ്പത് കിക്കുകളും ഗോളായി. നെമാന്യ ഗുദെലിയുടെ ഷോട്ട് ക്രോസ്ബാറിനിടിച്ചപ്പോഴാണ് സിറ്റിക്ക് കിരീടമുറച്ചത്. 2016 ല്‍ പെപ് ഗാഡിയോള കോച്ചായി വന്ന ശേഷം സിറ്റി നേടുന്ന പതിനഞ്ചാമത്തെ കിരീടമാണ് ഇത്. 
യൂസുഫ് അന്നസീരിയുടെ കിടിലന്‍ ഹെഡറിലൂടെ ഇരുപത്തഞ്ചാം മിനിറ്റില്‍ സെവിയയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ സിറ്റി കടിഞ്ഞാണേറ്റെടുത്തു. കോള്‍ പാമറുടെ ഹെഡറില്‍ അറുപത്തിമൂന്നാം മിനിറ്റില്‍ ലീഡ് നേടി. 
നാലു തവണ സൂപ്പര്‍ കപ്പ് നേടുന്ന രണ്ടാമത്തെ കോച്ചായി ഗാഡിയോള. മൂന്നു ടീമുകള്‍ക്കൊപ്പം സൂപ്പര്‍ കപ്പ് നേടുന്ന ആദ്യ കോച്ചാണ്. ബയേണ്‍ മ്യൂണിക് (2013), ബാഴസലോണ (2009, 2011) എന്നിവയാണ് മറ്റു ടീമുകള്‍. 

Latest News