മനാമ- പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾ ഇന്ത്യൻ അംബാസഡർ വിനോദ്.കെ.ജേക്കബിനെ സന്ദർശിച്ചു. ഭാരതീയരായ പ്രവാസികളെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും അംഗങ്ങൾ അംബാസഡറുമായി ചർച്ച നടത്തി. പ്രവാസികൾക്കുള്ള താൽക്കാലിക ഷെൽട്ടർ സംവിധാനം, നിയമസഹായം, സാമൂഹികമായുള്ള സഹായങ്ങൾ എന്നിവയെല്ലാം ചർച്ചാ വിഷയമായി. പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി സുഷമ അനിൽകുമാർ, ട്രഷറർ ടോജി അവറാച്ചൻ, സീനിയർ ഗവേണിങ്ങ് കൗൺസിൽ മെമ്പർ രാജി ഉണ്ണികൃഷ്ണൻ, അമൽദേവ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. ബഹ്റൈനിലെ പ്രവാസി ഭാരതീയർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിശദമായ ഒരു റിപ്പോർട്ട് അംബാസഡർക്ക് പി.എൽ.സി അംഗങ്ങൾ കൈമാറി. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിമാരായ ഇജാസ് അസ്ലം, രവിശങ്കർ ശുക്ല എന്നിവരും ചർച്ചയിൽ പങ്കെടുത്തു.






