നെയ്മാറിന്റെ അരങ്ങേറ്റം ശനിയാഴ്ച കിംഗ് ഫഹദ് സ്റ്റേഡിയം ഒരുങ്ങുന്നു

റിയാദ് - ഏഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബിന് ശനിയാഴ്ച ആഘോഷ ദിനം. അൽഹിലാൽ താരമായി നെയ്മാറിനെ അന്ന് റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ അവതരിപ്പിക്കും. നീല ജഴ്‌സിയിൽ നെയ്മാർ ഇറങ്ങുന്നതു കാണാൻ എഴുപതിനായിരത്തോളം പേർക്കിരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷ. പോർചുഗീസുകാരനായ ജോർജെ ജീസസ് പരിശീലിപ്പിക്കുന്ന അൽഹിലാൽ ശനിയാഴ്ച ഹോം മത്സരത്തിൽ അൽഫൈഹയുമായി കളിക്കുന്നുണ്ട്. നെയ്മാർ പത്താം നമ്പർ ജഴ്‌സിയിൽ ആ കളിയിൽ ഇറങ്ങുമോയെന്ന് ഉറപ്പില്ല.
ചൊവ്വാഴ്ച രാത്രിയാണ് സ്വകാര്യ വിമാനത്തിൽ നെയ്മാർ റിയാദിലെത്തിയത്. ഞാൻ ഹിലാലിയാണെന്നും സൗദിയിലുണ്ടെന്നും മുപ്പത്തൊന്നുകാരൻ ട്വീറ്റ് ചെയ്തു. നെയ്മാർ ക്ലബ്ബിലെത്തുന്ന വീഡിയൊ അൽഹിലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അതോടെ നെയ്മാറിന്റെ പേരുള്ള പത്താം നമ്പർ അൽഹിലാൽ ജഴ്‌സിക്കായി ആരാധകരുടെ തള്ളിക്കയറ്റം ആരംഭിച്ചു. 
യൂറോപ്യൻ ഫുട്‌ബോളിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയെന്നും ഒരുപാട് മധുരമുഹൂർത്തങ്ങൾ ആസ്വദിച്ചുവെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും നെയ്മാർ പറഞ്ഞു. പുതിയ സാഹചര്യങ്ങളിൽ പുതിയ വെല്ലുവിളികളാണ് എന്നെ ത്രസിപ്പിക്കുന്നത്. പുതിയ ചരിത്രമെഴുതാനാണ് ആഗ്രഹം. സൗദി പ്രൊ ലീഗ് ഇപ്പോൾ മികച്ച കളിക്കാരുള്ള ഉന്നത നിലവാരമുള്ള ലീഗാണ് -നെയ്മാർ പറഞ്ഞു. അൽഹിലാലിൽ ബ്രസീലിയൻ വിംഗർ മാൽക്കം, പോർചുഗൽ മിഡ്ഫീൽഡർ റൂബൻ നെവെസ്, സെനഗാൽകാരനായ ഡിഫന്റർ ഖാലിദു കൂലിബാലി, സെർബിയൻ മിഡ്ഫീൽഡർ സെർജി മിലിൻകോവിച് സാവിച് തുടങ്ങിയ പ്രമുഖ കളിക്കാർ ഈ സീസണിന് മുമ്പ് ഹിലാലിൽ എത്തിയിരുന്നു. 

പ്രതിഫലം മൂന്നിരട്ടി
10 കോടി യൂറോ ആയിരിക്കും അൽഹിലാലിൽ നെയ്മാറിന്റെ വാർഷിക പ്രതിഫലം. അന്നസ്‌റിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോക്കു കിട്ടുന്നതിന്റെ പകുതി മാത്രമാണ് ഇത്. എന്നാൽ പി.എസ്.ജിയിൽ നെയ്മാറിന് ലഭിച്ചിരുന്നത് മൂന്നു കോടി യൂറോ മാത്രമായിരുന്നു. 
തനിക്ക് മുമ്പും ഒരുപാട് ബ്രസീൽ കളിക്കാരുടെ ഇഷ്ടദേശമാണ് സൗദിയെന്ന് മനസ്സിലാക്കുന്നതായി നെയ്മാർ വെളപ്പെടുത്തി. ഗോളടിക്കുന്നതും ജയിക്കുന്നതുമാണ് എനിക്കിഷ്ടം. സൗദി അറേബ്യയിലും അൽഹിലാലിലും അത് തുടരാനാണ് ആഗ്രഹം -ബ്രസീലിയൻ ഗോൾഡൻ ബോയ് പറഞ്ഞു.
നെയ്മാറിനെ പോലൊരു കളിക്കാരനെ കൈവിടുന്നതിൽ ദുഃഖമുണ്ടെന്ന പ്രസ്താവനയോടെയാണ് പി.എസ്.ജി പ്രസിഡന്റ് നാസർ അൽഖിലൈഫി ബ്രസീൽ താരത്തിന്റെ ട്രാൻസ്ഫർ വെളിപ്പെടുത്തിയത്. നെയ്മാർ പി.എസ്.ജിയിലെത്തിയ ദിവസവും താരത്തിന്റെ സംഭാവനകളും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 
17.5 കോടി ഡോളറിന്റെ രണ്ടു വർഷത്തെ ഓഫറാണ് നെയ്മാറിന് അൽഹിലാൽ മുന്നോട്ടുവെച്ചത്. ബ്രസീൽ താരത്തിന് മുൻ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോവണമെന്ന് താൽപര്യമുണ്ടായിരുന്നു. എന്നാൽ ഹിലാലിന്റെ ഓഫർ അവഗണിക്കാനാവാത്തതായിരുന്നു. അതിനെ വെല്ലാനുള്ള സാമ്പത്തിക ശേഷി ബാഴ്‌സലോണക്കില്ല. ലോണിലെങ്കിലും നെയ്മാറിനെ സ്വന്തമാക്കാൻ അവർക്കു കഴിഞ്ഞില്ല. ലിയണൽ മെസ്സിയെയോ കീലിയൻ എംബാപ്പെയെയോ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ട അൽഹിലാലിന് നെയ്മാറിന്റെ വരവ് ആശ്വാസമായി. 
അൽഹിലാൽ സൗദി അറേബ്യയിലെയും ഏഷ്യയിലെയും ഏറ്റവും വിജയം വരിച്ച ക്ലബ്ബാണ്. 18 സൗദി ലീഗ് കിരീടവും നാല് ഏഷ്യൻ കിരീടവുമായി 66 ട്രോഫികൾ ഹിലാൽ നേടിയിട്ടുണ്ട്.  നേടാൻ മറ്റൊരു ക്ലബ്ബിനും സാധിച്ചിട്ടില്ല. 
അൽഇത്തിഹാദ്, അൽഅഹ്‌ലി, അൽഹിലാൽ, അന്നസ്ർ ക്ലബ്ബുകളെ ഈയിടെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ കൊണ്ടുവന്നിരുന്നു. ഫലത്തിൽ ഈ ക്ലബ്ബുകൾ രാജ്യത്തിന്റെ സ്വത്തായി മാറി. അതോടെയാണ് ടീം ശക്തിപ്പെടുത്താനുള്ള ഊർജിത ശ്രമം തുടങ്ങിയത്. പ്രമുഖ കളിക്കാരെയും കോച്ചുമാരെയും കൊണ്ടുവരാൻ 50 കോടി ഡോളർ ഈ സീസണിനു മുമ്പ് സൗദി ക്ലബ്ബുകൾ ചെലവിട്ടു. വെള്ളിയാഴ്ചയാണ് പുതിയ സീസൺ ആരംഭിച്ചത്.   
2017 ൽ അന്നത്തെ ലോക റെക്കോർഡായ 22.2 കോടി യൂറോക്കാണ് നെയ്മാർ പി.എസ്.ജിയിൽ ചേർന്നത്. 173 കളികളിൽ 118 ഗോളടിച്ചു. 2025 വരെ കരാർ ബാക്കിയുണ്ട്. പി.എസ്.ജിയിൽ ഒരിക്കലും പ്രതീക്ഷിച്ച ഉയരങ്ങൡലെത്താൻ നെയ്മാറിന് സാധിച്ചില്ല. പരിക്കുകൾ താരത്തെ നിരന്തരമായി അലട്ടി. അഞ്ച് ഫ്രഞ്ച് ലീഗ് കിരീടങ്ങളുൾപ്പെടെ 13 ട്രോഫികൾ നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനാവാത്തത് ദുഃഖമായി അവശേഷിക്കും. 


 

Latest News