ന്യൂകാസില്‍ - അപ്രതീക്ഷിതമായി ഇറ്റലിയുടെ പരിശീലക പദവിയൊഴിഞ്ഞ റോബര്‍ടൊ മാഞ്ചീനി സൗദി അറേബ്യയുടെ കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ സൗദി ഉടമസ്ഥതയിലുള്ള ന്യൂകാസിലിന്റെ ഗ്രൗണ്ടില്‍ സൗദി ദേശീയ ടീം സെപ്റ്റംബറില്‍ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. അതിന് മുന്നോടിയായി മാഞ്ചീനി ചുമതലയേറ്റെടുത്തേക്കുമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ എട്ടിന് കോസ്റ്ററീക്കയുമായും നാലു ദിവസത്തിനു ശേഷം തെക്കന്‍ കൊറിയയുമായുമായാണ് സൗദി കളിക്കുന്നത്. ഏഷ്യന്‍ കപ്പിനുള്ള സൗദി ടീമിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് പരിശീലന മത്സരം കളിക്കുന്നത്. തെക്കന്‍ കൊറിയയെ പരിശീലിപ്പിക്കുന്നത് മുന്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ യൂര്‍ഗന്‍ ക്ലിന്‍സ്മാനാണ്. ഏഷ്യന്‍ കപ്പില്‍ കിര്‍ഗിസ്ഥാനും തായ്‌ലന്റും ഒമാനുമുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് സൗദി.
സൗദി ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കാനല്ല ഇറ്റലിയുടെ കോച്ച് പദവി ഒഴിഞ്ഞതെന്ന് മാഞ്ചീനി ആവര്‍ത്തിച്ചു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി ഗബ്രിയേല്‍ ഗ്രാവിനയുമായുള്ള തര്‍ക്കമാണ് കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് രാജി. ലൂസിയാനൊ സ്പലേറ്റി ഇറ്റലിയുടെ കോച്ചായി വരുമെന്ന് റിപ്പോര്‍ട്ടുണ്ട്. മാഞ്ചീനിയുടെ കീഴില്‍ ഇറ്റലി യൂറോപ്യന്‍ ചാമ്പ്യന്മാരായെങ്കിലും ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.






