ഒത്തുകളിക്കേസില്‍ വിന്‍ഡീസ് താരം പ്രതി

ദുബായ് - 2019 ലെ അബുദാബി ടി10 ടൂര്‍ണമെന്റില്‍ ഒത്തുകളി നടത്തിയെന്ന ആരോപണത്തില്‍ മുന്‍ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ മാര്‍ലണ്‍ സാമുവേല്‍സ് കുറ്റക്കാരനാണെന്ന് അന്വേഷണക്കമ്മിറ്റി കണ്ടെത്തി. 2012 ലെയും 2016 ലെയും ട്വന്റി20 ലോകകപ്പിലെ പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു സാമുവേല്‍സ്. 2021 സെപ്റ്റംബറിലാണ് ഐ.സി.സി സാമുവേല്‍സിനെതിരെ കുറ്റം ചുമത്തിയത്. സാമുവേല്‍സിന് എന്ത് ശിക്ഷ നല്‍കണമെന്ന് അന്വേഷണക്കമ്മിറ്റി തീരുമാനിക്കും.  
2019 ലെ ടി10 ടൂര്‍ണമെന്റില്‍ കര്‍ണാടക ടസ്‌കേഴ്‌സ് ടീമംഗമായിരുന്നു സാമുവേല്‍സ്. പക്ഷെ ടൂര്‍ണമെന്റില്‍ കളിച്ചില്ല. സമ്മാനം സ്വീകരിച്ചത് അഴിമതിവിരുദ്ധ ഒഫിഷ്യലുകളെ അറിയിച്ചില്ല, അന്വേഷണക്കമ്മിറ്റിയുമായി സഹകരിച്ചില്ല, വിവരങ്ങള്‍ മറച്ചുവെച്ച് അന്വേഷണം വൈകിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍. 
വെസ്റ്റിന്‍ഡീസിനു വേണ്ടി 71 ടെസ്റ്റും 207 ഏകദിനങ്ങളും 67 ട്വന്റി20യും കളിച്ച സാമുവേല്‍സ് 2020 നവംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 17 സെഞ്ചുറിയുള്‍പ്പെടെ 11,000 റണ്‍സെടുത്തിട്ടുണ്ട്. 2008 ല്‍ അനഭിമതമായ രീതിയില്‍ സമ്മാനം സ്വീകരിച്ചതിന് രണ്ടു വര്‍ഷം വിലക്കനുഭവിച്ചിരുന്നു. 

Latest News