ഓസ്‌ട്രേലിയന്‍ കുതിപ്പിനന്ത്യം, ഇംഗ്ലണ്ട് x സ്‌പെയിന്‍ ഫൈനല്‍

ഫൈനല്‍
ഇംഗ്ലണ്ട്xസ്‌പെയിന്‍ 
ശനിയാഴ്ച, 11.00

സിഡ്‌നി - ആതിഥേയരായ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ മൂന്നു ഗോളില്‍ മുക്കി യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തി. സ്‌പെയിനുമായാണ് അവര്‍ ശനിയാഴ്ച കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുക. ആതിഥേയ രാജ്യത്തെ ആവേശക്കൊടുമുടി കയറ്റിയ മറ്റില്‍ഡാസിന്റെ മുന്നേറ്റത്തിനാണ് ഇംഗ്ലണ്ട് മൂക്കുകയറിട്ടത്. ടീമിന്റെ സൂപ്പര്‍സ്റ്റാര്‍ സാം കെര്‍ ടൂര്‍ണമെന്റിലാദ്യമായി പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നേടുകയും ഗോളടിക്കുകയും ചെയ്‌തെങ്കിലും ഇംഗ്ലണ്ട് വിജയത്തിലേക്ക് വഴി കണ്ടു. 
ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് ആധിപത്യം നേടുകയും മുപ്പത്താറാം മിനിറ്റില്‍ എല്ല ടൂണിലൂടെ ലീഡ് നേടുകയും ചെയ്തു. അറുപത്തിമൂന്നാം മിനിറ്റിലെ സമനില ഗോള്‍ സിഡ്‌നിയിലെ മുക്കാല്‍ ലക്ഷത്തോളം വരുന്ന കാണികളെ ആനന്ദലഹരിയിലേക്കുയര്‍ത്തി. എന്നാല്‍ എഴുപത്തൊന്നാം മിനിറ്റില്‍ ലോറന്‍ ഹെംപ് ഇംഗ്ലണ്ടിന്റെ ലീഡ് വീണ്ടെടുത്തു. നാലു മിനിറ്റിനു ശേഷം അലീസിയ റൂസോയുടെ ഗോളിന് വഴിയൊരുക്കിയതും ഹെംപാണ്. 
ഇംഗ്ലണ്ടും സ്‌പെയിനും ആദ്യമായാണ് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. 2003 നു ശേഷം ആദ്യമായാണ് യൂറോപ്യന്‍ ടീമുകള്‍ ഫൈനലില്‍ മുഖാമുഖം വരുന്നത്. രണ്ട് ടീമുകളെ ഫൈനലിലെത്തിച്ച ആദ്യ കോച്ചായി ഇംഗ്ലണ്ടിന്റെ സെറീന വീഗ്മാന്‍. 2019 ല്‍ ഫൈനലില്‍ തോറ്റ നെതര്‍ലാന്റ്‌സിന്റെയും കോച്ചായിരുന്നു. സ്വീഡനെ തോല്‍പിച്ചാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്. 
തുടര്‍ച്ചയായ മൂന്നാം ലോകകപ്പില്‍ സെമി കളിക്കുന്ന ഇംഗ്ലണ്ടിന്റെ പരിചയസമ്പത്ത് ആദ്യ പകുതിയിലും അവസാന 20 മിനിറ്റിലും പ്രകടമായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ അവര്‍ കളി നിയന്ത്രിച്ചു. ഓസ്‌ട്രേലിയ സുദീര്‍ഘമായ ഇടവേളകളില്‍ പന്ത് കിട്ടാതെ വെള്ളം കുടിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിലെ 7-6 സഡന്‍ഡെത്തില്‍ ഫ്രാന്‍സിനെ തോല്‍പിച്ചതോടെ ഓസ്‌ട്രേലിയയുടെ ഊര്‍ജം വറ്റിയതു പോലെ തോന്നി. ഇംഗ്ലണ്ട് കഴിഞ്ഞ രണ്ടു തവണയും സെമി ഫൈനല്‍ ഘട്ടത്തില്‍ പുറത്തായിരുന്നു.
 

Latest News