ചെസ്റ്റര്‍ - ഗോളടി യജ്ഞം ലിയണല്‍ മെസ്സി തുടര്‍ന്നതോടെ ലീഗ്സ് കപ്പ് ഫുട്ബോളില്‍ ഇന്റര്‍ മയാമി ഫൈനലില്‍. ഫിലാഡല്‍ഫിയയെ അവര്‍ 4-1 ന് തകര്‍ത്തു. മയാമിയിലെ ആദ്യ ആറു കളികളിലും മെസ്സി സ്കോര്‍ ചെയ്തു. ഒമ്പതാമത്തെ ഗോളാണ് ഇത്.
ഫിലാഡല്‍ഫിയയിലെ സുബാറു പാര്‍ക്കില്‍ നടന്ന ആസ്വാദ്യകമായ മത്സരത്തില്‍ വെനിസ്വേല ഇന്റര്‍നാഷനല്‍ ജോസഫ് മാര്‍ടിനേസ്, ബാഴ്സലോണയില്‍ മെസ്സിയുടെ സഹതാരമായിരുന്ന യോര്‍ദി ആല്‍ബ, സബ്സ്റ്റിറ്റിയൂട്ട് ഡേവിഡ് റൂയിസ് എന്നിവരും സ്കോര്‍ ചെയ്തു. ഫിലാഡല്‍ഫിയയുടെ ഏക ഗോള്‍ അലജാന്ദ്രൊ ബെദോയയുടെ വകയായിരുന്നു.
ലീഗ്സ് കപ്പിലേത് മെസ്സിയുടെ കരിയറിലെ 42ാമത്തെ ഫൈനലായിരിക്കും. ഫൈനലിലെത്തിയതോടെ കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിനും മയാമി യോഗ്യത നേടി. മയാമിയിലെത്തിയ ശേഷം മെസ്സി നേരിടുന്ന ഏറ്റവും ശക്തമായ ടീമായിരുന്നു ഫിലാഡല്‍ഫിയ. മേജര്‍ ലീഗ് സോക്കറിലെ മുന്‍നിര ക്ലബ്ബുകളിലൊന്നാണ് അവര്‍. ഇന്റര്‍ മയാമിയാവട്ടെ വാലറ്റത്തുള്ള ടീമും. സുബാറു പാര്‍ക്കിലെ ഹോം സ്റ്റേഡിയത്തില്‍ കഴിഞ്ഞ 38 കളികളില്‍ ഒരിക്കല്‍ മാത്രമാണ് ഫിലാഡല്‍ഫിയ തോറ്റത്. പക്ഷെ മൂന്നാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ശേഷം അവര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.






