റിയാദ് - യൂറോപ്യന്‍ ഫുട്ബോളില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയെന്നും ഒരുപാട് മധുരമുഹൂര്‍ത്തങ്ങള്‍ ആസ്വദിച്ചുവെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും അല്‍ഹിലാലില്‍ ചേര്‍ന്ന ശേഷം ബ്രസീലിയന്‍ ഗോള്‍ഡന്‍ ബോയ് നെയ്മാര്‍. പുതിയ സാഹചര്യങ്ങളില്‍ പുതിയ വെല്ലുവിളികളാണ് എന്നെ ത്രസിപ്പിക്കുന്നത്. പുതിയ ചരിത്രമെഴുതാനാണ് ആഗ്രഹം. സൗദി പ്രൊ ലീഗ് ഇപ്പോള്‍ മികച്ച കളിക്കാരുള്ള ഉന്നത നിലവാരമുള്ള ലീഗാണ് -നെയ്മാര്‍ പറഞ്ഞു. അല്‍ഹിലാലില്‍ ബ്രസീലിയന്‍ വിംഗര്‍ മാല്‍ക്കം, പോര്‍ചുഗല്‍ മിഡ്ഫീല്‍ഡര്‍ റൂബന്‍ നെവെസ്, സെനഗാല്കാരനായ ഡിഫന്റര്‍ ഖാലിദു കൂലിബാലി തുടങ്ങിയ പ്രമുഖ കളിക്കാരുണ്ട്.
ഒരുപാട് ബ്രസീല്‍ കളിക്കാര്‍ സൗദിയില്‍ കളിച്ചിട്ടുണ്ട്. അത് ഇഷ്ടപ്രദേശമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഗോളടിക്കുന്നതും ജയിക്കുന്നതുമാണ് എനിക്കിഷ്ടം. സൗദി അറേബ്യയിലും അല്‍ഹിലാലിലും അത് തുടരാനാണ് ആഗ്രഹം -നെയ്മാര്‍ പറഞ്ഞു.
താന്‍ സൗദി അറേബ്യയിലുണ്ടെന്നും താന്‍ ഹിലാലി ആണെന്നും പ്രഖ്യാപിച്ചാണ് നെയ്മാര്‍ തന്റെ പുതിയ ലാവണം ആദ്യമായി വെളിപ്പെടുത്തിയത്. അല്‍ഹിലാല്‍ ക്ലബ്ബ് സോഷ്യല്‍ മീഡിയയിലാണ നെയ്മാറിന്റെ വീഡിയൊ പങ്കുവെച്ചത്. നെയ്മാറിനെ പോലൊരു കളിക്കാരനെ കൈവിടുന്നതില്‍ ദുഃഖമുണ്ടെന്ന് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്ഖിലൈഫിയും പ്രസ്താവിച്ചു. നെയ്മാര്‍ പി.എസ്.ജിയിലെത്തിയ ദിവസവും താരത്തിന്റെ സംഭാവനകളും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
17.5 കോടി ഡോളറിന്റെ രണ്ടു വര്‍ഷത്തെ ഓഫര്‍ പി.എസ്.ജി സ്വീകരിച്ചതോടെയാണ് കരാര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങിയത്. ബ്രസീല്‍ താരത്തിന് മുന്‍ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോവണമെന്ന് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ ഹിലാലിന്റെ ഓഫര്‍ അവഗണിക്കാനാവാത്തതായിരുന്നു. ലിയണല്‍ മെസ്സിയെയോ കീലിയന്‍ എംബാപ്പെയെയോ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ട അല്‍ഹിലാലിന് നെയ്മാറിന്റെ വരവ് ആശ്വാസമായി. അതേസമയം മെസ്സിയെയും നെയ്മാറിനെയും കിട്ടാത്തത് ബാഴ്സലോണക്ക് വലിയ നിരാശ പകരും. ലോണിലെങ്കിലും കൊണ്ടുവരാനുള്ള സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല ബാഴ്സലോണ. നെയ്മാറിനെ പ്രവാസ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്ന ട്രോളുകളുമായി മലയാളി പ്രവാസികളും സൗദി ഫുട്ബോള്‍ ആരാധകരുടെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു.
അല്‍ഹിലാല്‍ സൗദി അറേബ്യയിലെയും ഏഷ്യയിലെയും ഏറ്റവും വിജയം വരിച്ച ക്ലബ്ബാണ്. 66 ട്രോഫികള്‍ അവര്‍ നേടിയിട്ടുണ്ട്. 18 സൗദി ലീഗ് കിരീടവും നാല് ഏഷ്യന്‍ കിരീടവും നേടാന്‍ മറ്റൊരു ക്ലബ്ബിനും സാധിച്ചിട്ടില്ല. ഖാലിദു കൂലിബാലി, റൂബന്‍ നെവെസ്, സെര്‍ജി മിലിന്‍കോവിച് സാവിച് തുടങ്ങിയ പ്രമുഖ താരങ്ങളെ ഈ സീസണിനു മുമ്പ് അല്‍ഹിലാല്‍ ടീമിലെത്തിച്ചിട്ടുണ്ട്.
ഒമ്പത് കോടി യൂറോ ട്രാന്‍സ്ഫര്‍ തുകയാണ് പി.എസ്.ജിക്ക് കിട്ടുകയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരിസില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ നെയ്മാര്‍ റിയാദിലെത്തി. കിംഗ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും ഇന്നോ നാളെയോ പ്രസന്റേഷന് ചടങ്ങ്. പോര്‍ചുഗീസുകാരനായ ജോര്‍ജെ ജീസസ് പരിശീലിപ്പിക്കുന്ന അല്‍ഹിലാല്‍ ശനിയാഴ്ച ഹോം മത്സരത്തില്‍ അല്ഫൈഹയുമായി കളിക്കുന്നുണ്ട്. നെയ്മാര്‍ പത്താം നമ്പര്‍ ജഴ്സിയില്‍ ഇറങ്ങുമെന്നാണ് സൂചന.
അല്‍ഇത്തിഹാദ്, അല്അഹ്ലി, അല്‍ഹിലാല്‍, അന്നസ്ര്‍ ക്ലബ്ബുകളെ ഈയിടെ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴില്‍ കൊണ്ടുവന്നിരുന്നു. ഫലത്തില്‍ ഈ ക്ലബ്ബുകള്‍ രാജ്യത്തിന്റെ സ്വത്തായി മാറി. അതോടെയാണ് ടീം ശക്തിപ്പെടുത്താനുള്ള ഊര്‍ജിത ശ്രമം തുടങ്ങിയത്. പ്രമുഖ കളിക്കാരെയും കോച്ചുമാരെയും കൊണ്ടുവരാന്‍ 50 കോടി ഡോളര്‍ ഈ സീസണിനു മുമ്പ് സൗദി ക്ലബ്ബുകള്‍ ചെലവിട്ടു. വെള്ളിയാഴ്ചയാണ് പുതിയ സീസണ് ആരംഭിച്ചത്. കഴിഞ്ഞ ലോകകപ്പിനു ശേഷം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ അന്നസ്റില്‍ ചേര്‍ന്നതോടെയാണ് സൗദി ലീഗിലേക്ക് മുന്‍നിര കളിക്കാരുടെ ഒഴുക്കാരംഭിച്ചത്. കരീം ബെന്‍സീമ, റിയാദ് മഹ്റേസ്, എന്‍ഗോളൊ കാണ്ടെ, എഡ്വേഡ് മെന്‍ഡി, റോബര്‍ടൊ ഫിര്‍മിനൊ തുടങ്ങി നിരവധി പ്രമുഖ കളിക്കാര്‍ ഈ സീസണില്‍ സൗദി ലീഗില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി ഇറങ്ങും.
2017 ല്‍ അന്നത്തെ ലോക റെക്കോര്‍ഡായ 22.2 കോടി യൂറോക്കാണ് നെയ്മാര്‍ പി.എസ്.ജിയില്‍ ചേര്‍ന്നത്. 173 കളികളില്‍ 118 ഗോളടിച്ചു. 2025 വരെ കരാര്‍ ബാക്കിയുണ്ട്. പി.എസ്.ജിയില്‍ ഒരിക്കലും പ്രതീക്ഷിച്ച ഉയരങ്ങൡലെത്താന് നെയ്മാറിന് സാധിച്ചില്ല. പരിക്കുകള്‍ താരത്തെ നിരന്തരമായി അലട്ടി. അഞ്ച് ഫ്രഞ്ച് ലീഗ് കിരീടങ്ങളുള്‍പ്പെടെ 13 ട്രോഫികള്‍ നേടിയെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാനാവാത്തത് ദുഃഖമായി അവശേഷിക്കും. ലൂയിസ് എന്റിക്വെ കോച്ചായി വരികയും ടീം ഉടച്ചുവാര്‍ക്കുകയും ചെയ്തതോടെ നെയ്മാര്‍ അനിവാര്യമല്ലാതായി.
നെയ്മാര്‍ ടീം വിടുമെന്നതു മുന്നില്‍ കണ്ട് ബാഴ്സലോണയില്‍ നിന്ന് ഫ്രഞ്ച് സ്ട്രൈക്കര്‍ ഉസ്മാന് ദെംബെലെയെ 5.04 കോടി യൂറോയുടെ കരാറില്‍ പി.എസ്.ജി സ്വന്തമാക്കിയിരുന്നു. 2017 ല്‍ ക്ലബ്ബ് റെക്കോര്‍ഡായ 14.7 കോടി യൂറോക്കാണ ഇരുപത്താറുകാരനെ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ബാഴ്സലോണ റാഞ്ചിയത്. അന്ന് പി.എ്സ്.ജിയിലേക്ക് ചേക്കേറിയ നെയ്മാറിന് പകരക്കാരനായാണ് ബാഴ്സലോണ ദെംബെലെയെ കൊണ്ടുവന്നത്. ഇപ്പോള്‍ നെയ്മാറിനു പകരക്കാരനായി പി.എസ്.ജിയില്‍ എത്തിയിരിക്കുകയാണ് ദെംബെലെ.






