ഹബീബ് -കേരളത്തില്‍ തുടങ്ങിയ പ്രയാണം

ജിദ്ദ - ഒരുപാട് പ്രമുഖ കളിക്കാരുടെ പ്രയാണത്തിന് തുടക്കമിടാന്‍ കേരളത്തിലെ ഫുട്‌ബോള്‍ മണ്ണിന് ഭാഗ്യമുണ്ടായിട്ടുണ്ട്. അതില്‍ പ്രമുഖനാണ് മുഹമ്മദ് ഹബീബ്. 1965 ലെ കൊല്ലം സന്തോഷ് ട്രോഫിയിലൂടെയാണ് ഹബീബ് ആദ്യം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. പതിനാറുകാരനായ ഹബീബ് ആക്രമണം നയിച്ച ഹൈദരാബാദ് ആ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി. 
ഫുട്‌ബോള്‍ കുടുംബത്തിലാണ് ഹബീബിന്റെ ജനനം. മൂത്ത ജ്യേഷ്ഠന്‍ മുഹമ്മദ് അഅ്‌സം രാജ്യാന്തര റഫറിയായിരുന്നു. 1971 ലെ തെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസിന്റെ ഫൈനല്‍ നിയന്ത്രിച്ചത് അദ്ദേഹമായിരുന്നു. പതിനാലാം വയസ്സില്‍ ഹൈദരാബാദ് സിറ്റി കോളേജ് ഓള്‍ഡ് ബോയ്‌സ് ക്ലബ്ബിലാണ് ഹബീബ് കളി തുടങ്ങിയത്. 1964 ല്‍ ഹൈദരാബാദ് ടെലിക്കോമില്‍ ജോലി കിട്ടിയതോടെ അവരുടെ ജഴ്‌സിയിട്ടു. 1965 ലെ കൊല്ലം സന്തോഷ് ട്രോഫിയില്‍ ഈ പതിനാറുകാരന്റെ പ്രതിഭാ വിലാസത്തില്‍ ഹൈദരാബാദ് കിരീടമുയര്‍ത്തി. 1971 ലെ പ്രി ഒളിംപിക് ഫുട്‌ബോളില്‍ ഇന്ത്യയെ നയിച്ചു. പലതവണ ഹബീബും സഹോദരന്‍ അക്ബറും ഇന്ത്യന്‍ ടീമില്‍ ഒപ്പമുണ്ടായിരുന്നു. 
കല്‍ക്കത്തയില്‍ ഹബീബ് ആദ്യം കളിച്ചത് ഈസ്റ്റ്ബംഗാളിനായിരുന്നു. പിന്നീട് ബദ്ധവൈരികളായ മോഹന്‍ബഗാനിലെത്തി. ഒടുവില്‍ മുഹമ്മദന്‍സിനും കളിച്ചു. മുഹമ്മദന്‍സിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
 

Latest News