ദോഹ- എഴുപത്തി ഏഴാമത് സ്വാതന്ത്ര്യദിനാഘോഷം ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിക്കു കീഴിൽ നടന്ന സ്വതന്ത്ര ദിനാഘോഷം അബൂഹമൂറിലെ ഐസിസിയിൽ നടന്നു. ഐസിസി അങ്കണത്തിൽ രാവിലെ ഇന്ത്യൻ അംബാസഡർ വിപുൽ ദേശീയ പതാക ഉയർത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഐസിസി യിൽ എത്തിയിരുന്നു.
തുടർന്ന് ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽ അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. കഴിഞ്ഞദിവസം ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ വിപുലിന്റെ ഖത്തറിലെ ആദ്യപൊതുചടങ്ങുകൂടിയായി സ്വതന്ത്രദിനാഘോഷം.ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് ഇ.പി അബ്ദുൾ റഹ്മാൻ, ഐബിപിസി പ്രസിഡന്റ് ജാഫർ സാദിഖ് എന്നിവർ ചേർന്നു അംബാസഡർക്ക് പുഷ്പോഹാരം നൽകി. ഇന്ത്യൻ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും, കമ്മ്യുണിറ്റി സംഘടനാ ഭാരവാഹികളും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സ്വതന്ത്രദിനാഘോഷ പരിപാടിയുടെ ഭാഗമായി. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും, നൃത്തനൃത്ത്യങ്ങളും അരങ്ങേറി.
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും സ്വതന്ത്ര ദിനാഘോഷം നടന്നു. എംഇഎസ് ഇന്ത്യൻ സ്കൂൾ, ബിർള പബ്ലിക് സ്കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഒലീവ് പബ്ലിക് സ്കൂൾ, ഐഡിയൽ പബ്ലിക് സ്കൂൾ, നോബിൾ ഇന്റർനാഷണൽ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതാക ഉയർത്തലും വിവിധ കലാപരിപാടികളും നടന്നു.






