ജിദ്ദ - ലോക ഫുട്‌ബോളില്‍ സൗദി ക്ലബ്ബുകള്‍ അവിശ്വസനീയതയുടെ തിരയിളക്കം തുടരുന്നു. പി.എസ്.ജിയില്‍ നിന്ന് ബ്രസീലിന്റെ ഗോള്‍ഡന്‍ ബോയ് നെയ്മാറിന്റെ അല്‍ഹിലാലിലേക്കുള്ള കൂടുമാറ്റത്തിന്റെ ചൂടടങ്ങും മുമ്പെ അറബ് ലോകത്തെ ഏറ്റവും പ്രമുഖ താരം മുഹമ്മദ് സലാഹ് അല്‍ഇത്തിഹാദിലേക്ക് ചേക്കേറുന്നതിന്റെ അലയൊലി തുടങ്ങി. ലിവര്‍പൂള്‍ വിട്ട് സൗദി ക്ലബ്ബില്‍ ചേരാന്‍ സലാഹ് പച്ചക്കൊടി കാട്ടിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ലിവര്‍പൂളും സൗദി ചാമ്പ്യന്മാരായ അല്‍ഇത്തിഹാദും തമ്മില്‍ ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ച് ധാരണയിലെത്തിക്കഴിഞ്ഞാലേ കളിക്കാരനുമായി ഇത്തിഹാദിന് ചര്‍ച്ച തുടങ്ങാനാവൂ. ഈ സീസണിലെ പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ ലിവര്‍പൂളിന്റെ ആദ്യ മത്സരത്തില്‍ സലാഹ് കളിച്ചിരുന്നു. 1-1 സമനിലയില്‍ അവസാനിച്ച കളി തീരും മുമ്പെ സ്‌ട്രൈക്കറെ പുറത്തിറക്കി.
രണ്ടു വര്‍ഷത്തേക്ക് സലാഹിന് 18 കോടി യൂറോയും ലിവര്‍പൂളിന് 5.2 കോടി യൂറോയും വാഗ്ദാനം ചെയ്യുന്ന ഓഫര്‍ മുന്നോട്ടുവെക്കാന്‍ അല്‍ഇത്തിഹാദ് ഒരുക്കമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സലാഹ് ഇത്തിഹാദിലേക്ക് വരാന്‍ തയാറാണെന്ന സൂചന ക്ലബ്ബ് വൈസ് പ്രസിഡന്റ് അഹമദ് ഇസ്സാം കാക്കിയാണ് ആദ്യം പുറത്തുവിട്ടത്. സലാഹിനെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇത്തിഹാദ് ആരാധകര്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ ആരംഭിച്ചിരുന്നു.
സലാഹ് സൗദിയിലേക്ക് വരുമെന്ന റിപ്പോര്‍ട്ട് ഈജിപ്ത് താരത്തിന്റെ ഏജന്റ് റാമി അബ്ബാസ് നിഷേധിച്ചു. ലിവര്‍പൂള്‍ വിടാന്‍ സലാഹിന് താല്‍പര്യമില്ലെന്നും ക്ലബ്ബ് വിടാനാണെങ്കില്‍ കഴിഞ്ഞ വര്‍ഷം കരാര്‍ പുതുക്കില്ലെന്നും റാമി അബ്ബാസ് വിശദീകരിച്ചു. 2025 ജൂണ്‍ വരെ ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കിയിട്ടുണ്ട്. കരാര്‍ തീരാന്‍ 12 മാസമേ ബാക്കിയുള്ളൂ. യൂറോപ്പിലെ നിരവധി ക്ലബ്ബുകള്‍ സലാഹില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. 2017 ജൂലൈയിലാണ് ഇറ്റലിയിലെ റോമയില്‍ നിന്ന് മുപ്പത്തൊന്നുകാരന്‍ ലിവര്‍പൂളിലേക്ക് മാറിയത്. 2011 ല്‍ ഈജിപ്ത് ടീമില്‍ അരങ്ങേറിയ സലാഹ് ഇപ്പോള്‍ ടീമിന്റെ നായകനാണ്.
ലിവര്‍പൂളിന്റെ രണ്ട് കളിക്കാര്‍ കഴിഞ്ഞ വാരങ്ങളില്‍ സൗദി ക്ലബ്ബുകളിലേക്ക് പോയിട്ടുണ്ട്. ക്യാപ്റ്റന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ അല്‍ഇത്തിഫാഖിലേക്കും ഫാബിഞ്ഞൊ അല്‍ഇത്തിഹാദിലേക്കും. കരാര്‍ പൂര്‍ത്തിയായ റോബര്‍ടൊ ഫിര്‍മിനൊ അല്‍അഹ്‌ലിയില്‍ ചേര്‍ന്നു. മറ്റൊരു ലിവര്‍പൂള്‍ താരം ലൂയിസ് ഡിയാസിലും സൗദി ക്ലബ്ബുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷെ കൊളംബിയന്‍ താരം സമ്മതം മൂളിയിട്ടില്ല.






