കിംഗ് മെയ്ക്കറായി കിംഗ്, ചരിത്രനേട്ടവുമായി വിന്‍ഡീസ്

ലോഡര്‍ഹില്‍ (ഫ്‌ളോറിഡ) - ഏഴു വര്‍ഷത്തിനിടയിലാദ്യമായി ഒരു ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് വിജയം. റൊമാരിയൊ ഷെപ്പേര്‍ഡ് നാലു വിക്കറ്റെടുത്ത് തുടങ്ങിവെച്ച പോരാട്ടം ബ്രാന്‍ഡന്‍ കിംഗും നിക്കൊളാസ് പൂരാനും ഏറ്റെടുത്തതോടെ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20യില്‍ ആതിഥേയര്‍ക്ക് എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം. പരമ്പര 3-2 ന് സ്വന്തം. മുനയില്ലാത്ത ബൗളിംഗും നീണ്ട വാലറ്റവും ഇന്ത്യയുടെ കരുത്ത് ചോര്‍ത്തിയ പരമ്പരയായിരുന്നു ഇത്. 
ഇന്ത്യയുടെ ഒമ്പതിന് 165 പിന്തുടര്‍ന്ന വിന്‍ഡീസിന് ഓപണര്‍ കയ്ല്‍ മയേഴ്‌സിനെ (10) എളുപ്പം നഷ്ടപ്പെട്ടിരുന്നു. പക്ഷെ കിംഗും (55 പന്തില്‍ 85 നോട്ടൗട്ട്) പൂരാനും (35 പന്തില്‍ 47) നിയന്ത്രണമേറ്റെടുത്തതോടെ കളി മാറി. 72 പന്തില്‍ ഇവര്‍ ചേര്‍ത്ത 107 റണ്‍സ് 12 പന്തും എട്ട് വിക്കറ്റും ശേഷിക്കെ ലക്ഷ്യം കടക്കാന്‍ ആതിഥേയരെ സഹായിച്ചു. അര്‍ഷദീപ് സിംഗില്‍ നിന്ന് നേരിട്ട രണ്ടാമത്തെ പന്ത് വാരിയെല്ലിന് പതിച്ചതിന്റെ വേദന പുറത്തു കാണിക്കാതെ സിക്‌സറിലൂടെ അക്കൗണ്ട് തുറന്ന പൂരാനാണ് പ്രത്യാക്രമണം തുടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യയെ തുടര്‍ച്ചയായി സിക്‌സറിനുയര്‍ത്തിയതോടെ കളി ഇന്ത്യയില്‍ നിന്നകന്നു. 
സൂര്യകുമാര്‍ യാദവും (45 പന്തില്‍ 61) തിലക് വര്‍മയുമൊഴികെ (18 പന്തില്‍ 27) ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. സ്പിന്നര്‍മാരായ അഖീല്‍ ഹുസൈനും റോസ്റ്റണ്‍ ചെയ്‌സും മുന്‍നിരയെ മടക്കിയ ശേഷം പെയ്‌സ്ബൗളര്‍ റൊമാരിയൊ ഷെപ്പേഡാണ് മധ്യനിര കീറിമുറിച്ചത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും പായിച്ച സൂര്യ പതിനെട്ടാം ഓവറില്‍ പുറത്തായി. 
നാലാം മത്സരത്തില്‍ ഇന്ത്യയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ച ഓപണിംഗ് ജോഡി യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും ഇത്തവണ പരാജയപ്പെട്ടു. സ്‌കോര്‍ 17 ലെത്തുമ്പോഴേക്കും ഇരുവരും മടങ്ങി. അള്‍സാരി ജോസഫ് എറിഞ്ഞ ആറാം ഓവറിലെ തുടര്‍ച്ചയായ നാലു പന്തുകളില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ച് തിലക് വര്‍മ പ്രത്യാക്രമണം നടത്തിയെങ്കിലും ഇരട്ട വിക്കറ്റോടെ വിന്‍ഡീസ് മത്സരത്തില്‍ തിരിച്ചെത്തി. തിലകിനെ ചെയ്‌സ് സ്വന്തം ബൗളിംഗില്‍ മടക്കി. 
എട്ടാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു സാംസണിന് നല്ലൊരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചത്. എന്നാല്‍ റൊമാരിയൊ ഷെപ്പേഡിന്റെ ബൗളിംഗില്‍ സഞ്ജു (9 പന്തില്‍ 13) വിക്കറ്റ്കീപ്പര്‍ക്ക് ക്യാച്ച് സമ്മാനിച്ചു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും (14) ഷെപ്പേഡ് (4-0-31-4) പുറത്താക്കി. 
ബൗണ്ടറിയോടെ തുടങ്ങിയ യശസ്വിയെ (5) ആദ്യ ഓവറില്‍ സ്പിന്നര്‍ അഖീല്‍ ഹുസൈന്‍ സ്വന്തം ബൗളിംഗില്‍ പിടിച്ചു. തന്റെ അടുത്ത ഓവറില്‍ ഗില്ലിനെ (9) അഖീല്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 
നാലാം മത്സരം ഒമ്പത് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര 2-2 ലെത്തിക്കുകയായിരുന്നു. ആദ്യ രണ്ടു കളിയും വിന്‍ഡീസ് ജയിച്ച ശേഷമാണ് ഇന്ത്യ തിരിച്ചുവന്നത്.

Latest News