സഞ്ജു വീണ്ടും പരാജയം, ടീമിനെ തോളിലേറ്റി സൂര്യ

ലോഡര്‍ഹില്‍ (ഫ്‌ളോറിഡ) - വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായകമായ അവസാന ട്വന്റി20യില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു.  സൂര്യകുമാര്‍ യാദവും (45 പന്തില്‍ 61) തിലക് വര്‍മയുമൊഴികെ (18 പന്തില്‍ 27) ഒഴികെ ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. സ്പിന്നര്‍മാരായ അഖീല്‍ ഹുസൈനും റോസ്റ്റണ്‍ ചെയ്‌സും മുന്‍നിരയെ മടക്കിയ ശേഷം പെയ്‌സ്ബൗളര്‍ റൊമാരിയൊ ഷെപ്പേഡാണ് മധ്യനിര കീറിമുറിച്ചത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും പായിച്ച സൂര്യ പതിനെട്ടാം ഓവറില്‍ പുറത്തായി. 
നാലാം മത്സരത്തില്‍ ഇന്ത്യയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ച ഓപണിംഗ് ജോഡി യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും ഇത്തവണ പരാജയപ്പെട്ടു. സ്‌കോര്‍ 17 ലെത്തുമ്പോഴേക്കും ഇരുവരും മടങ്ങി. അള്‍സാരി ജോസഫ് എറിഞ്ഞ ആറാം ഓവറിലെ തുടര്‍ച്ചയായ നാലു പന്തുകളില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ച് തിലക് വര്‍മ പ്രത്യാക്രമണം നടത്തിയെങ്കിലും ഇരട്ട വിക്കറ്റോടെ വിന്‍ഡീസ് മത്സരത്തില്‍ തിരിച്ചെത്തി. തിലകിനെ ചെയ്‌സ് സ്വന്തം ബൗളിംഗില്‍ മടക്കി. 
എട്ടാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു സാംസണിന് നല്ലൊരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചത്. എന്നാല്‍ റൊമാരിയൊ ഷെപ്പേഡിന്റെ ബൗളിംഗില്‍ സഞ്ജു (9 പന്തില്‍ 13) വിക്കറ്റ്കീപ്പര്‍ക്ക് ക്യാച്ച് സമ്മാനിച്ചു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും (14) ഷെപ്പേഡ് (4-0-31-4) പുറത്താക്കി. 
ബൗണ്ടറിയോടെ തുടങ്ങിയ യശസ്വിയെ (5) ആദ്യ ഓവറില്‍ സ്പിന്നര്‍ അഖീല്‍ ഹുസൈന്‍ സ്വന്തം ബൗളിംഗില്‍ പിടിച്ചു. തന്റെ അടുത്ത ഓവറില്‍ ഗില്ലിനെ (9) അഖീല്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 
നാലാം മത്സരം ഒമ്പത് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര 2-2 ലെത്തിക്കുകയായിരുന്നു. ആദ്യ രണ്ടു കളിയും വിന്‍ഡീസ് ജയിച്ച ശേഷമാണ് ഇന്ത്യ തിരിച്ചുവന്നത്. 

Latest News