അപ്രതീക്ഷിത രാജി, ഇറ്റലിയെ കൈവിട്ട് മാഞ്ചീനി

റോം - യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയുടെ പരിശീലക സ്ഥാനത്തു നിന്ന് റോബര്‍ടൊ മാഞ്ചീനി അപ്രതീക്ഷിതമായി രാജി വെച്ചു. യൂറോ യോഗ്യതാ റൗണ്ടില്‍ നോര്‍ത്ത് മാസിഡോണിയയെയും ഉക്രൈനെയും നേരിടാനിരിക്കെ പുതിയ കോച്ചിനെ ഇറ്റലി ഉടന്‍ പ്രഖ്യാപിക്കും. ഇറ്റലി 2018 ലെ ലോകകപ്പിന് യോഗ്യത നേടാനാവാതിരുന്നതിനെത്തുടര്‍ന്ന് ആ വര്‍ഷം മേയിലാണ് മാഞ്ചീനി പരിശീലകനായി എത്തിയത്. യൂറോ കപ്പില്‍ ചാമ്പ്യന്മാരായി ഇറ്റലി പ്രതീക്ഷയുയര്‍ത്തി. എന്നാല്‍ 2022 ലെ ലോകകപ്പിലും ബെര്‍ത്ത് ലഭിച്ചില്ല. പ്ലേഓഫില്‍ നോര്‍ത്ത് മാസിഡോണിയയോട് അപ്രതീക്ഷിതമായി തോല്‍ക്കുകയായിരുന്നു. 
മാഞ്ചീനി സ്ഥാനമൊഴിയുന്നതിന്റെ യാതൊരു സൂചനയും ഇല്ലായിരുന്നു. ഈ മാസമാദ്യം അമ്പതുകാരനെ ഇറ്റലിയുടെ അണ്ടര്‍-21, അണ്ടര്‍-20 ടീമുകളുടെയും ചുമതലയേല്‍പിച്ചിരുന്നു. നാപ്പോളിക്ക് ഇറ്റാലിയന്‍ ലീഗ് കിരീടം നേടിക്കൊടുത്ത ലൂസിയാനൊ സ്പലേറ്റി പുതിയ കോച്ചാവുമെന്നാണ് സൂചന. 

Latest News