ലോഡര്‍ഹില്‍ (ഫ്‌ളോറിഡ) - വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായകമായ അവസാന ട്വന്റി20യില്‍ ഇന്ത്യ പരുങ്ങുന്നു. നാലാം മത്സരത്തില്‍ ഇന്ത്യയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ച ഓപണിംഗ് ജോഡി യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും സ്‌കോര്‍ 17 ലെത്തുമ്പോഴേക്കും മടങ്ങി. പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ടിന് 51 ല്‍ പരുങ്ങുകയാണ് ടീം.
ബൗണ്ടറിയോടെ തുടങ്ങിയ യശസ്വിയെ (5) ആദ്യ ഓവറില്‍ സ്പിന്നര്‍ അഖീല്‍ ഹുസൈന്‍ സ്വന്തം ബൗളിംഗില്‍ പിടിച്ചു. തന്റെ അടുത്ത ഓവറില്‍ ഗില്ലിനെ (9) അഖീല്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി. സൂര്യകുമാര്‍ യാദവും (15 നോട്ടൗട്ട്) തിലക് വര്‍മയും (9 പന്തില്‍ 19 നോട്ടൗട്ട്) തിരിച്ചടിക്കുകയാണ്.
നാലാം മത്സരം ഒമ്പത് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര 2-2 ലെത്തിക്കുകയായിരുന്നു. ആദ്യ രണ്ടു കളിയും വിന്‍ഡീസ് ജയിച്ച ശേഷമാണ് ഇന്ത്യ തിരിച്ചുവന്നത്. ഓപണര്‍മാരായ യശസ്വി ജയ്‌സ്വാളും (50 പന്തില്‍ 84 നോട്ടൗട്ട്) ശുഭ്മന്‍ ഗില്ലുമാണ് (47 പന്തില്‍ 77) ഒപ്പത്തിനൊപ്പം അടിച്ചുതകര്‍ത്ത് നാലാം ട്വന്റി20യില്‍ ഇന്ത്യക്ക് മൂന്നോവര്‍ ശേഷിക്കെ ഒമ്പതു വിക്കറ്റ് ജയം സമ്മാനിച്ചത്. ജയത്തിനരികിലാണ് ഇന്ത്യക്ക് ഗില്ലിനെ നഷ്ടപ്പെട്ടത്. ആദ്യ വിക്കറ്റില്‍ 165 റണ്‍സ് പിറന്നു. വിന്‍ഡീസിന്റെ എട്ടിന് 178 ഇന്ത്യക്ക് വെല്ലുവിളിയേ ആയില്ല. 30 പന്തില്‍ ഗില്ലും 33 പന്തില്‍ ജയ്‌സ്വാളും അര്‍ധ ശതകം പിന്നിട്ടു. പത്തോവറില്‍ 100 റണ്‍സ് പിറന്നു.






