പാരിസ് - പി.എസ്.ജിയും സൂപ്പര്‍താരം കീലിയന്‍ എംബാപ്പെയുമായുള്ള കരാര്‍ തര്‍ക്കത്തില്‍ മഞ്ഞുരുക്കം. സൃഷ്ടിപരമായ ചര്‍ച്ച നടന്നതിനെത്തുടര്‍ന്ന് എംബാപ്പെ ഫസ്റ്റ് സ്‌ക്വാഡിനൊപ്പം പരിശീലനത്തില്‍ തിരിച്ചെത്തി. ലോറിയന്റിനെതിരായ ഫ്രഞ്ച് ലീഗിലെ പി.എസി.ജിയുടെ ആദ്യ മത്സരം എംബാപ്പെ ഗാലറിയിലിരുന്നാണ് വീക്ഷിച്ചത്.
ഈ സീസണില്‍ പി.എസ്.ജിയില്‍ തുടര്‍ന്ന് കരാര്‍ പൂര്‍ത്തിയാക്കാനും അടുത്ത സീസണിന് മുമ്പ് റയല്‍ മഡ്രീഡില്‍ ചേരാനുമാണ് എംബാപ്പെ ആഗ്രഹിച്ചത്. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ എംബാപ്പെ ക്ലബ്ബ് വിടുമ്പോള്‍ പി.എസ്.ജിക്ക് ചില്ലിക്കാശ് പോലും ലഭിക്കില്ല. അതിനാല്‍ ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ക്ലബ്ബ് വിടണമെന്നായിരുന്നു പി.എസ്.ജിയുടെ അന്ത്യശാസന. അതില്‍ തീരുമാനാവാതെ വന്നതോടെയാണ് ഫസ്റ്റ് സ്‌ക്വാഡില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കിയത്.
ഈ ട്രാന്‍സ്ഫര്‍ കാലം അവസാനിക്കും മുമ്പ് പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കാന്‍ എംബാപ്പെ തയാറായേക്കുമെന്നാണ് സൂചന. അതോടെ നെയ്മാറുമായി പ്രാഥമിക ധാരണയിലെത്താനുള്ള റയലിന്റെ ശ്രമത്തിന് അന്ത്യമാവും. ശനിയാഴ്ച ടുളൂസിനെതിരായ പി.എസ്.ജിയുടെ അടുത്ത കളിയില്‍ എംബാപ്പെ ഇറങ്ങിയേക്കും.






