മങ്കട കൂട്ടിലിലെ വട്ടമണ്ണത്തൊടി കോയ ഹാജിയുടെ ഭാര്യ പുഴക്കാട്ടിരിയിലെ ഉരുണിയൻ കുടുംബത്തിലെ മുതിർന്ന അംഗം ഫാത്തിമ നൂറ്റി ഒന്നാം വയസിൽ കഴിഞ്ഞ ദിവസം വിടവാങ്ങിയതോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന് മലബാർ സംഭാവന ചെയ്ത ധീര ദേശാഭിമാനികളുടെ കുടുംബവേരുകളിലെ മുതിർന്ന അംഗം കൂടി ഓർമയായി. അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില് ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടില് ഏറനാട്ടിൻ ധീര മക്കള് ചോരചിന്തിയ നാട്ടില് ചീറി...
വി.എം.കുട്ടി മാഷുടെ ശബ്ദമാധുര്യത്തിലൂടെ മലയാളി മനസ്സുകളിൽ തത്തിക്കളിക്കുന്ന ദേശസ്‌നേഹം തുളുമ്പുന്ന വരികൾക്ക് ഉത്തരം നൽകിയ കുടുംബവേരുകളാണ് മലപ്പുറം ജില്ലയിൽ വ്യാപിച്ച് കിടക്കുന്ന ഉരുണിയൻ കുരുണിയൻ കുടുംബങ്ങൾ.
പാരമ്പര്യകാർഷികവൃത്തിയും വ്യാപാരവും കൈമുതലാക്കിയവർ. വെള്ളപ്പട്ടാളത്തിന് മുന്നിൽ വിരിമാറ് കാണിച്ച് രക്തസാക്ഷിത്വം വരിച്ചവരുടെ പിൻമുറക്കാരുടെ ഒരു ചെറു സംഘം ഈയിടെ ഒത്തുകൂടി. പഴമകൾ പറഞ്ഞും പരിചയം പുതുക്കിയും കാണാമറയത്തെ കണ്ണികളെ കൺകുളിർക്കെ കണ്ടുമാണ് അവർ പിരിഞ്ഞത്.
1921 ൽ കോയമ്പത്തൂർ ജയിലിൽ വെച്ച് ബ്രിട്ടീഷ് ഭരണകൂടംതൂക്കിലേറ്റിയ രണ്ടാം പട്ടികയിൽ പെടുന്ന ദേശാഭിമാനി ഉരുണിയൻ അഹമ്മദ് ഹാജിയുടെ തലമുറയിൽപ്പെടുന്നവരുടെ സംഗമമാണ് വേറിട്ട കാഴ്ചയായത്.നെല്ലിക്കുത്ത് ആലി മുസ്ല്യാരുടെ കൂടെ രണ്ടാമനായി തൂക്കിലേറ്റപ്പെട്ട ധീര ദേശാഭിമാനിയാണ് ഉരുണിയൻ അഹമ്മദ് ഹാജി .17001800 കാലഘട്ടത്തിൽ കോട്ടക്കൽ ഒതുക്കുങ്ങലിൽനിന്ന് വന്ന് രാമപുരം കേന്ദ്രീകരിച്ച് താമസിച്ചു വന്നിരുന്ന ഉരുണിയന്മാരുടെ പിൻതലമുറക്കാരായ മക്കരപറമ്പ് മേഖലയിലുള്ളവരാണ് ഒത്തുകൂടലിനെത്തിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചക്കിപറമ്പൻ ഫാമിലി, ആലി മുസ്ല്യാരുടെ നെല്ലിക്കുത്തിലെ കുടുംബാംഗങ്ങൾ, കുരുവമ്പലത്തെ വാഗൺ ട്രാജഡി രക്തസാക്ഷികളുടെ കുടുംബങ്ങൾ.
ചെമ്പൻ പോക്കരുടെ കുടുംബങ്ങൾ, കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെ മണക്കാട്ട് കുടുംബം, എം.പി.നാരായണമേനോന്റെ മുതൽപ്പുരേടത്ത് തറവാട്ടുകാരൊക്കെ വർഷങ്ങളിലൊരിക്കൽ കൂടിപിരിയാറുണ്ടെങ്കിലും ഉരുണിയൻ കുരുണിയൻ കുടുംബാംഗങ്ങളുടെ പ്രഥമ സംഗമമാണ് നടന്നത്.
പുഴക്കാട്ടിരി ആർ.കെ.ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ ശഹീദ് ഉരുണിയൻ അഹമ്മദ് ഹാജി നഗറിലാണ് സംഗമം നടന്നത്, ആയിരത്തി അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുത്തു.കൂട്ടായ്മ പ്രസിഡന്റ് റിട്ട. ഡെപ്യൂട്ടി ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ.ഇസ്മായിൽ കുരുണിയനാണ് ഉദ്ഘാടനം നിർവഹിച്ചത്.






