ടെലിവിഷൻ വാർത്താ ചാനലുകളെയും ഉള്ളടക്കത്തെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ഹരജികൾ പരിഗണിക്കാതെ സുപ്രിം കോടതി തള്ളി. ഇത്തരം ചാനലുകൾ കാണണോ വേണ്ടയോ എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാർക്കുണ്ടെന്ന് ജസ്റ്റിസ് അഭയ് ഓക്കയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.എല്ലാ വിഷയങ്ങളും സുപ്രിം കോടതിയിൽ ഫയൽ ചെയ്യുന്ന പ്രവണതയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി എന്തുകൊണ്ടാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിക്കാത്തതെന്നും ആരാഞ്ഞു. എന്ത് കാണണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം പ്രേക്ഷകനുണ്ടെന്നും ഇഷ്ടമില്ലാത്തത് കാണാതിരിക്കാനുള്ള അവസരമുണ്ടെന്നും കോടതി പറഞ്ഞു. മാധ്യമ ബിസിനസുകൾക്കെതിരായ ഉയരുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഒരു സ്വതന്ത്ര മീഡിയ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കാനും സുപ്രിം കോടതി വിസമ്മതിച്ചു. ബ്രോഡ്കാസ്റ്റർമാരുടെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്നും നിർണായക വിഷയങ്ങളിൽ ടി.വി ചാനലുകൾ നടത്തുന്ന സെൻസേഷണൽ റിപ്പോർട്ടിംഗ് തടയാൻ വാർത്താ പ്രക്ഷേപകർക്ക് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നുമാണ് ഹർജികൾ ആവശ്യപ്പെട്ടത്.
**** **** ****
ലോക്സഭാ രേഖകളിൽനിന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പല വാക്കുകളും നീക്കി. മോഡി സർക്കാരിനും ബിജെപിക്കും എതിരായി രാഹുൽ പറഞ്ഞ ഹത്യ, കൊലപാതകം, രാജ്യദ്രോഹി എന്നിങ്ങനെയുള്ള വാക്കുകളാണ് സഭാ രേഖകളിൽനിന്ന് മാറ്റിയത്. രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലുടനീളം ഭാരതമാതാവിനെ മണിപ്പൂരിൽ ബിജെപിക്കാർ കൊലചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. ഈ ഭാഗങ്ങളിൽ നിങ്ങൾ രാജ്യദ്രോഹികളാണെന്നും രാഹുൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പേരും ആവർത്തിച്ച് രാഹുൽ ഗാന്ധി പറഞ്ഞതോടെയാണ് തിരുത്തലിലേക്ക് ലോക്സഭാ സെക്രട്ടറിയേറ്റ് കടന്നത്. പ്രധാനമന്ത്രിയുടെ കാര്യം പറഞ്ഞിടത്തൊക്കെ തിരുത്തൽ വരുത്തിയതായി ലോക്സഭാ സെക്രട്ടറിയേറ്റ് അറിയിച്ചു. കേന്ദ്രസർക്കാരിനെതിരെ മണിപ്പൂർ കലാപത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ 24 ഇടത്താണ് വെട്ടിമാറ്റൽ ഉണ്ടായത്. ഇത് മാത്രമല്ല രാഹുൽ ഗാന്ധിയുടെ 37 മിനിട്ട് നീണ്ട പ്രസംഗത്തിനിടയിൽ സംഭവിച്ചത്. ഭരണപക്ഷം പ്രതിപക്ഷത്തെ ഒരു നേതാവിനെ എത്ര കണ്ട് പേടിക്കുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് രാഹുൽ ഗാന്ധിയെ സ്‌ക്രീനിൽ കാണിക്കാനുള്ള സർക്കാർ ചാനലിന്റെ മടി.
ലോക്സഭാ ടിവിയെന്ന് മുമ്പ് പേരുണ്ടായിരുന്ന മോഡി കാലത്ത് സൻസദ് ടിവിയായ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനൽ സംവിധാനം രാഹുൽ ഗാന്ധിയുടെ മുഖത്തേക്ക് ക്യാമറ തിരിച്ചത് മടിച്ചു മടിച്ചാണ്. 37 മിനിട്ടിലധികം നീണ്ട സംസാരത്തിൽ രാഹുൽ ഗാന്ധിയുടെ മുഖം സ്‌ക്രീനിൽ വന്നത് 15 മിനിട്ടിൽ താഴെ മാത്രം. ബാക്കി നേരങ്ങളിലെല്ലാം രാഹുലിന്റെ വാക്കുകൾ കേട്ട് വല്ലാത്തൊരു ഭാവത്തിൽ ചെയറിലിരുന്ന സഭാനാഥൻ ഓം ബിർലയുടെ മുഖമാണ് സക്രീനിൽ തെളിഞ്ഞത്. രാഹുൽ ഗാന്ധി പ്രസംഗിച്ചപ്പോൾ ബഹളം വെച്ചും സൻസദ് ടിവിയിൽ രാഹുൽ ഗാന്ധിയുടെ മുഖം വരാതിരിക്കാനുള്ള നടപടികളെടുത്തും ഭരണപക്ഷം തങ്ങളുടെ ഭയം തുറന്നുകാട്ടി. ജയറാം രമേശ് അടക്കം കോൺഗ്രസ് നേതാക്കൾ സൻസദ് ടിവിയുടെ നിലപാടിനെ ചോദ്യം ചെയ്തു. പ്രശസ്ത മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി അടക്കം നിരവധി പ്രമുഖർ സൻസദ് ടിവിയുടെ നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്തുമാകട്ടെ ഒരു ചെറിയ ചോദ്യം ചോദിക്കട്ടെ, എന്തുകൊണ്ടാണ് ഓരോ പഞ്ച് വാചകം വരുമ്പോഴും പ്രസംഗികനെ കാണിക്കാതെ സഭാ നാഥന്റെ കസേരയിലേക്ക് ക്യാമറ കണ്ണുകൾ മാറ്റപ്പെടുന്നത്?. സൻസദ് ടിവിയ്ക്ക് പണം നൽകുന്നത് നികുതിദായകരാണ്, ഒരു അവിശ്വാസ പ്രമേയ ചർച്ച നടക്കുമ്പോൾ സർക്കാരിനേയും പ്രതിപക്ഷത്തേയും ഒരുപോലെ കാണിക്കുകയാണ് വേണ്ടത്-അദ്ദേഹം വിലയിരുത്തി.
**** **** ****
ഏറെ പാരമ്പര്യമുള്ള ഒരു ദേശീയ പാർട്ടിയായ കോൺഗ്രസിനെ നയിക്കുന്നത് അവിവാഹിതനായ യുവനേതാവ് രാഹുൽ ഗാന്ധിയാണ് . ഏവർക്കും നിറഞ്ഞ പുഞ്ചിരി സമ്മാനിക്കുന്ന (ഇടക്ക് പറക്കും ചുംബനവും ആലിംഗനവും) രാഹുൽ എന്ന കോൺഗ്രസ് നേതാവ് നിരവധി പെൺകുട്ടികളുടെ ഹൃദയമാണ് കീഴടക്കിയത്. ബോളിവുഡ് നടിമാർ ഉൾപ്പടെ ആ ലിസ്റ്റിൽ ഉണ്ട്. അതിലിപ്പോൾ ഹൈലൈറ്റായി മാറിയിരിക്കുന്നത് നടി കരീന കപൂറിന് രാഹുൽ ഗാന്ധിയോട് തോന്നിയ ക്രഷാണ്. ഷാഹിദ് കപൂറുമായും ഹൃത്വിക് റോഷനുമായും ഡേറ്റിംഗ് നടത്തി, പിന്നീട് സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ച നടി കരീന കപൂറിന് ഒരിക്കൽ രാഹുൽ ഗാന്ധിയോട് പ്രണയമുണ്ടായിരുന്നു. 2002 ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. രാഹുലുമായി ഡേറ്റിങ്ങിന് പോകാനും സംസാരിക്കാനും ആഗ്രഹമുണ്ടായിരുന്നു എന്നാണ് നടി അന്ന് വെളിപ്പെടുത്തിയത്. സിമി ഗരേവാൾ നടത്തുന്ന പ്രശസ്ത ചാറ്റ് ഷോയിലാണ് കരീന കപൂർ ഇക്കാര്യം പറഞ്ഞത്. ഈ അഭിമുഖത്തിൽ ഏത് സെലിബ്രിറ്റിയുമായി ഡേറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന്റെ മറുപടിയായിയായാണ് കരീന 'രാഹുൽ ഗാന്ധി' എന്ന പേര് പറഞ്ഞത്. അദ്ദേഹത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്. രാഹുലിന്റെ ചിത്രങ്ങൾ കാണുമ്പോഴെല്ലാം എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ തോന്നാറുണ്ട് എന്നാണ് കരീന പറഞ്ഞത്. ''ഞാൻ ഒരു സിനിമാ കുടുംബത്തിൽ നിന്നുള്ളയാളാണ്. രാഹുൽ ഗാന്ധിയുടെ കുടുംബത്തിലെ പല തലമുറകളും രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ അദ്ദേഹവുമായി ഡേറ്റ് ചെയ്യുന്നത് രസകരമാണ്.” രാഹുൽ ഗാന്ധിയുമായുള്ള ഡേറ്റിംഗിനെക്കുറിച്ച് സംസാരിച്ച കരീന പറഞ്ഞു.
**** **** ****
ഹാസ്യ സിനിമകൾക്ക് പുതിയ ഭാവുകത്വം പകർന്ന സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചു. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
സൂപ്പർ താരങ്ങളുടെ നെടുനീളൻ ഡയലോഗുകളോ ആവേശം കൊള്ളിക്കുന്ന മാസ് രംഗങ്ങളോ ഇല്ലാതെ സ്വാഭാവിക നർമ്മം നിറച്ച സിനിമകളിലൂടെ മലയാള സിനിമയെ വഴിനടത്തിയ ഹിറ്റ് കൂട്ടുകെട്ടായിരുന്നു സിദ്ധിഖ്-ലാൽ. കലാഭവനിൽ ആബേലച്ചന്റെ ശിക്ഷണത്തിൽ മിമിക്രി കലാകാരന്മാരായി അരങ്ങ് തകർക്കുമ്പോഴും പിന്നീട് സംവിധായകൻ ഫാസിലിനൊപ്പം സംവിധാന സഹായികളായി സിനിമയിലേക്ക് നടന്നുകയറുമ്പോഴും അവർ ഒന്നിച്ചുണ്ടായിരുന്നു.
മിമിക്രി വേദികളിൽ സ്‌കിറ്റുകളിൽ നിന്നും സിനിമയിലേക്കും പിന്നീട് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകനുമായി സിദ്ദിഖ് വളർന്നത് മലയാള സിനിമയുടെ അഭിമാനമായാണ്. 1960 ഓഗസ്റ്റ് 1ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായിട്ടായിരുന്നു സിദ്ദിഖിന്റെ ജനനം. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താത്പര്യം. ഇതേ തുടർന്ന് ചെറിയ പ്രായത്തിൽ തന്നെ സിദ്ദിഖ് കലാഭവനിലെത്തി. മിമിക്രിയും സ്‌കിറ്റുമായി നടന്ന സിദ്ദിഖിനെ സംവിധായകൻ ഫാസിൽ കണ്ടുമുട്ടുന്നതും കൂടെ കൂട്ടുന്നതും കലാഭവനിലെ പ്രകടനങ്ങൾ കണ്ടുകൊണ്ടാണ്.
സ്വതന്ത്രസംവിധായകരായി സിദ്ദിഖ് ലാൽ തുടക്കം കുറിച്ചത് 1989ൽ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയായിരുന്നു. റാംജിറാവു സ്പീക്കിംഗിന്റെ വൻ വിജയത്തെ തുടർന്നിറങ്ങിയ ഇൻ ഹരിഹർ നഗർ,ഗോഡ് ഫാദർ,വിയറ്റ്നാം കോളനി എന്നീ സിനിമകളെല്ലാം വൻ വിജയങ്ങളായിരുന്നു. മാന്നാർ മത്തായി സ്പീക്കിംഗ് എന്ന സിനിമയ്ക്ക് ശേഷം സിദ്ദിഖ് ലാൽ സഖ്യം വേർപിരിയുകയും സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി മാറുകയും ചെയ്തു.
മലയാളസിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമെന്ന റെക്കോർഡ് സിദ്ദിഖ് ലാലിന്റെ ഗോഡ് ഫാദർ എന്ന സിനിമയ്ക്കാണ്. മാന്നാർ മത്തായിക്ക് ശേഷം ചെയ്ത കാബൂളിവാല, ഹിറ്റ്ലർ, ഫ്രണ്ട്സ് എന്നീ ചിത്രങ്ങളെല്ലാം തുടർന്ന് വൻ വിജയങ്ങളായി. സിദ്ദിഖ് ചിത്രങ്ങളായ ഫ്രണ്ട്സ്, ബോഡി ഗാർഡ് എന്നീ ചിത്രങ്ങൾ ഇന്ത്യയിലെ വിവിധ ഭാഷകളിൽ റീമേയ്ക്ക് ചെയ്യപ്പെടുകയും വൻ വിജയങ്ങളാവുകയും ചെയ്തു.
സിദ്ദിഖിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം സൂപ്പർ ഹിറ്റായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ദിഖായിരുന്നു.
ഇത് ഇൻസ്റ്റ റീലുകളുടെ കാലമാണല്ലോ. അടുത്തിടെ ഇന്നസെന്റ്, മാമുക്കോയ എന്നീ താരങ്ങൾ വിട പറഞ്ഞവേളയിൽ സെന്റി ഉണർത്തി ധാരാളം റീലുകൾ അടുത്ത ദിനങ്ങളിൽ കണ്ടിരുന്നു. ഇപ്പോഴിതാ സിദ്ദിഖിന്റെ ജീവിതവുമായി ബന്ധപ്പെട്ട റീലുകൾ. മനോരമ, കൈരളി എന്നീ ചാനലുകൾ സംപ്രേഷണം ചെയ്തവയാണ്. മനോരമയിലേതിൽ സിദ്ദിഖിന്റേയും ലാലിന്റേയും കോളജിലെ എം.എസ്.എഫ് കാലം പറയുമ്പോൾ കൈരളിയിലേത് കൂടുതൽ ശ്രദ്ധേയമായി. സിദ്ദിഖിന്റെ ഹാസ്യ പൈതൃകത്തെ സൂചിപ്പിക്കുന്നതായിരുന്നു ഇത്. സിദ്ദിഖിനെ പോലെ വാപ്പയും നല്ല സെൻസ് ഓഫ് ഹ്യൂമറുള്ള ആളായിരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും സ്‌പൊണ്ടേനിയസ് തമാശകൾ പറയാനുള്ള സിദ്ധി. പെങ്ങൾക്ക് വിവാഹാലോചന വന്ന സംഭവമാണ് സിദ്ദിഖ് അനുസ്മരിക്കുന്നത്.
കൂടുതൽ സംസാരിക്കാനായി വാപ്പയും ബന്ധുക്കളും ഇരിങ്ങാലക്കുടയിലെ മണവാളന്റെ വീട്ടിലേക്ക് ചെല്ലുന്നു. നിങ്ങളെന്താണ് അവൾക്ക് കൊടുക്കുക എന്ന് വരന്റെ വീട്ടുകാർ ചോദിക്കുന്നു. പല നാടുകളിലുമുള്ളത് പോലെ സ്ത്രീധനത്തിന് വേണ്ടിയുള്ള പരസ്യമായ അന്വേഷണം. ഇസ്മയിൽ ഹാജി തൽക്ഷണം മറുപടി നൽകി. അതെ, ഞങ്ങൾ അവൾക്ക് ചോറും മീൻ കറിയുമാണ് നൽകാറുള്ളത്. നിങ്ങളും അതു തന്നെ കൊടുത്താൽ മതി. ഈ ഡയലോഗ് മലയാളം സോഷ്യൽ മീഡിയ വീക്ഷിക്കുന്നവർ അടുത്ത കാലത്ത് വേറെയും കേട്ടിട്ടുണ്ടാവും. കൊല്ലത്തെ വിസ്മയ എന്ന പെൺകുട്ടി സ്ത്രീധന പീഡനത്തിനിരയായി കൊല്ലപ്പെട്ട വേളയിലാണ് ഇതിന്റെ ഇൻസ്റ്റ വേർഷനിറങ്ങിയത്.
**** **** ****
ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരട് ബില്ലിൽ സർക്കാർ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ഐഷ സുൽത്താനയുടെ പ്രതികരണം. ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവിൽപന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണെന്ന് ഐഷ സുൽത്താന ചോദിക്കുന്നു. 'ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്.
നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങളുടെ ചികിത്സയക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക് കോളേജും സ്‌കൂളുകളിലേക്ക് ടീച്ചർമാരെയുമാണ്, മഴ പെയ്താൽ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറന്റാണ്, മത്സ്യ ബന്ധന തൊഴിലാളിമാർക്കുള്ള പെട്രോളും മണ്ണെണ്ണയും ഐസ് പ്ലാന്റുകളുമാണ് ദ്വീപിന് വേണ്ടത്'- സുൽത്താന കുറിച്ചു. ലക്ഷദ്വീപിൽ മദ്യം ആവശ്യമില്ലെന്ന് തന്നെയാണ് ജനങ്ങളുടെ അഭിപ്രായം.
**** **** ****
മലയാളത്തിലെ യുവനായികമാരിൽ മുൻനിരയിലുള്ള നടിയാണ് കല്യാണി പ്രിയദർശൻ. പ്രിയദർശന്റെയും ലിസിയുടെയും മകളെന്ന മേൽവിലാസത്തിലാണ് എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും തന്റേതായ ഒരിടം കണ്ടെത്താനും കല്യാണിക്ക് സാധിച്ചു. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു കല്യാണിയുടെ അരങ്ങേറ്റം. തുടർന്ന് തെലുങ്കിലും തമിഴിലുമായി മൂന്ന് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ വരവറിയിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞു. പിന്നീട് ഇറങ്ങിയ മരക്കാർ, ബ്രോ ഡാഡി, ഹൃദയം, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധനേടുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ശേഷം മൈക്കിൾ ഫാത്തിമ ആണ് കല്യാണിയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. അതിനിടെ ഗൃഹലക്ഷ്മിക്ക് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവച്ചിരിക്കുകയാണ് കല്യാണി.
ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന അനുഭവം കല്യാണി പങ്കുവച്ചു. ഹൈദരാബാദിലെ ഒരു വീട്ടിലായിരുന്നു ആദ്യ സിനിമയുടെ ചിത്രീകരണം. ആദ്യമായി അഭിനയിച്ചത് കോമഡി രംഗമാണ്. ചിരിപ്പിക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്ന് അന്ന് മനസ്സിലാക്കി. രമ്യചേച്ചിയും ജഗപതി ബാബു സാറുമെല്ലാമാണ് ഒപ്പം അഭിനയിച്ചത്. അഭിനയിക്കുന്നത് കാണാൻ ഒരുപാട് പേർ ചുറ്റുമുണ്ടായിരുന്നു. പക്ഷേ അച്ഛനും അമ്മയും വന്നിരുന്നില്ല. വലിയ ബഹളത്തിനുനടുവിൽ നിന്നാണ് രംഗം ചിത്രീകരിച്ചത്, കല്യാണി പറഞ്ഞു.ആദ്യ സിനിമ ആയതുകൊണ്ട് തന്നെ അതിലെ ഓരോ സീനും പ്രിയപ്പെട്ടതായിരുന്നു, രണ്ടാം ദിവസം ചിത്രീകരിച്ച വൈകാരികമായ സീൻ ഏറെ പ്രിയപ്പെട്ടതാണ്. ക്യാമറക്കുമുന്നിൽ നിന്ന് ആദ്യമായി കരയുന്ന രംഗമായിരുന്നു അത്. അഭിനയിക്കാനെത്തിയ ഉടനെതന്നെ ഇത്തരം സീനുകൾ ചെയ്യേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. ഗ്ലിസറിനുപയോഗിച്ചാണ് അഭിനയിച്ചത്.
സംവിധായകൻ കട്ട് പറഞ്ഞ് പിന്നെയും ഏറെ കഴിഞ്ഞാണ് തന്റെ കരച്ചിൽ അവസാനിച്ചതെന്നും കല്യാണി പറയുന്നു. ആദ്യ സിനിമയ്ക്ക് മുൻപ് താൻ പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിരുന്നില്ലെന്നും അച്ഛനും അമ്മയും തന്നെ സ്വതന്ത്രമായി വിടുകയായിരുന്നുവെന്നും കല്യാണി വ്യക്തമാക്കി. കോളേജിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ പ്രവർത്തിച്ചത് ക്യാമറയ്ക്ക് മുന്നിലെ അഭിനയത്തിന് സഹായിച്ചിട്ടുണ്ട്.
അഭിനയം സ്വാഭാവികമാകണമെങ്കിൽ കഥാപാത്രത്തെ നന്നായി മനസ്സിലാക്കണം എന്ന നിർദ്ദേശമാണ് ചുറ്റുമുള്ളവർ തന്നത്. അച്ഛനും അമ്മയും സ്വതന്ത്ര്യമായി അഭിനയിക്കാൻ വിടുകയായിരുന്നു. അഭിനയത്തിലെ പോരായ്മകളും തെറ്റുകളും സ്വയം കണ്ടെത്തി തിരുത്തുമ്പോഴാണ് ഒരു നടി പൂർണ്ണതയിലെത്തുകയെന്നാണ് അച്ഛന്റെ വിശ്വാസം. സിനിമ കാണുന്നതാണ് തന്റെ ഏറ്റവും വലിയ വിനോദമെന്നും കല്യാണി പറഞ്ഞു. എല്ലാഭാഷയിലെ സിനിമകളും കാണും. പ്രിയപ്പെട്ട സിനിമയിലെ രംഗങ്ങളെല്ലാം വീണ്ടും വീണ്ടും കാണുകയും അവയെ കുറിച്ച് വീട്ടിൽ ചർച്ച ചെയ്യുകയും ചെയ്യും-കല്യാണി കൂട്ടിച്ചേർത്തു.
**** **** ****
കേരളത്തിലെ യുട്യൂബിലെ വാർത്താചാനലുകളെ നിയന്ത്രിക്കുന്നതിന് സമഗ്രമായ നിയമം നിർമിക്കുന്നത് പരിഗണിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂർ എംഎൽഎ പി,വി അൻവറിന്റെ ഉപക്ഷേപത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം ചാനലുകളെ നിയന്ത്രിക്കാനുള്ള നിയമത്തെക്കുറിച്ച് അൻവർ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പർദ്ധ, അപകീർത്തിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ യുട്യൂബിലടക്കം പ്രചരിപ്പിക്കുന്നതു ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർ മീഡിയറി ഗൈഡ് ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ പരിശോധിച്ച് അവ തടയുന്നതിനായി നിശ്ചയിട്ടുള്ള ഓഫീസർക്ക് ശിപാർശ നൽകുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡൽ ഓഫീസർക്ക് ഇത്തരത്തിൽ ശിപാർശ നൽകാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലുള്ള കണ്ടന്റാണ് മലയാളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിലും യൂട്യൂബിലും. മലയാളത്തിലെ സോഷ്യൽ മീഡിയ ഒന്ന് ഡ്രൈ ക്ലീൻ ചെയ്യുന്നത് നല്ലതാണ്. ഇതിനുള്ള ഇനീഷ്യേറ്റീവ് ഏത് നിലയ്ക്കും പ്രശംസനീയവുമാണ്.






