ബെലിംഗാമിന് മിന്നും തുടക്കം, ഇരട്ട ഗോള്‍ ജയത്തില്‍ റയല്‍

ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ റയല്‍ മഡ്രീഡ് 2-0 ന് അത്‌ലറ്റിക് ബില്‍ബാവോയെ തോല്‍പിച്ചു. ഇംഗ്ലിഷ് യുവ മിഡ്ഫീല്‍ഡര്‍ ജൂഡ് ബെലിംഗാം അരങ്ങേറ്റത്തില്‍ സ്‌കോര്‍ ചെയ്തു. സിനദിന്‍ സിദാന്‍ അണിഞ്ഞിരുന്ന അഞ്ചാം നമ്പറിലാണ് ബെലിംഗാം ഇറങ്ങിയത്. ബെലിംഗാം സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥാനം നേടിയപ്പോള്‍ ടോണി ക്രൂസും ലൂക്ക മോദിറിച്ചും റിസര്‍വ് ബെഞ്ചിലായിരുന്നു. 
സിദാന്റേതു പോലെ ചന്തത്തില്‍ ചാലിച്ചതായിരുന്നില്ല ബെലിംഗാമിന്റെ ഗോള്‍. ഭാഗ്യത്തില്‍ നേടിയതായിരുന്നു. ഡാവിഡ് ആലബയുടെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ബെലിംഗാം തടുത്തിട്ടതായിരുന്നു. പന്ത് കുത്തിയുയര്‍ന്ന് ഗോളി ഉനായ് സിമോണിനെ കീഴടക്കി. മുപ്പതാം മിനിറ്റില്‍ റോഡ്രിഗോയിലൂടെ റയല്‍ ലീഡ് നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും റയല്‍ അടിയറ വെച്ചിരുന്നു.
 

Latest News