മ്യൂണിക് - ബയേണ്‍ മ്യൂണിക്കില്‍ ഹാരി കെയ്‌നിന്റെ അരങ്ങേറ്റം തോല്‍വിയോടെയായി. ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ബയേണ്‍ മറുപടിയില്ലാത്ത മൂന്നു ഗോളിന് ആര്‍.ബി ലെയ്പ്‌സിഷിനോട് തോറ്റു. നിറഞ്ഞു കളിക്കുകയും ഹാട്രിക് നേടുകയും ചെയ്ത ലെയ്പ്‌സിഷിന്റെ ഡാനി ഓല്‍മോ ആയിരുന്നു കെയ്‌നിനെ നിഷ്പ്രഭനാക്കിയത്. കരിയറിലെ ആദ്യത്തെ കിരീടമുയര്‍ത്താമെന്ന കെയ്‌നിന്റെ സ്വപ്‌നം തകര്‍ന്നു. ബയേണ്‍ 0-2 ന് പിന്നില്‍ നില്‍ക്കെ പകരക്കാരനായാണ് കെയ്ന്‍ ഇറങ്ങിയത്. തുടര്‍ന്നുള്ള അര മണിക്കൂറിലും കെയ്ന്‍ ചിത്രത്തിലുണ്ടായിരുന്നില്ല.
ബയേണ്‍ ജഴ്‌സിയില്‍ കെയ്ന്‍ 9 എന്നെഴുതിച്ചേര്‍ക്കാന്‍ മത്സരത്തിന് മുമ്പ് വന്‍ തിരക്കായിരുന്നു. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി ധരിച്ചിരുന്ന ഒമ്പതാം നമ്പറാണ് കെയ്‌നിന് നല്‍കിയത്. എന്നാല്‍ കെയ്ന്‍ ഇറങ്ങി മൂന്നു മിനിറ്റ് പിന്നിടും മുമ്പെ ലെയ്പ്‌സിഷിന് പെനാല്‍ട്ടി ലഭിക്കുകയും ഓല്‍മൊ ഹാട്രിക് നേടുകയും ചെയ്തു. ബയേണിന്റെ അലിയാന്‍സ് അരീനയില്‍ മൂന്നാം മിനിറ്റില്‍ തന്നെ സന്ദര്‍ശകര്‍ ലീഡ് നേടിയിരുന്നു.






