റിയാദ് - ഒരു ഗോളിന് പിന്നിലായ ശേഷം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ അന്നസ്റിന് കിംഗ സല്മാന് ചാമ്പ്യന്‍സ് കപ്പ് അറബ് ക്ലബ്ബ് ഫുട്ബോള്‍ കിരീടം. അല്‍ഹിലാലിനെ അവര്‍ 2-1 ന് തോല്പിച്ചു. അന്നസ്റില്‍ റൊണാള്‍ഡോയുടെ ആദ്യ ട്രോഫിയില്‍ താരത്തിന്റെ എല്ലാ വ്യക്തിമുദ്രയുമുണ്ട്. ഇടവേള കഴിഞ്ഞയുടനെ ഗോള്‍ വഴങ്ങുകയും എഴുപത്തൊന്നാം മിനിറ്റില്‍ അബ്ദുല്‍ഇലാഹ് അല്‍അംരി ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്ത ശേഷമാണ് ക്രിസ്റ്റ്യാനൊ ടീമിന്റെ രക്ഷകനായത്. 74ാം മിനിറ്റിലെ ഗോളോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടിയ ക്രിസ്റ്റിയാനൊ 98ാം മിനിറ്റില്‍ ഹെഡറിലൂടെ വിജയ ഗോള്‍ കണ്ടെത്തി. 112ാം മിനിറ്റില്‍ പരിക്കേറ്റതോടെ റൊണാള്‍ഡോയെ സ്ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടുപോയി.
പുതിയ ഫുട്ബോള്‍ സീസണിന് മുന്നോടിയായി കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മിഷേലിലൂടെ അമ്പത്തൊന്നാം മിനിറ്റില്‍ ഹിലാല്‍ മുന്നിലെത്തിയിരുന്നു. തൊട്ടുപിന്നാലെ ഗോളടിക്കാന്‍ ടാലിസ്കക്കും റൊണാള്‍ഡോക്കും അവസരം ലഭിച്ചതായിരുന്നു. 30 വാര അകലെ നിന്നുള്ള ടാലിക്സയുടെ ഷോട്ട് അല്‍ഹിലാല്‍ ഗോളി മുഹമ്മദ് അല്‍ഉവൈസ് രക്ഷിച്ചു. റൊണാള്‍ഡോയുടെ ഹെഡര്‍ ഹിലാല്‍ പിന്‍നിരയും രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ അബ്ദുല്ല അല്‍അംരി ചുവപ്പ് കാര്‍ഡ് കണ്ടതോടെ അന്നസറിന് കനത്ത പ്രഹരമായി.
ആള്‍ബലം കുറഞ്ഞിട്ടും ആഞ്ഞടിച്ച അന്നസ്റിന് എഴുപത്തിനാലാം മിനിറ്റില്‍ റൊണാള്‍ഡൊ സമനില നേടിക്കൊടുത്തു. അബ്ദുല്ല അല്ഗന്നാമാണ് ഗോളിന് വഴിയൊരുക്കിയത്.






