സെമി ഫൈനല്‍
സ്വീഡന് x സ്പെയിന്
ഓസ്ട്രേലിയ x ഇംഗ്ലണ്ട്
ബ്രിസ്ബെയ്ന്‍ - സഡന്‍ഡെത്തിലേക്ക് നീണ്ട ത്രില്ലിംഗ് ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 7-6 ന് തോല്പിച്ച് ആതിഥേയരായ ഓസ്ട്രേലിയ വനിതാ ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിലെത്തി. കൊളംബിയയെ 2-1 ന് തോല്പിച്ച യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായാണ് അവര്‍ സെമി കളിക്കുക. ഓസ്ട്രേലിയ ആദ്യമായാണ് ലോകകപ്പിന്റെ സെമിയിലെത്തുന്നത്.
ഇരു ടീമുകളും 10 വീതം കിക്കുകളെടുക്കുന്നതു കണ്ട ഷൂട്ടൗട്ടില്‍ കോട്നി വൈനാണ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. 120 മിനിറ്റ് നീണ്ട കളിയില്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ സാധിച്ചിരുന്നില്ല. വിക്കി ബെച്ചൊ ഫ്രാന്‍സിന്റെ പത്താമത്തെ കിക്ക് പാഴാക്കിയിരുന്നു. ഷൂട്ടൗട്ടിനായി ഫ്രാന്‍സ് പകരക്കാരി ഗോളി സോലീന് ഡുറാന്റിനെ കളത്തിലിറക്കിയിരുന്നു.
രണ്ടാം പകുതിയില്‍ അലീസിയ റൂസൊ നേടിയ ഗോളാണ് അവസാന ലാറ്റിനമേരിക്കന്‍ ടീമായ കൊളംബിയയെ കെട്ടുകെട്ടിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. തുടര്‍ച്ചയായ മൂന്നാമത്തെ ലോകകപ്പിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തുന്നത്. നിരവധി പ്രമുഖ കളിക്കാര്‍ പരിക്കു കാരണം നഷ്ടപ്പെട്ടതിനു പിന്നാലെ കൊളംബിയക്കു പിന്തുണ നല്കിയ മുക്കാല്‍ ലക്ഷത്തിലേറെ കാണികളെയും നേരിട്ടാണ് ഇംഗ്ലണ്ട് ജയിച്ചത്. ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് ലോറന് ഹെംപ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോളടിച്ചു.






