മഡ്രീഡ് - പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ഗോള്‍കീപ്പര്‍ തിബൊ കോര്‍ട്‌വ ശസ്ത്രക്രിയക്കൊരുങ്ങുന്ന സാഹചര്യത്തില്‍ സെവിയയുടെ മൊറോക്കൊ ഗോളി യാസീന്‍ ബൂനു റയല്‍ മഡ്രീഡിലേക്കെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ ഊഹാപോഹങ്ങള്‍ക്കിടയിലും സ്പാനിഷ് ലീഗിലെ പുതിയ സീസണ്‍ കിക്കോഫില്‍ ബൂനു സെവിയയുടെ ഗോള്‍വല കാത്തു. പത്തു പേരായിച്ചുരുങ്ങിയ സെവിയ 2-1 ന് വലന്‍സിയയുടെ യുവനിരയോട് തോറ്റു. ഇരുപത്തിരണ്ടുകാരന്‍ ഹാവി ഗ്വേര 88ാം മിനിറ്റില്‍ വിജയ ഗോളടിച്ചു. 80ാം മിനിറ്റില്‍ ഗോളിലേക്ക് കുതിച്ച ഹ്യൂഗൊ ദൂറെയെ ചവിട്ടിയിട്ടതിന് ഡിഫന്റര്‍ ലോയിക് ബാദെ ചുവപ്പ് കാര്‍ഡ് കണ്ടതാണ് സെവിയയെ തളര്‍ത്തിയത്.
കഴിഞ്ഞ സീസണില്‍ കഷ്ടിച്ച് തരംതാഴ്ത്തല്‍ ഒഴിവാക്കിയ ക്ലബ്ബാണ് വലന്‍സിയ. എഡിന്‍സന്‍ കവാനി, യൂനുസ് മൂസ, ജസ്റ്റിന്‍ ക്ലൈവര്‍ട്, നിക്കൊ ഗോണ്‍സാലസ് നിരവധി മുന്‍നിര കളിക്കാര്‍ സീസണിനു മുമ്പ് ക്ലബ്ബ് വിടുകയും ചെയ്തിരുന്നു.
കോര്‍ട്‌വക്ക് പകരക്കാരന്‍ വന്നാലും ആന്ദ്രെ ലൂനിനായിരിക്കും റയല്‍ ഗോള്‍വല കാക്കുകയെന്ന് കോച്ച് കാര്‍ലൊ ആഞ്ചലോട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇടതു കാലിന് ഗുരതരമായി പരിക്കേറ്റ മുപ്പത്തൊന്നുകാരന് മാസങ്ങളോളം വിട്ടുനില്‍ക്കേണ്ടി വരും. ലോകത്തെ മികച്ച ഗോളിക്കുള്ള യാഷിന്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷം കോര്‍ട്‌വക്കാണ് ലഭിച്ചത്.






