ജനീവ - ലിയണല്‍ മെസ്സിക്കു പിന്നാലെ പ്രിയ സുഹൃത്ത് നെയ്മാറും പി.എസ്.ജി വിടുന്നു. 2017 ല്‍ അന്നത്തെ ലോക റെക്കോര്‍ഡ് തുകക്ക് ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജിയിലെത്തിയ നെയ്മാര്‍ ഈ മാസം തന്നെ പുതിയ ലാവണം തേടുമെന്നാണ് സൂചന. പി.എസ്.ജി പുതിയ സീസണ് ആരംഭിക്കാനിരിക്കെയാണ് നെയ്മാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സൗദി ക്ലബ്ബുകളില്‍ നിന്ന് നെയ്മാറിന് വന്‍ തുകയുടെ ഓഫറുണ്ട്. പി.എസ്.ജിയില്‍ ബ്രസീലുകാരന് ലഭിക്കുന്ന പ്രതിഫലം അനുവദിക്കാനുള്ള ശേഷി സൗദി ക്ലബ്ബുകള്‍ക്കാണ്. ബാഴ്സലോണക്ക് പഴയ താരത്തെ തിരിച്ചുപിടിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അവര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെല്‍സിയും താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സൗദി ക്ലബ്ബ് നെയ്മാറിനെ സ്വന്തമാക്കുകയും ഒരു സീസണിലേക്ക് ബാഴ്സലോണക്ക് ലോണായി നല്‍കുകയും ചെയ്യുന്ന ഇടപാടും ചര്‍ച്ചയിലുണ്ട്. ബാഴ്സലോണ പരമാവധി നെയ്മാറിന് ഓഫര്‍ ചെയ്യുക 1.2 കോടി യൂറോയാണ്. നെയ്മാറിന് ഇപ്പോള്‍ കിട്ടുന്നതിന്റെ ചെറിയൊരു ശതമാനമാണ് ഇത്. ഒരു സൗദി ക്ലബ്ബ് നെയ്മാറുമായി നാലു വര്‍ഷത്തേക്ക് കരാറൊപ്പിടുകയും ആദ്യ വര്‍ഷം ബാഴ്സലോണക്കും ബാക്കി മൂന്നു വര്‍ഷം സൗദി ക്ലബ്ബിനും കളിക്കുന്ന ഇടപാടാണ് പരിഗണനയിലുള്ളത്. ആദ്യ വര്‍ഷം നെയ്മാറിന് ബാഴ്സലോണ നല്കുന്ന പ്രതിഫലത്തിന്റെ ബാക്കി സൗദി ക്ലബ്ബ് വഹിക്കണം. ഇങ്ങനെയൊരു ഇടപാടിലേ നെയ്മാറിനെ കൈയൊഴിയാന്‍ കഴിയൂ എന്ന വിശ്വാസത്തിലാണ് പി.എസ്.ജി. നെയ്മാര്‍ ക്ലബ്ബില്‍ തുടരുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ കോച്ച് ലൂയിസ് എന്റിക്വെ വിസമ്മതിച്ചു. എന്നാല്‍ കീലിയന്‍ എംബാപ്പെ ക്ലബ്ബില്‍ തുടരുമെന്നാണ് കരുതുന്നതെന്ന് കോച്ച് പറഞ്ഞു. ഇരുവരും ഇന്നലെ പരിശീലനത്തില്‍ പങ്കെടുത്തില്ല. വൈറല്‍ പനിയായതിനാല്‍ നെയ്മാര്‍ ഒറ്റക്ക് ഇന്‍ഡോറില്‍ പരിശീലനം നടത്തിയെന്നാണ് ക്ലബ്ബ് പറയുന്നത്. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി ഇന്ന് ലോറിയന്റുമായി കളിയാരംഭിക്കും. മറ്റൊരു പി.എസ്.ജി താരം മാര്‍ക്കൊ വെറാറ്റിയും സൗദി ക്ലബ്ബില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
മെസ്സിയെ കൈവിടുകയും എംബാപ്പെയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നെയ്മാറും ക്ലബ്ബ് വിടുന്നത് പി.എസ്.ജിയുടെ തുടക്കം താളം തെറ്റിക്കും. ബാഴ്സലോണയില്‍ നെയ്മാര്‍ കത്തിജ്വലിച്ചു നില്ക്കുന്ന കാലത്ത് അവിടെ കോച്ചായിരുന്നു എന്റിക്വെ. മെസ്സിയും നെയ്മാറും ലൂയിസ് സോറസുമുള്പ്പെടുന്ന ആക്രമണനിരയുടെ തോളിലേറിയാണ് 2014-15 സീസണില്‍ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും സ്പാനിഷ് കപ്പും നേടിയത്.
മെസ്സിയും എംബാപ്പെയും ലഭ്യമല്ലെങ്കില്‍ പോലും പി.എസ്.ജി നെയ്മാറിനെ അനിവാര്യമായി കാണുന്നില്ലെന്നാണ് സൂചന. 2017 ല്‍ നെയ്മാറിനെ പി.എസ്.ജിക്ക് കൈമാറിയ വകയില്‍ കിട്ടിയ വന്‍ തുകയുടെ പകുതിയും ബാഴ്സലോണ ചെലവിട്ടത് ഉസ്മാന് ദെംബെലെയെ കൊണ്ടുവരാനാണ്. അത് പ്രതീക്ഷിച്ച വിജയമായില്ല. ദെംബെലെ പി.എസ്.ജിയിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. പോര്‍ചുഗല്‍ ഫോര്‍വേഡ് ഗോണ്‍സാലൊ റാമോസിനെയും പി.എസ്.ജി ടീമിലെടുത്തിട്ടുണ്ട്.






