റെക്കോര്‍ഡ് തുകയുമായി ഹാരിയെ കാത്ത് ബയേണ്‍

മ്യൂണിക് - ഇംഗ്ലണ്ട് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ വരും സീസണുകളില്‍ ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ ജഴ്‌സിയിടും. ബുണ്ടസ്‌ലിഗ റെക്കോര്‍ഡായ 10 കോടി യൂറോ ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ച് ടോട്ടനവും ബയേണുമായി കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. ഇന്നലെയാണ് കെയ്ന്‍ നാലു വര്‍ഷത്തെ കരാറിന് സമ്മതിച്ചത്. മുമ്പ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെ ക്ലബ്ബുകള്‍ വട്ടമിട്ടപ്പോള്‍ കെയ്‌നിനെ വിട്ടുകൊടുക്കാന്‍ ടോട്ടനം തയാറായിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ കരാര്‍ പൂര്‍ത്തിയായാല്‍ കെയ്‌നിന് പുതിയ ക്ലബ്ബിലേക്ക് കൈയും വീശി ഇറങ്ങിപ്പോവാം. ട്രാന്‍സ്ഫര്‍ തുകയായി ചില്ലിക്കാശ് പോലും ടോട്ടനത്തിന് കിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്റ്റാര്‍ സ്‌ട്രൈക്കറെ ടോട്ടനം വൈമനസ്യത്തോടെയാണെങ്കിലും കൈയൊഴിയുന്നത്. അവസാനമായി വിദേശ ലീഗില്‍ കളിച്ച ഇംഗ്ലണ്ട് ക്യാപ്്റ്റന്‍ ഡേവിഡ് ബെക്കാമാണ്, 2006 ല്‍ റയല്‍ മഡ്രീഡിന്. ഇംഗ്ലണ്ട് കളിക്കാര്‍ പൊതുവെ പ്രീമിയര്‍ ലീഗിലാണ് കളിക്കാറ്. ജര്‍മന്‍ ക്ലബ്ബുകളാവട്ടെ പൊതുവെ വന്‍ തുകയുടെ കരാറുകള്‍ക്ക് പിറകെ പോവാറുമില്ല. 
കെയ്ന്‍ ഒരു പതിറ്റാണ്ടിലേറെയായി ടോട്ടനത്തിന്റെ ആക്രമണം നയിക്കുന്നു. പതിനൊന്നാം വയസ്സില്‍ ടോട്ടനം അക്കാദമിയിലെത്തിയ കെയ്ന്‍ 2011 ലാണ് സീനിയര്‍ ടീമില്‍ അരങ്ങേറുന്നത്. 430 മത്സരങ്ങള്‍ അവര്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ജഴ്‌സിയിലും ടോട്ടനം ജഴ്‌സിയിലും ഒരു പ്രധാന ട്രോഫി പോലും ഉയര്‍ത്താന്‍ കെയ്‌നിന് സാധിച്ചിട്ടില്ല. 2019 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയതാണ് ടോട്ടനത്തില്‍ കെയ്‌നിന്റെ പ്രധാന നേട്ടം. യൂറോ 2020 ല്‍ ഫൈനലിലെത്തിയത് ഇംഗ്ലണ്ട് ജഴ്‌സിയില്‍ പ്രധാന നേട്ടവും. വയസ്സ് 30 കടന്നിരിക്കെ ടോട്ടനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇനിയും കാത്തിരിക്കാനാവില്ല. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരില്‍ രണ്ടാം സ്ഥാനത്താണ് കെയ്ന്‍ -213 ഗോള്‍. അലന്‍ ഷിയററണ് (260) ഒന്നാം സ്ഥാനത്ത്. ജര്‍മന്‍ ലീഗിലേക്ക് ചേക്കേറുന്നതോടെ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരം കെയ്‌നിന് നഷ്ടപ്പെടും. ഇംഗ്ലണ്ടിന്റെ ഓള്‍ ടൈം ലീഡിംഗ് സ്‌കോററാണ്. 
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ടോട്ടനം എട്ടാം സ്ഥാനത്തായിരുന്നു. അതായത് ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലേക്ക് മാത്രമല്ല, ഒരു യൂറോപ്യന്‍ ടൂര്‍ണമെന്റിലേക്കും ടിക്കറ്റില്ല. 
പ്രീമിയര്‍ ലീഗില്‍ മൂന്നു തവണ ടോപ്‌സ്‌കോററായ കെയ്‌നിന്റെ വരവ് ബയേണ്‍ ആക്രമണത്തിന് ഊര്‍ജം പകര്‍ന്നേക്കും. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി ക്ലബ്ബ് വിട്ട ശേഷം ബയേണ്‍ ഗോള്‍ വരള്‍ച്ച നേരിടുകയാണ്. കഴിഞ്ഞ സീസണില്‍ തലനാരിഴക്കാണ് ലീഗ് കിരീടം നിലനിര്‍ത്തിയത്. പുതിയ സീസണ്‍ അടുത്തയാഴ്ചയാണ് തുടങ്ങുന്നത്. 18 ന് വെര്‍ദര്‍ ബ്രേമനുമായാണ് ബയേണിന്റെ ആദ്യ കളി. 

 

Latest News