ഓക്‌ലന്റ് - നാടകീയത നിറഞ്ഞ ഈ വര്‍ഷത്തെ വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ പുതിയ കൈകളില്‍ കിരീടമുയരും. സ്വീഡനോട് 1-2 ന് 2011 ലെ ചാമ്പ്യന്മാരായ ജപ്പാനും തോറ്റതോടെ മുന്‍ ചാമ്പ്യന്മാരെല്ലാം കെട്ടുകെട്ടിക്കഴിഞ്ഞു. എക്‌സ്ട്രാ ടൈമില്‍ നെതര്‍ലാന്റ്‌സിനെ അതേ മാര്‍ജിന് തോല്‍പിച്ച സ്‌പെയിനുമായാണ് സ്വീഡന്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടുക. കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ അമേരിക്ക പ്രി ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. കിരീടം നേടിയ മറ്റു ടീമുകളായ ജര്‍മനിയും നോര്‍വെയും ഗ്രൂപ്പ് ഘട്ടം കടന്നില്ല. ഇന്ന് അവസാന ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ആതിഥേയരായ ഓസ്‌ട്രേലിയയുമായും കൊളംബിയ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനോട് 0-4 ന് തകര്‍ന്ന ശേഷം ഉയിര്‍ത്തെഴുന്നേറ്റ സ്‌പെയിന്‍ നിലവിലെ റണ്ണേഴ്‌സ്അപ്പായിരുന്ന നെതര്‍ലാന്റ്‌സിനെ മറികടന്നാണ് സ്‌പെയിന്‍ ആദ്യമായി സെമിയിലേക്ക് മുന്നേറിയത്. ടീനേജര്‍ സല്‍മ പരാലുയേലുവാണ് എക്‌സ്ട്രാ ടൈമില്‍ വിജയം കണ്ടെത്തിയത്. ആദ്യ പകുതി വാണ സ്‌പെയിനിന് രണ്ടു തവണ ക്രോസ് ബാര്‍ തടസ്സമായി. ഒടുവില്‍ വല കുലുങ്ങിയപ്പോള്‍ വീഡിയൊ റിവ്യൂവില്‍ ഗോളകന്നു. രണ്ടാം പകുതിയില്‍ നെതര്‍ലാന്റ്‌സിന് കിട്ടിയ പെനാല്‍ട്ടിയും വീഡിയൊ റിവ്യൂവില്‍ തട്ടി ഇല്ലാതായി. ഒമ്പത് മിനിറ്റ് ശേഷിക്കെ പെനാല്‍ട്ടിയില്‍ നിന്നാണ് സ്‌പെയിന്‍ ലീഡ് നേടിയത്. സല്‍മയുടെ ക്രോസ് സ്‌റ്റെഫാനി വാന്‍ഡര്‍ഗ്രാടിന്റെ കൈയില്‍ തട്ടിയതിന് കിട്ടിയ പെനാല്‍ട്ടി മരിയോണ കാല്‍ഡന്റെ ലക്ഷ്യത്തിലെത്തിച്ചു. ഡച്ച് ജഴ്‌സിയിലെ അവസാന മത്സരം കളിക്കുന്ന വാന്‍ഡര്‍ഗ്രാട് അതിന് പ്രായശ്ചിത്തം ചെയ്തു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഗോള്‍ മടക്കി. എക്‌സ്ട്രാ ടൈമില്‍ നിറഞ്ഞു കളിച്ചത് ഡച്ചായിരുന്നു. പക്ഷെ പകരക്കാരി സല്‍മയിലൂടെ സ്‌പെയിനാണ് വിജയം പിടിച്ചത്.
ജപ്പാനെതിരെ ആദ്യ പകുതിയില്‍ അമാന്‍ഡ ഇലസ്റ്റഡും രണ്ടാം പകുതിയുടെ തുടക്കത്തില്‍ പെനാല്‍ട്ടിയിലൂടെ ഫിലിപ്പ എയ്ഞ്ചല്‍ദാലുമാണ് സ്വീഡന്റെ ഗോളടിച്ചത്. കളി തീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ ഹൊനോക്ക ഹയാഷി സ്‌കോര്‍ ചെയ്തതോടെ ജപ്പാന്‍ സമനില ഗോളിനായി ഇരമ്പിക്കയറി. ഈഡന്‍പാര്‍ക്കിലെ 43,000 പേരിരുന്ന ഗാലറി ആവേശത്തോടെയാണ് അവസാന നിമിഷങ്ങള്‍ വീക്ഷിച്ചത്. എഴുപത്താറാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി ജപ്പാന്‍ പാഴാക്കി. റികൊ ഉയേകിയുടെ ഷോട്ട് ക്രോസ്ബാറിനടിയില്‍ തട്ടിത്തെറിച്ചു. ഉയേകി തന്നെ ഹെഡ് ചെയ്‌തെങ്കിലും ഉയര്‍ന്നു പോയി. 87ാം മിനിറ്റില്‍ ഹയാഷിയുടെ മറ്റൊരു ഷോട്ട് ക്രോസ്ബാറിനെ വിറപ്പിച്ചു. പ്രി ക്വാര്‍ട്ടറില്‍ അമേരിക്കയെ തോല്‍പിക്കാന്‍ സ്വീഡന് ഷൂട്ടൗട്ട് വേണ്ടിവന്നിരുന്നു. ലോക മൂന്നാം നമ്പറായ സ്വീഡനാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഉയര്‍ന്ന റാങ്കുകാര്‍.






