ബേണ്‍ലി-മാഞ്ച. സിറ്റി
വെള്ളിയാഴ്ച രാത്രി 10.00
മാഞ്ചസ്റ്റര്‍ - ഹാട്രിക് കിരീടം നേടിയതിന്റെ ആഘോഷങ്ങള്‍ അവസാനിപ്പിക്കാം, കിരീടങ്ങള്‍ നിലനിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്കായി കച്ച മുറുക്കാം. ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും എഫ്.എ കപ്പും നേടിയ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിനു ശേഷം സിറ്റി വെള്ളിയാഴ്ച പുതിയ സീസണിനായി ബൂട്ട് കെട്ടുന്നു. പ്രീമിയര്‍ ലീഗ് കിക്കോഫില്‍ ബേണ്‍ലിയിലാണ് സിറ്റി ഇറങ്ങുക. തുടര്‍ച്ചയായി നാലു തവണ പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ആദ്യ ടീമാവുകയാണ് അവരുടെ ലക്ഷ്യം.
കഴിഞ്ഞ സീസണില്‍ അവസാന വളവിലാണ് അവര്‍ ആഴ്‌സനലിനെ മറികടന്നത്. ഈ സീസണിലും സിറ്റിക്ക് വെല്ലുവിളി സമ്മാനിക്കാന്‍ കെല്‍പുള്ള ടീം ആഴ്‌സനലാണ്. കഴിഞ്ഞ ദിവസം കമ്യൂണിറ്റി ഷീല്‍ഡില്‍ സിറ്റിയെ അവര്‍ ടൈബ്രേക്കറില്‍ തോല്‍പിച്ചിരുന്നു. ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെയാണ് ആഴ്‌സനലിന്റെ ആദ്യ കളി.
ചെല്‍സിക്കും ലിവര്‍പൂളിനും കഴിഞ്ഞ സീസണ്‍ കൊടിയ നിരാശയുടേതായിരുന്നു. ആ തിരിച്ചടിയില്‍ നിന്ന് അവര്‍ക്ക് തിരിച്ചുവരാനാവുമോയെന്നാണ് അറിയേണ്ടത്. ആദ്യത്തെ വമ്പന്‍ പോരാട്ടത്തില്‍ ഞായറാഴ്ച ചെല്‍സിയുടെ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ഈ ടീമുകള്‍ മുഖാമുഖം വരും.
സിറ്റി കാര്യമായ ചില മാറ്റങ്ങളുമായാണ് ഇറങ്ങുക. ക്യാപ്റ്റന്‍ ഇല്‍കേ ഗുണ്ടോഗന്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറി. റിയാദ് മഹ്‌റേസ് സൗദി അല്‍അഹ്‌ലിയിലേക്കും. കയ്ല്‍ വാക്കറിനെയും ബെര്‍ണാഡൊ സില്‍വയെയും നിലനിര്‍ത്താന്‍ പെടാപ്പാട് വേണ്ടി വന്നു. ക്രൊയേഷ്യക്കാരായ മാറ്റിയൊ കൊവാസിച്ചും ജോസ്‌കൊ ഗ്വാര്‍ദിയോളുമാണ് പുതുതായി എത്തിയ കളിക്കാര്‍.
സിറ്റി ഇതിഹാസം വിന്‍സന്റോ കോമ്പനിയാണ് ബേണ്‍ലിയുടെ കോച്ച്. സിറ്റിയുടെ ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് കോമ്പനിയുടെ പ്രതിമയുണ്ട്. ഗാഡിയോളയില്‍ നിന്ന് കോച്ചിംഗ് പാഠങ്ങള്‍ അഭ്യസിച്ച കോമ്പനി ബേണ്‍ലിയെ മികച്ച ടീമായി വാര്‍ത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിലെ എഫ.എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബേണ്‍ലിയെ 6-0 ന് സിറ്റി തകര്‍ത്തിരുന്നു.
കോച്ചായി മൗറിസിയൊ പോകറ്റീനൊ ചുമതലയേറ്റതാണ് ചെല്‍സിക്ക് പ്രതീക്ഷ. എന്നാല്‍ ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന് ഗുരുതരമായി പരിക്കേറ്റത് അവര്‍ക്ക് കനത്ത ക്ഷീണമായി. ലിവര്‍പൂളിന്റെ മധ്യനിര ഒന്നാകെ സ്ഥലം വിട്ടു കഴിഞ്ഞു. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സനും ഫാബിഞ്ഞോയും ജെയിംസ് മില്‍നറും നബി കീത്തയും അലക്‌സ് ഓക്‌സാള്‍ഡ് ചെയ്മ്പര്‍ലെയ്‌നും റോബര്‍ടൊ ഫിര്‍മിനോയുമൊക്കെ പുതിയ ലാവണങ്ങള്‍ തേടി. അലക്‌സ് മക്കാലിസ്റ്ററും ഡൊമിനിക് സോബോസ്ലായിയും മാത്രമേ പുതുതായി എത്തിയിട്ടുള്ളൂ.
ഒരു പതിറ്റാണ്ടിനിടയിലെ ആദ്യ ലീഗ് കിരീടമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലക്ഷ്യം വെക്കുന്നത്. പുതുതായി ടീമിലെത്തിയ ഡെന്മാര്‍ക്കുകാരന്‍ റാസ്മസ് ഹോയ്‌ലന്റ് പരിക്കേറ്റു കിടക്കുകാണ്.






