കൊച്ചി - ഇന്ത്യന്‍ ടീമംഗമായ ഇശാന്‍ പണ്ഡിറ്റ അടുത്ത ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് കളിക്കും. രണ്ടു വര്‍ഷത്തേക്കാണ് ഇരുപത്തഞ്ചുകാരന്‍ കരാറൊപ്പിട്ടിരിക്കുന്നത്. ബംഗളൂരുവില്‍ കളി പഠിച്ച ഇശാന്‍ പതിനാറാം വയസ്സില്‍ 2014 ല്‍ സ്‌പെയിനിലേക്ക് പോയതോടെയാണ് മികച്ച കളിക്കാരനായി മാറിയത്.
സ്‌പെയിനില്‍ അല്‍കൊബെന്‍ഡാസിന്റെ യൂത്ത് ടീമുകളിലാണ് തുടങ്ങിയത്. ലാ ലിഗ ക്ലബ്ബുകളായ അല്‍മീരിയയുടെയും ലെഗാനീസിന്റെയും യൂത്ത് ടീമുകള്‍ക്ക് കളിച്ചു. 2020 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയും എഫ്.സി ഗോവയില്‍ ചേരുകയും ചെയ്തു. 11 കളികളില്‍ അവര്‍ക്കു വേണ്ടി നാല് ഗോളടിച്ചു. പിന്നീട് രണ്ടു വര്‍ഷം ജാംഷഡ്പൂര്‍ എഫ്.സിക്കൊപ്പമായിരുന്നു. ഐ.എസ്.എല്ലിലും സൂപ്പര്‍ കപ്പിലും എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലുമായി ക്ലബ്ബ് കരിയറില്‍ അമ്പതിലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 10 ഗോളടിച്ചു.
2021 ലാണ് ആദ്യമായി ഇന്ത്യന്‍ ടീമില്‍ നിന്ന് ക്ഷണം വന്നത്. ഇപ്പോള്‍ സ്ഥിരം സാന്നിധ്യമാണ്.






