ഗുവാഹതി - മുന്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ ചെന്നൈയന്‍ എഫ്.സി ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പിച്ചു. ജോര്‍ദാന്‍ മറെയുടെയും കോണോര്‍ ഷീല്‍ഡ്‌സിന്റെയും ഗോളുകളായിരുന്നു ചെന്നൈയന്റെ പ്രധാന ആയുധം. ഒന്ന് സെല്‍ഫ് ഗോളായിരുന്നു. മലയാളി ഡിഫന്റര്‍ അലക്‌സ് സജിയുടെ വക. ചിന്‍ഗ്ലന്‍സേനാ സിംഗ് പെനാല്‍ട്ടിയില്‍ നിന്ന് ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തു.
തുടക്കത്തില്‍ തന്നെ റഫറി പെനാല്‍ട്ടിക്ക് വിസിലൂതുന്നതു കണ്ടാണ് കളി തുടങ്ങിയത്. ഹിതേഷ് ശര്‍മയെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടി അനായാസം ചിന്‍ഗ്ലന്‍സേന ഗോളാക്കി. ആറാം മിനിറ്റില്‍ ചെന്നൈയന്‍ ഗോള്‍ മടക്കി. ഫറൂഖ് ചൗധരിയുടെ മനോഹരമായ ക്രോസ് അലക്‌സ് സജി സ്വന്തം പോസ്റ്റിലേക്ക് തള്ളി.






