മ്യൂണിക് - ഇംഗ്ലണ്ട് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിലേക്ക്. 10 കോടി യൂറോ ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ച് ടോട്ടനവും ബയേണുമായി ധാരണയിലെത്തിക്കഴിഞ്ഞു. ഇനി വേണ്ടത് കെയ്‌നിന്റെ സമ്മതം മാത്രം. ഏതു തീരുമാനവും കെയ്‌നിന് പ്രയാസകരമായിരിക്കും. 2004 മുതല്‍ കെയ്ന്‍ ടോട്ടനം ജഴ്‌സിയിലാണ്. ഒന്നരപ്പതിറ്റാണ്ടായി അവരുടെ ആക്രമണം നയിക്കുന്നു. എന്നാല്‍ കരിയറില്‍ ഒരു ട്രോഫി പോലും ഉയര്‍ത്താന്‍ കെയ്‌നിന് സാധിച്ചിട്ടില്ല. വയസ്സ് 30 കടന്നിരിക്കെ ടോട്ടനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇനിയും കാത്തിരിക്കാനാവില്ല. ടോട്ടനവുമായി കെയ്‌നിന് ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ട്. ഈ സീസണ്‍ പൂര്‍ത്തിയായാല്‍ കെയ്‌നിന് വെറുംകൈയുമായി ഇറങ്ങിപ്പോവാം.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരില്‍ രണ്ടാം സ്ഥാനത്താണ് കെയ്ന്‍ -213 ഗോള്‍. അലന്‍ ഷിയററണ് (260) ഒന്നാം സ്ഥാനത്ത്. ജര്‍മന്‍ ലീഗിലേക്ക് ചേക്കേറുന്നതോടെ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരം കെയ്‌നിന് നഷ്ടപ്പെടും.
2019 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയതാണ് ടോട്ടനത്തില്‍ കെയ്‌നിന്റെ പ്രധാന നേട്ടം. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ടോട്ടനം എട്ടാം സ്ഥാനത്തായിരുന്നു. അതായത് ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലേക്ക് മാത്രമല്ല, ഒരു യൂറോപ്യന്‍ ടൂര്‍ണമെന്റിലേക്കും ടിക്കറ്റില്ല.
കെയ്ന്‍ മൂന്നു തവണ പ്രീമിയര്‍ ലീഗില്‍ ടോപ്‌സ്‌കോററായിരുന്നു. കെയ്‌നിന്റെ വരവ് ബയേണ്‍ ആക്രമണത്തിന് ഊര്‍ജം പകര്‍ന്നേക്കും. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി ക്ലബ്ബ് വിട്ട ശേഷം കൊണ്ടുവന്ന സെനഗാല്‍ സ്‌ട്രൈക്കര്‍ സാദിയൊ മാനെ നിരാശപ്പെടുത്തിയിരുന്നു. മാനെയെ ബയേണ്‍ ടീം സൗദി ക്ലബ്ബ് അന്നസ്‌റിന് കൈമാറി. ഗോള്‍വ്യത്യാസത്തിന്റെ നേരിയ ബലത്തിലാണ് ബയേണ്‍ കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരായത്. രണ്ടു വര്‍ഷം മുമ്പ് 41 ഗോളടിച്ച് ലെവന്‍ഡോവ്‌സ്‌കി ടോപ്‌സ്‌കോററായ സ്ഥാനത്ത് കഴിഞ്ഞ സീസണില്‍ ബയേണിന്റെ ടോപ്‌സ്‌കോറര്‍ 14 ഗോളടിച്ച സെര്‍ജി ഗനാബ്രിയാണ്.
ഡേവിഡ് ബെക്കാം 2006 ല്‍ റയല്‍ മഡ്രീഡിലേക്ക് പോയ ശേഷം ഒരു സ്ഥിരം ഇംഗ്ലണ്ട് ക്യാപ്റ്റനും പ്രീമിയര്‍ ലീഗിന് പുറത്ത് കളിച്ചിട്ടില്ല. ഏറ്റവും അവസാനം കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീമില്‍ എല്ലാവരും പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരായിരുന്നു.






