Sorry, you need to enable JavaScript to visit this website.

ആ ഫോട്ടോയുടെ പിന്നിലെ പ്രണയം പറഞ്ഞ് റാകിറ്റിച്

ലോകകപ്പില്‍ അദ്ഭുതം സൃഷ്ടിച്ച് തിരിച്ചെത്തിയ ക്രൊയേഷ്യന്‍ ടീമിന് സാഗരിബില്‍ നല്‍കിയ വീരോചിത സ്വീകരണത്തില്‍ ഒരു ചിത്രം വേറിട്ടുനിന്നു. പരേഡിനിടെ തുറന്ന ബസ്സില്‍ തന്റെ പ്രിയതമയെ കോരിയെടുത്ത് ഇവാന്‍ റാകിറ്റിച് ചുണ്ടില്‍ ഉമ്മ കൊടുക്കുന്ന ദൃശ്യം ആരാധക ഹൃദയങ്ങളെ കീഴടക്കി. പ്രണയത്തിന്റെയും നേട്ടത്തിന്റെയും അംഗീകാരത്തിന്റെയും ആഹ്ലാദത്തിന്റെയും സംതൃപ്തിയുടെയുമൊക്കെ നേര്‍ചിത്രമായിരുന്നു അത്.
റാക്വേല്‍ മോറി എന്ന സ്പാനിഷ് സുന്ദരിയെ സെവിയയിലെ ഒരു ബാറില്‍ വെച്ച് താന്‍ കണ്ടെത്തിയ കഥ തുറന്നു പറയാന്‍ അതോടെ റാകിറ്റിച് നിര്‍ബന്ധിതനായി. 2011 ലായിരുന്നു ആ കൂടിക്കാഴ്ച. ജര്‍മന്‍ ക്ലബ് ഷാള്‍ക്കെയില്‍ നിന്ന് സ്‌പെയിനിലെ സെവിയയില്‍ ചേരാന്‍ ജ്യേഷ്ഠനൊപ്പമെത്തിയതായിരുന്നു റാകിറ്റിച്. രാത്രി ഉറക്കം വരാതിരുന്നപ്പോള്‍ ഹോട്ടലിലെ ബാറില്‍ പോയി ഒരു കാപ്പി കഴിക്കാമെന്ന് വെച്ചു. കാപ്പി കൊണ്ടുവന്ന പരിചാരികയെ റാകിറ്റിച്ചിന് മറക്കാനായില്ല. ആ ബാറില്‍ നിന്ന് റാകിറ്റിച് കുടിച്ച കാപ്പിക്ക് കണക്കില്ല. പക്ഷെ റാകിറ്റിച്ചിന്റെ പ്രണയാഭ്യര്‍ഥനകളൊക്കെ മോറി നിരസിച്ചു കൊണ്ടിരുന്നു. ഏഴു മാസത്തെ ശ്രമത്തിനൊടുവിലാണ് ആ പ്രണയം പൂവണിഞ്ഞത്. ഇപ്പോള്‍ റാകിറ്റിച്ചിനും മോറിക്കും രണ്ടു പെണ്‍മക്കളുണ്ട്.
കഴിഞ്ഞ യൂറോപ്യന്‍ സീസണില്‍ ഏറ്റവുമധികം സമയം കളത്തില്‍ ചെലവിട്ട കളിക്കാരനാണ് റാകിറ്റിച്. ക്രൊയേഷ്യയുടെ ലോകകപ്പിലെ മുന്നേറ്റത്തില്‍ ലൂക മോദ്‌റിച്ചിനോളം പങ്കുണ്ട് റാകിറ്റിച്ചിന്. ക്രൊയേഷ്യ രണ്ടു തവണ പെനാല്‍ട്ടി ഷൂട്ടൗട്ട് നേരിട്ടപ്പോഴും അവസാന കിക്കെടുത്തത് റാകിറ്റിച്ചായിരുന്നു. ഇനിയെസ്റ്റയെ പോലെ എന്‍ഗോലൊ കാണ്ടെയെ പോലെ നിശ്ശബ്ദനായ കഠിനാധ്വാനിയുടെ റോളാണ് റാകിറ്റിച്ചിന്. സ്വിറ്റ്‌സര്‍ലന്റിലാണ് റാകിറ്റിച് വളര്‍ന്നത്. സ്വിറ്റ്‌സര്‍ലന്റിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചിരുന്നു. റാകിറ്റിച് ക്രൊയേഷ്യന്‍ താരമായത് മറ്റൊരു കഥയാണ്. 
 

Latest News