അഞ്ജന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക്;  സഹായവുമായി അദീബ് അഹമ്മദ്

കൊച്ചി- റുമാനിയയില്‍ ഓഗസ്റ്റില്‍ നടക്കുന്ന ലോക  പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍  പങ്കെടുക്കാന്‍ കോഴിക്കോട് സ്വദേശിനി വി.കെ അഞ്ജന കൃഷ്ണന് ഇനി പറക്കാം. ലുലു ഫിനാള്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദ് സഹായം നല്‍കിയതോടെയാണ് അഞ്ജനയുടെ പ്രതീക്ഷകള്‍ക്ക് ചിറക് വെച്ചത്. 
അഞ്ചുതവണ ദേശീയ ചാമ്പ്യന്‍, രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യന്‍, സ്‌ട്രോങ് വുമണ്‍ ഓഫ് കേരള, ഇന്ത്യ, ഏഷ്യ പട്ടങ്ങള്‍ ഒട്ടേറെ തവണ നേടിയ കോഴിക്കോട് ഈസ്റ്റ് തളിയില്‍ അഞ്ജനാഞ്ചലിയില്‍ അഞ്ജന കൃഷ്ണന് ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാണെന്നാണ് കോച്ചു കൂടിയായ അച്ഛന്‍ അനില്‍ കരുതുന്നത്. എന്നാല്‍ യാത്രാ ചെലവ് ബാധ്യത ആയതോടെ പ്രതീക്ഷകള്‍ മങ്ങുമോ എന്ന ആശങ്കയിലായിരുന്നു. 
കൊച്ചിയിലെ ലുലു ഫോറെക്‌സിന്റെ  ആസ്ഥാന മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ അദീബ് അഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം  ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ് മൂന്നര ലക്ഷം രൂപയുടെ ചെക്ക് അഞ്ജന കൃഷ്ണനും അനിലിനും കൈമാറി. 
നിരവധി തവണ കടം വാങ്ങി മത്സരത്തില്‍ പോയ ഇനത്തില്‍ ബാധ്യതയുള്ളപ്പോഴാണ് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത ലഭിച്ചതെന്നും അദീബ് അഹമ്മദിനോടും, ലുലു ഫോറെക്‌സിനോടും നന്ദിയുണ്ടെന്നും അഞ്ജനയും പിതാവ് അനിലും അറിയിച്ചു.

Latest News