ദുബായ്- ചലചിത്ര സംവിധായകൻ സിദ്ദീഖിന്റെ വേർപാടിൽ ദുഃഖിതനായി ദുബായിൽ ആർട്ടിസ്റ്റായ ബഷീർ അഴീക്കോട്. സിദ്ദീഖും ലാലും സ്റ്റേജ് പരിപാടികളുമായി യു.എ.ഇയിൽ വരുമ്പോഴെല്ലാം ബഷീറായിരുന്നു സ്‌റ്റേജ് ഒരുക്കുന്നതിൽ സഹായി. ഫഌക്‌സ് സംവിധാനം വരുന്നതിനു മുമ്പ് സ്റ്റേജിലെ പടങ്ങളും ചിത്രങ്ങളും വാചകങ്ങളുമെല്ലാം കൈകൊണ്ട് എഴുതിയാണ് ഒരുക്കിയിരുന്നത്. ഇങ്ങനെയുള്ള ജോലിയിൽ പരിചയ സമ്പന്നനായ ബഷീർ സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിനുവേണ്ടി ഒരുപാട് വേദികളുടെ നിർമാണത്തിൽ പങ്കാളിയായിരുന്നു. സിദ്ദീഖിനെ പോലെ മനുഷ്യസ്‌നേഹിയായ മറ്റൊരു കലാകാരനെ കണ്ടെത്താൻ പ്രയാസമാണെന്നും അദ്ദേഹത്തിന്റെ വേർപാട് ഏറെ വ്യസനമാണ് തനിക്കു സമ്മാനിച്ചതെന്നും ബഷീർ പറഞ്ഞു. പിന്നീട് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും സിനിമാ രംഗത്തെ പ്രമുഖരെ പരിചയപ്പെടുന്നതിനുമെല്ലാം ഏറെ സഹായങ്ങൾ സിദ്ദീഖ് നൽകിയിട്ടുണ്ടെന്നും ബഷീർ അനുസ്മരിച്ചു.






